നാലാമങ്കത്തില്‍ നാണംകെട്ട് ടീം ഇന്ത്യ, ദയനീയ തോല്‍വി

ഹാമില്‍റ്റണ്‍: ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനു തകര്‍പ്പന്‍ ജയം. പരമ്പരയിലെ അപ്രസക്തമായ മല്‍സരത്തില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് കിവീസ് നാണംകെടുത്തുകയായിരുന്നു. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വെറും 92 റണ്‍സിന് എറിഞ്ഞിട്ട ന്യൂസിലാന്‍ഡ് 14.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (14), കെയ്ന്‍ വില്ല്യംസണ്‍ (11) എന്നിവരാണ് പുറത്തായത്. റോസ് ടെയ്‌ലറും (37*) ഹെന്റി നിക്കോള്‍സും (30*) ചേര്‍ന്ന് ജയം പൂര്‍ത്തിയാക്കുകയായിരുന്നു. ആദ്യ മൂന്നു കളികളിലും ഇന്ത്യക്കു മുന്നില്‍ നിഷ്പ്രഭരായ കിവികളുടെ ഗംഭീര തിരിച്ചുവരവ് കൂടിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ 30.5 ഓവറില്‍ വെറും 92 റണ്‍സിന് കൂടാരം കയറി. സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും ദയനീയ ബാറ്റിങ് പ്രകടനമാണിത്. ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ കൂടിയാണിത്. പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ തീപ്പൊരി ബൗളിങാണ് ലോക രണ്ടാം നമ്പര്‍ ടീമായ ഇന്ത്യയെ നാണംകെടുത്തിയത്. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും 20 റണ്‍സ് തികച്ചില്ല.
18 റണ്‍സുമായി പുറത്താവാതെ നിന്ന സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. ഹര്‍ദിക് പാണ്ഡ്യ (16), കുല്‍ദീപ് യാദവ് (15), ശിഖര്‍ ധവാന്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (7), അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ (9), അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക് (ഇരുവരും പൂജ്യം), കേദാര്‍ ജാദവ് (1), ഭുവനേശ്വര്‍ കുമാര്‍ (1) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. 10 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 21 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബോള്‍ട്ട് അഞ്ചു വിക്കറ്റ് കൊയ്തത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ കോളിന്‍ ഡി ഗ്രാന്‍ഡോം മികച്ച പിന്തുണ നല്‍കി.
മൂന്നാം ഏകദിനത്തില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. നായകന്‍ കോലിക്കു പകരം യുവതാരം ശുഭ്മാന്‍ ഗില്ലും മുഹമ്മദ് ഷമിക്കു പകരം ഖലീല്‍ അഹമ്മദും ടീമിലെത്തി. അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധേയമായ ഗില്ലിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. പരിക്കു ഭേദമാവാത്തതിനാല്‍ തുടര്‍ച്ചയയാ രണ്ടാമത്തെ മല്‍സരത്തിലും എംഎസ് ധോണിയെ ഇന്ത്യ ഉള്‍പ്പെടുത്തിയില്ല.
വിരാട് കോലിക്കു പകരം രോഹിത് ശര്‍മയാണ് ഈ മല്‍സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്. കോലിക്കു വിശ്രമം നല്‍കിയതോടെയാണ് രോഹിത്തിന് നറുക്കുവീണത്. രോഹിത്തിന്റെ കരിയറിലെ 200ാമത്തെ ഏകദിനനമെന്ന പ്രത്യേകത കൂടി ഈ മല്‍സരത്തിനുണ്ട്.

പതനം തുടങ്ങിയത് 21 റണ്‍സില്‍
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 21 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇന്ത്യക്കു സാധിച്ചു. ആറാം ഓവറിലെ അഞ്ചാം പന്തില്‍ ധവാനെ പുറത്താക്കി ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. 20 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 13 റണ്‍സെടുത്ത ധവാനെ ബോള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുരുക്കി.

200ാം ഏകദിനത്തില്‍ നിരാശപ്പെടുത്തി
കരിയറിലെ 200ാം ഏകദിനത്തില്‍ ഇറങ്ങിയ രോഹിത്തിന് മികച്ച ഇന്നിങ്‌സുമായി ഈ നാഴികക്കല്ല് ആഘോഷിക്കാനായില്ല. ധവാന്‍ പുറത്തായി തൊട്ടുപിന്നാലെ ഹിറ്റ്മാനും ക്രീസ് വിട്ടു. 23 പന്തുകള്‍ നേരിട്ട് ഏഴു റണ്‍സ് മാത്രമെടുത്ത രോഹിത്തിനെ ബോള്‍ട്ട് സ്വന്തം ബൗളിങില്‍ പിടികൂടി. ഇന്ത്യ രണ്ടിന് 23.

അക്കൗണ്ട് തുറക്കാതെ കാര്‍ത്തികും റായുഡുവും
ബോള്‍ട്ടിന്റെ പ്രഹരം കഴിഞ്ഞതിനു പിന്നാലെ കോളിന്‍ ഡി ഗ്രാന്‍ഡോം ഇന്ത്യക്കു മേല്‍ കത്തിക്കയറി. അമ്പാട്ടി റായുഡുവിനെയും ദിനേഷ് കാര്‍ത്തികിനെയും ഒരേ ഓവറില്‍ പുറത്താക്കി ഗ്രാന്‍ഡോം ഇന്ത്യയെ സ്തബ്ധരാക്കി. രണ്ടു താരങ്ങളും അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെയാണ് ക്രീസ് വിട്ടത്. ഇതോടെ ഇന്ത്യ നാലു വിക്കറ്റിന് 33 റണ്‍സെന്ന നിലയിലേക്കു വീണു.

അരങ്ങേറ്റത്തില്‍ ഗില്‍ ഫ്‌ളോപ്പ്
അരങ്ങേറ്റ മല്‍സരം കളിച്ച യുവതാരം ശുഭ്മാന്‍ ഗില്ലിനും കിവികളുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ മറുപടി ഇല്ലായിരുന്നു. 21 പന്തില്‍ നിന്നും ഒരു ബൗണ്ടറിയോടെ ഒമ്പത് റണ്‍സെടുത്ത ഗില്ലിനെ മടക്കിത് ബോള്‍ട്ടാണ്. രോഹിത്തിന്റെ പുറത്താവലിന് സമാനമായിരുന്നു ഗില്ലിന്റെയും മടക്കം. ഗില്ലിനെ ബോള്‍ട്ട് സ്വന്തം ബൗളിങില്‍ പിടികൂടിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുള്ളത് 33 റണ്‍സ് മാത്രം.

കരകയറാനാവാതെ ഇന്ത്യ
ഒരു കൂട്ടുകെട്ട് പോലുമുണ്ടാക്കാന്‍ അനുവദിക്കാതെ കിവീസ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞു തകര്‍ക്കുന്നതാണ് തുടര്‍ന്നും കണ്ടത്. കേദാര്‍ ജാദവിനെ (1) ബോള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുരുക്കിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിനെ (1) ഗ്രാന്‍ഡോം ബൗള്‍ഡാക്കി. ഹര്‍ദിക് പാണ്ഡ്യയാണ് എട്ടാമനായി ക്രീസ് വിട്ടത്. പാണ്ഡ്യയെ (16) ലാതമിന്റെ കൈകളിലെത്തിച്ച് ബോള്‍ട്ട് അഞ്ചു വിക്കറ്റ് തികയ്ക്കുകയും ചെയ്തു. ഇതോടെ ഇന്ത്യ എട്ടു വിക്കറ്റിന് 55 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തി.

കുല്‍ദീപ്-ചഹല്‍ കൂട്ടുകെട്ട്
കുല്‍ദീപും ചഹലും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ നേടിയ 25 റണ്‍സാണ് ഇന്ത്യയെ 100ന് അടുത്തെങ്കിലുമെത്താന്‍ സഹായിച്ചത്. കുല്‍ദീപിനെ (15) ടോഡ് ആസിലിന്റെ ബൗളിങില്‍ ഗ്രാന്‍ഡോം പിടികൂടിയതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു. ഖലീലിനെ (5) ബൗള്‍ഡാക്കി നീഷാം ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications