ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചൂട് പിടിക്കുന്നത്. സീം ബൗളിങിന് അനുകൂലമാണ് പിച്ചെങ്കില്‍ ഇന്ത്യയുടെ ഭാവി എന്താവുമെന്നും ഇന്ത്യ ആരൊയെക്കെ കളിപ്പിക്കുമെന്നുമാണ് ചോദ്യം.
സ്പിന്‍ ബൗളിങിന് അനുകൂലമായിരിക്കും പിച്ചെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റായതിനാല് തന്നെ പേസര്‍മാര്‍ക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കും. അങ്ങനെയെങ്കില്‍ മൂന്നു പേസര്‍മാരെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സറ്റേഡിയം പുതുക്കിപ്പണിത ശേഷം ഇവിടെ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മല്‍സരം കൂടിയാണ് പിങ്ക് ബോള്‍ ടെസ്റ്റ്.
രണ്ടാം ടെസ്റ്റില്‍ വിശ്രമമനുവദിക്കപ്പെട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമെന്നുറപ്പായിട്ടുണ്ട്. അങ്ങനെയെങ്കില്‍ മുഹമ്മദ് സിറാജിനാവും സ്ഥാനം നഷ്ടമാവുക. മൂന്നു പേസര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കി പേസ് ബൗളിങ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയെയും ഇന്ത്യ ഇറക്കിയേക്കും. ഹാര്‍ദിക്കിന്റെ വരവ് ഇന്ത്യന്‍ ബാറ്റിങിന് കൂടുതല്‍ ആഴം നല്‍കുമെന്ന് ടീം മാനേജ്മെന്റ് കണക്കുകൂട്ടുന്നു.
ശസ്ത്രക്രിയക്കു വിധേനയായ ശേഷം ഹാര്‍ദിക്കിനെ ബൗളിങില്‍ ഇന്ത്യ അധികം ആശ്രയിക്കാറില്ല. എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ അദ്ദേഹം കളിക്കുകയാണെങ്കില്‍ ബൗളിങിലും കൂടുതല്‍ ഓവറുകള്‍ എറിയാനിടയുണ്ട്. നെറ്റ്സില്‍ പിങ്ക് ബോള്‍ കൊണ്ട് ഹാര്‍ദിക് ബൗളിങ് പരിശീലനം നടത്തുന്നുണ്ട്. ഈ പരമ്പരയിലും കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലുമൊന്നും ഹാര്‍ദിക് കളിച്ചിരുന്നില്ല. നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള ഹാര്‍ദിക്കിന്റെ മടങ്ങിവരവിന് പിങ്ക് ബോള്‍ ടെസ്റ്റ് വേദിയായേക്കും.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ബെര്‍ത്തിനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ് ഇനിയുള്ള രണ്ടു ടെസ്റ്റുകള്‍. ഓരോ ജയവും സമനിലയും നേടിയാല്‍ ഇന്ത്യക്കു ന്യൂസിലാന്‍ഡുമായി ഫൈനല്‍ കളിക്കാം. എന്നാല്‍ രണ്ടു ടെസ്റ്റുകളും ജയിച്ചാല്‍ ഇംഗ്ലണ്ടാവും ഫൈനലിലെത്തുക. പരമ്പര സമനിലയില്‍ പിരിഞ്ഞാല്‍ ഓസ്ട്രേലിയക്കു ഫൈനലിലേക്കു മുന്നേറാം.
പിങ്ക് ബോള്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്-
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ആര് അശ്വിന്, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ.