ദില്ലി: ലോകകപ്പ് ഫൈനലാണോ ഇന്ത്യ - പാക് മത്സരമാണോ വലുത്. ക്രിക്കറ്റ് ഒരു സാധാരണ കളിയാണ് എന്ന് സമ്മതിക്കുന്ന ആരും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ രണ്ടുവട്ടം ചിന്തിക്കും. ലോകകപ്പിനെക്കാള്‍ വലുതാണ് ആളുകള്‍ ഇന്ത്യ - പാകിസ്താന്‍ മത്സരം. പറയുന്നത് മറ്റാരുമല്ല. പാകിസ്താന്റെ കുന്തമുനയായിരുന്ന ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തറാണ്.
ലോകകപ്പില്‍ ഇത് വരെ ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല. ദൈവം തുണച്ചാല്‍ ഇത്തവണ അത് സാധിക്കും. 1.3 ബില്യണ്‍ ആളുകളാണ് ഈ കളി കാത്തിരിക്കുന്നത്. ടെന്‍ഷന്‍ സഹിക്കാനാവില്ല. സാധാരണ കളിയുടെ ഇരട്ടിയോളം വരും അത്. ഒരുപാട് ആളുകള്‍ക്ക് ലോകകപ്പ് ഫൈനലിനെക്കാള്‍ വലുതാണ് ഇന്ത്യ - പാക് മത്സരം - ദില്ലിയില്‍ സംസാരിക്കുകയായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസ്.

1992 ല്‍ തുടങ്ങിയതാണ് ഇന്ത്യയുമായി പാകിസ്താന്റെ ലോകകപ്പ് മത്സരം. അത്തവണ ചാമ്പ്യന്മാരായെങ്കിലും പാകിസ്താന്‍ ഇന്ത്യയോട് തോറ്റു. പിന്നീട് 4 തവണ കൂടി ഇന്ത്യയും പാകിസ്താനും പരസ്പരം വന്നു. എല്ലായ്‌പ്പോഴും ഇന്ത്യയ്ക്കായിരുന്നു ജയം. 1996, 1999, 2003, 2011 ലേകകപ്പുകളിലൊന്നും ഇന്ത്യയോട് ജയിക്കാന്‍ പാകിസ്താന് പറ്റിയില്ല.
ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് പാകിസ്താന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് പറയുന്നു. എന്നാല്‍ ഇന്ത്യയോട് തോറ്റാലും വേണ്ടില്ല ലോകകപ്പ് കിട്ടിയാല്‍ മതിയെന്നാണ് സീനിയര്‍ താരങ്ങള്‍ പറയുന്നത്. ഫിബ്രുവരി 15ന് അഡ്‌ലയ്ഡില്‍ നടക്കുന്ന കളിയുടെ ടിക്കറ്റ് വിറ്റുതീര്‍ന്നത് വെറും 20 മിനുട്ടിലാണ്. വെറുതെയല്ല അക്തര്‍ പറയുന്നത് ലോകകപ്പിനെക്കാള്‍ വലുതാണ് ആളുകള്‍ ഇന്ത്യ - പാകിസ്താന്‍ മത്സരമെന്ന്.