ആദ്യ ഏകദിനം: ബൗളിങ് കരുത്തില്‍ ഇന്ത്യ, ന്യൂസിലാന്‍ഡിനെ തകര്‍ത്ത് കോലിപ്പട തുടങ്ങി

നാപ്പിയര്‍: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ബൗളര്‍മാരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിന്റെ മികവില്‍ എട്ടു വിക്കറ്റിനാണ് കിവികളെ കോലിയും സംഘവും കശാപ്പ് ചെയ്തത്. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ 38 ഓവറില്‍ വെറും 157 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. മറുപടി ബാറ്റിങില്‍ സൂര്യപ്രകാശത്തെ തുടര്‍ന്നു കളി കുറച്ചു സമയം നിര്‍ത്തി വയ്ക്കുകയും ഇന്ത്യന്‍ ലക്ഷ്യം ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 49 ഓവറില്‍ 156 റണ്‍സായി പുനര്‍നിശ്ചയിക്കുകയും ചെയ്തു. 34.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.
ശിഖര്‍ ധവാന്റെ (75*) ഫിഫ്റ്റിയും ക്യാപ്റ്റന്‍ വിരാട് കോലിയുടെ (45) ഇന്നിങ്‌സുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 103 പന്തില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.
നേരത്തേ ഗൗഭീര ബൗളിങ് പ്രകടനത്തിലൂടെ ആതിഥേയരെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. 38 ഓവറിലാണ് വെറും 157 റണ്‍സിന് ന്യൂസിലാന്‍ഡിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ചേര്‍ന്നാണ് കിവി ബാറ്റിങ് നിരയെ തകര്‍ത്തുവിട്ടത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനൊഴികെ (64) മറ്റുള്ളവര്‍ക്കൊന്നും ഇന്ത്യയുടെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തിനു മുന്നില്‍ മറുപടി ഇല്ലായിരുന്നു. 81 പന്തില്‍ ഏഴു ബൗണ്ടറികളോടെയാണ് വില്ല്യംസണ്‍ ടീമിന്റെ ടോപ്‌സ്‌കോററായത്.
റോസ് ടെയ്‌ലറാണ് (24) 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 39 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് നാലു പേരെ പുറത്താക്കിയത്. ആറോവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 19 റണ്‍സ് വിട്ടുകൊടുത്താണ് ഷമി മൂന്നു വിക്കറ്റെടുത്തത്. യുസ്‌വേന്ദ്ര ചഹലിന് രണ്ടു വിക്കറ്റ് ലഭിച്ചു.

ഷമിയുടെ ഇരട്ട പ്രഹരം
ഇന്ത്യക്കു മികച്ച തുടക്കമാണ് പേസര്‍മാര്‍ നല്‍കിയത്. ഭുവനേശ്വര്‍ കുമാറിന് വലിയ ചലനമുണ്ടാക്കാനായില്ലെങ്കിലും മുഹമ്മദ് ഷമി തുടക്കം മുതല്‍ കത്തിക്കയറുകയായിരുന്നു. അപകടകാരിയായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (5) തന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി.
മറ്റൊരു ഓപ്പണറായ കോളിന്‍ മണ്‍റോയ്ക്കും അധികം ആയുസ്സില്ലായിരുന്നു. എട്ടു റണ്‍സെടുത്ത മണ്‍റോയെയും ഷമി ബൗള്‍ഡാക്കിയതോടെ കിവീസ് രണ്ടിന് 18.

ചഹലിന്റെ ഊഴം
ഓസീസിനെതിരായ അവസാന ഏകദിനത്തിലെ ആറു വിക്കറ്റ് പ്രകടനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇറങ്ങിയ യുസ്‌വേന്ദ്ര ചഹല്‍ ഈ കളിയിലും മിന്നുന്ന ഫോമിലായിരുന്നു. കെയ്ന്‍ വില്ല്യംസണ്‍- റോസ് ടെയ്‌ലര്‍ ജോടി 35 റണ്‍സിന്റെ കൂട്ടുകെട്ടുമായി കിവികളെ കരകയറ്റവെയാണ് ചഹലിലൂടെ ഇന്ത്യയുടെ തിരിച്ചടി.
ടെയ്‌ലറെ (24) ചഹല്‍ സ്വന്തം ബൗളിങില്‍ ചഹല്‍ പിടികൂടി. പുതുതായി ക്രീസിലെത്തിയ ടോം ലാതമിനെയും (11) സമാനമായ രീതിയില്‍ ചഹല്‍ മടക്കി. കിവീസ് നാലിന് 76.

കൂട്ടുകെട്ട് തകര്‍ത്ത് ജാദവ്
ഹെന്റി നിക്കോള്‍സും വില്ല്യംസണും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തവെയാണ് കേദാര്‍ ജാദവിലൂടെ ഇന്ത്യ അടുത്ത പ്രഹരമേല്‍പ്പിച്ചത്. വെടിക്കെട്ട് ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള നിക്കോള്‍സിനെ (12) ജാദവ് കുല്‍ദീപ് യാദവിനു സമ്മാനിക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് അഞ്ചിന് 107.

ഷമിക്ക് മൂന്നാം വിക്കറ്റ്
ആദ്യ സ്‌പെല്ലില്‍ രണ്ടു വിക്കറ്റുമായി കസറിയ ഷമിയെ തിരിച്ചുവിളിക്കാനുള്ള ക്യാപ്റ്റന്‍ കോലിയുടെ തീരുമാനം തെറ്റിയില്ല. മിച്ചെല്‍ സാന്റ്‌നറെ പുറത്താക്കി ഷമി ഇന്ത്യക്കു ആറാം വിക്കറ്റ് സമ്മാനിച്ചു. 21 പന്തില്‍ നിന്നും ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 14 റണ്‍സ് നേടിയ സാന്റ്‌നറെ ഷമി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് ആറിന് 133.

'കില്‍'ദീപ്
പിന്നീട് കുല്‍ദീപ് യാദവിന്റെ സംഹാര താണ്ഡവമാണ് നാപ്പിയറില്‍ കണ്ടത്. കിവീസിന്റെ അവസാന നാലു വിക്കറ്റുകളും കുല്‍ദീപ് കടപുഴക്കുകയായിരുന്നു. ടീമിന്റെ ടോപ്‌സ്‌കോററായ വില്ല്യംസണായിരുന്നു കുല്‍ദീപിന്റെ ആദ്യ ഇര. 81 പന്തില്‍ ഏഴു ബൗണ്ടറികളോടെ 64 റണ്‍സ് നേടിയ വില്ല്യംസണിനെ കുല്‍ദീപ് വിജയ് ശങ്കറിന് സമ്മാനിച്ചു.
ഡഗ് ബ്രെസ്‌വെല്ലിനെ (7) കുല്‍ദീപ് ബൗള്‍ഡാക്കി.
ലോക്കി ഫെര്‍ഗൂസനെ റണ്ണെടുക്കും മുമ്പ് തന്നെ കുല്‍ദീപിന്റെ ബൗളിങില്‍ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കി. ട്രെന്റ് ബോള്‍ട്ടിനെ (1) കുല്‍ദീപിന്റെ ബൗളിങില്‍ രോഹിത് പിടികൂടിയതോടെ ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് അവസാനിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications