അത് വെറും കളിയല്ല, യുദ്ധം!! യുദ്ധത്തില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ... ചൂണ്ടിക്കാട്ടി സെവാഗ്
മുംബൈ: മേയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ക്രിക്കറ്റ് ലോകം ഒരുപോലെ ഉറ്റുനോക്കുന്നത് ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തെയാണ്. ജൂണ്‍ 16ന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ക്രിക്കറ്റിലെ ബദ്ധവൈരികള്‍ ഏറ്റുമുട്ടുന്നത്.ഫൈനലിനു മുമ്പത്തെ ഫൈനല്‍ എന്നാണ് ഈ മല്‍സരം വിശേഷിപ്പിക്കപ്പെടുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. ലോകകപ്പില്‍ പാകിസ്താനെതിരായ കളിയില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്നു പല മുന്‍ താരങ്ങളും ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാകിസ്താനെതിരായ മല്‍സരം യുദ്ധത്തിനു സമാനമാണെന്നു ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാട്ടി.

പോയിന്റ് പ്രധാനം
ലോകകപ്പില്‍ പാകിസ്താനെതിരായ മല്‍സരത്തില്‍ ഇന്ത്യ പിന്‍മാറണമെന്ന അഭിപ്രായം സെവാഗിനില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിക്കണമോയെന്നതിനെക്കുറിച്ചല്ല മറിച്ച് കളിയിലെ രണ്ടു പോയിന്റിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. രാജ്യത്തിന്റെ ക്ഷേമത്തിന് ഉതകുന്ന കാര്യം ചെയ്യുകയെന്നതാണ് രണ്ടാമത്തെ കാര്യം.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം യുദ്ധത്തിനു സമാനമാണ്. ഇന്ത്യക്കു യുദ്ധം ജയിച്ചേ തീരൂവെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

ധോണിയെ പ്രശംസിച്ച് വീരു
ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം വിജയക്കുതിപ്പ് നടത്തുന്ന ക്യാപ്റ്റന്‍ എംഎസ് ധോണിയെ സെവാഗ് പ്രശംസിച്ചു. ടീമിലെ ഓരോ കളിക്കാരന്റെയും 100 ശതമാനം കഴിവും പുറത്തു കൊണ്ടുവരുന്നത് ക്യാപ്റ്റന്റെ കൂടി മിടുക്കാണ്. അവിടെയാണ് ധോണിയെന്ന ക്യാപ്റ്റന്‍ മറ്റുള്ളവരേക്കാള്‍ മുകളില്‍ നില്‍ക്കുന്നത്.
ടീമംഗങ്ങളില്‍ നിന്നും മികച്ച പ്രകടനം പുറത്തു കൊണ്ടുവന്ന് അദ്ദേഹം സിഎസ്‌കെയെ ജയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ ബൗളിങ് നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മോശം ബൗളിങ് ലൈനപ്പാണ് സിഎസ്‌കെയുടേത്. എന്നിട്ടും അവര്‍ക്കു വിക്കറ്റുകളെടുക്കാന്‍ കഴിയുന്നത് ധോണി ക്യാപ്റ്റനായതു കൊണ്ടാണെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

രാജ്യത്തിനായി കളിക്കുന്ന ഒരു ബൗളര്‍ പോലുമില്ല
സ്വന്തം രാജ്യത്തിനു ടീമിനു വേണ്ടി കളിക്കുന്ന ഒരു താരം പോലും ചെന്നൈ ടീമില്‍ ഇല്ലെന്ന് സെവാഗ് പറഞ്ഞു. എന്നിട്ടും ധോണി അവരെ വച്ച് നേട്ടം കൊയ്തു കൊണ്ടിരിക്കുകയാണ്. ടീമിലെ ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്ത് അവരില്‍ നിന്നും പരമാവധി പ്രകടനം പുറത്തു കൊണ്ടുവരിക എങ്ങനെയെന്നു ധോണിക്കു നന്നായറിയാം.
ധോണിയെപ്പോലെ സ്വന്തം ടീമിനെ പരമാവധി മികച്ച രീതിയില്‍ ഉപയോഗിച്ച ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലിയെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications