മുംബൈ: സ്‌പോര്‍ട്‌സ് സംപ്രേക്ഷണാവകാശത്തില്‍ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഉപഭൂഖണ്ഡത്തിലെ കിരീടം വെയ്ക്കാത്ത രാജാക്കന്‍മാരാണ്. ഇംഗ്ലണ്ടിലെയും, ഓസ്‌ട്രേലിയയിലെയും അവകാശങ്ങള്‍ കൂടി നേടിയതോടെയാണ് ഈ പദവി. പക്ഷെ ഇതുകൊണ്ടൊന്നും സോണി തൃപ്തരല്ല. ക്രിക്കറ്റ് സംപ്രേക്ഷണത്തിലെ ലോക രാജാവാകാനാണ് സോണി കൊതിക്കുന്നത്, അതിന് ഇന്ത്യയിലെ അവകാശം കൂടി ലഭിക്കണമെന്നാണ് സോണി സ്‌പോര്‍ട്‌സ് പ്രസിഡന്റ് രാജേശ് കൗള്‍ വ്യക്തമാക്കുന്നത്.
സ്‌പോണ്‍സര്‍മാരും, പരസ്യദാതാക്കളും നിറഞ്ഞ രാജ്യത്തെ വമ്പന്‍ മാര്‍ക്കറ്റിലേക്കാണ് സോണിയുടെ കണ്ണേറ്. പ്രധാന ക്രിക്കറ്റ് പരമ്പരകള്‍ക്കായി മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്യുന്നതാണ് ഇന്ത്യയിലെ പതിവ്. ഇന്ത്യയില്‍ നടക്കുന്ന ഹോം മാച്ചുകളുടെ സംപ്രേക്ഷണ അവകാശം നിലവില്‍ സ്റ്റാര്‍ ഇന്ത്യയുടെ പക്കലാണ്. 2018 മാര്‍ച്ച് വരെ ഇത് ലഭിക്കാന്‍ സ്റ്റാര്‍ ഇന്ത്യ പൊടിച്ചത് 757.6 മില്ല്യണ്‍ ഡോളറാണ്. മാര്‍ച്ച് 27ന് പുതിയ ലേലംവിളി ആരംഭിക്കുമ്പോള്‍ രണ്ട് പ്രധാന എതിരാളികള്‍ അവകാശത്തിനായി ഏറ്റുമുട്ടും.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേക്ഷണ അവകാശം സോണി കോര്‍പ്പിന്റെ എസ്പിഎന്‍ നഷ്ടമാക്കിയിരുന്നു. സ്റ്റാര്‍ ഇന്ത്യയാണ് അവിടെയും വെന്നിക്കൊടി പാറിച്ചത്. ഇതിന് ശേഷം ഇംഗ്ലണ്ടും, ഓസ്‌ട്രേലിയയും പിടിച്ച് ടെസ്റ്റ് കളിക്കുന്ന ഏഴ് രാജ്യങ്ങളില്‍ സോണി നിലയുറപ്പിച്ചിട്ടുണ്ട്. പല ഗെയിമുകളും ഇന്ത്യയിലേക്ക് വരുന്നുണ്ടെങ്കിലും ക്രിക്കറ്റ് തന്നെയാണ് ഇപ്പോഴും മുന്നിലെന്ന് രാജേഷ് കൗള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം 163.48 ബില്ല്യണ്‍ രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ഐപിഎല്ലിന്റെ ആഗോള അവകാശം അടുത്ത അഞ്ച് വര്‍ഷത്തേക്ക് പിടിച്ചത്. റഷ്യയില്‍ ഈ വര്‍ഷം നടക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പും സോണിയാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ കൂടി കൈപതിപ്പിക്കാന്‍ കഴിഞ്ഞാല്‍ സോണിയുടെ അധീശത്വം സമ്പൂര്‍ണ്ണമാകും.