ഹാട്രിക്ക് ജയം... ഓസ്‌ട്രേലിയക്കു പിന്നാലെ ന്യൂസിലാന്‍ഡിലും ഇന്ത്യക്കു ഏകദിന പരമ്പര

മൗണ്ട് മൗന്‍ഗനുയ്: ഹാട്രിക് വിജയത്തോടെ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ സ്വന്തമാക്കി. ആദ്യ ഏകദിനങ്ങള്‍ക്കും സമാനമായി മൂന്നാമത്തെ കളിയിലും കിവീസിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് കോലിയും സംഘവും കാഴ്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ ഒരോവര്‍ ബാക്കിനില്‍ക്കെ 243 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കി. മറുപടിയില്‍ ഏഴോവറും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി. രോഹിത് ശര്‍മ (62), ക്യാപ്റ്റന്‍ വിരാട് കോലി (60) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയും ചെയ്തു. വിദേശത്ത് ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഏകദിന പരമ്പര നേട്ടമാണിത്. നേരത്തേ ഓസ്‌ട്രേലിയയിലും ടീം ഇന്ത്യ വെന്നിക്കൊടി നാട്ടിയിരുന്നു.
77 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് രോഹിത്തിന്റെ ഇന്നിങ്‌സെങ്കില്‍ 74 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് കോലി 60 റണ്‍സെടുത്തത്. ശിഖര്‍ ധവാന്‍ 28 റണ്‍സെടുത്ത് പുറത്തായി. അമ്പാട്ടി റായുഡുവും (40*) ദിനേഷ് കാര്‍ത്തികും (38*) ചേര്‍ന്നാണ് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്.
നേരത്തേ റോസ് ടെയ്‌ലര്‍ (93), ടോം ലാതം (51) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ന്യൂസിലാന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഈ പരമ്പരയില്‍ ന്യൂസിലാന്‍ഡിന്റെ ഉയര്‍ന്ന ടീം ടോട്ടല്‍ കൂടിയാണിത്. 106 പന്തില്‍ ഒമ്പതു ബൗണ്ടറികളോടെയാണ് ടെയ്‌ലര്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. 64 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമുള്‍പ്പെട്ടതാണ് ലാതമിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ 28 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തപ്പോള്‍ വിലക്കിനു ശേഷം ടീമിലേക്കു തിരിച്ചെത്തിയ ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്കു രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
രണ്ടാം ഏകദിനത്തില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ചെറിയ പരിക്കുള്ള എംഎസ് ധോണിക്കു പകരം ദിനേഷ് കാര്‍ത്തികും വിജയ് ശങ്കറിനു പകരം വിലക്ക് കഴിഞ്ഞെത്തിയ ഹര്‍ദിക് പാണ്ഡ്യയും കളിച്ചു. മറുഭാഗത്ത് കോളിന്‍ ഡി ഗ്രാന്‍ഡോമിനു പകരം മിച്ചെല്‍ സാന്റ്‌നര്‍ ന്യൂസിലാന്‍ഡിന്റെ പ്ലെയിങ് ഇലവനിലെത്തി.

മണ്‍റോയെ മടക്കി ഷമി
പരമ്പരയിലെ മുന്‍ മല്‍സരങ്ങളെപ്പോലെ തന്നെ ന്യൂബോള്‍ ബൗളര്‍മാര്‍ ഈ കളിയിലും മികച്ച തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. മുഹമ്മദ് ഷമിയാണ് ഇന്ത്യക്കു ആദ്യ വിക്കറ്റ് സമ്മാനിച്ചത്. കോളിന്‍ മണ്‍റോയെ (7) ഷമി രോഹിത് ശര്‍മയ്ക്കു സമ്മാനിക്കുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തിലാണ് മണ്‍റോയുടെ മടക്കം. ന്യൂസിലാന്‍ഡ് ഒന്നിന് 10.

ഗുപ്റ്റിലും പുറത്ത്
മണ്‍റോ മടങ്ങി അധികം വൈകാതെ തന്നെ ഓപ്പണിങ് പങ്കാളിയായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും (13) ഇന്ത്യ പവലിയനിലേക്കു തിരിച്ചയച്ചു. രണ്ടാം വിക്കറ്റില്‍ വെറും 16 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യ അനുവദിച്ചുള്ളൂ. ഗുപ്റ്റിലിനെ പുറത്താക്കിയത് ഭുവനേശ്വര്‍ കുമാറാണ്. ഭുവിയുടെ ബൗളിങില്‍ ഗുപ്റ്റിലിനെ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് പിടികൂടി. ന്യൂസിലാന്‍ഡ് രണ്ടിന് 26..

പാണ്ഡ്യയുടെ വണ്ടര്‍ ക്യാച്ച്
വിലക്കിനു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ഹര്‍ദിക് പാണ്ഡ്യയുടെ അവിശ്വസനീയ ക്യാച്ചാണ് ഇന്ത്യക്കു മൂന്നാം വിക്കറ്റ് സമ്മാനിച്ചത്. കിവീസ് നായകന്‍ കെയ്ന്‍ വില്ല്യംസണാണ് (28) പാണ്ഡ്യയുടെ സൂപ്പര്‍ ക്യാച്ചില്‍ സ്തബ്ധനായത്.
ചഹലിന്റെ ബൗളിങില്‍ വില്ല്യംസണിനെ മിഡ് വിക്കറ്റില്‍ ഒരു മിന്നല്‍ ഡൈവിങ് ക്യാച്ചിലൂടെ പാണ്ഡ്യ കൈയ്ക്കുള്ളിലാക്കി. ന്യൂസിലാന്‍ഡ് മൂന്നിന് 59

മികച്ച കൂട്ടുകെട്ട്
നാലാം വിക്കറ്റില്‍ മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസണും ടോം ലാതവും ചേര്‍ന്നു തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ ന്യൂസിലാന്‍ഡിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. 119 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഈ സഖ്യം ഇന്ത്യക്കു ഭീഷണിയുയര്‍ത്തി മുന്നേറവെയാണ് ചഹല്‍ കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. ചഹലിന്റെ ബൗളിങില്‍ സിക്‌സറിനു ശ്രമിച്ച ലാതമിനെ ബൗണ്ടറിന് ലൈനിന് അരികില്‍ അമ്പാട്ടി റായുഡു പിടികൂടി. 64 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറും മാത്രമേ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.

പാണ്ഡ്യയുടെ ഇരട്ടപ്രഹരം
ലാതമിനെ പുറത്താക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ കിവികള്‍ക്കു മേല്‍ ആഞ്ഞടിച്ചു. തുടരെ രണ്ടു വിക്കറ്റുകളാണ് ഇന്ത്യ കൊയ്തത്. രണ്ടും പാണ്ഡ്യക്കായിരുന്നു. ഹെന്റി നിക്കോള്‍സിനെ (6) പാണ്ഡ്യ കാര്‍ത്തികിന് സമ്മാനിച്ചു.
തന്റെ തൊട്ടടുത്ത ഓവറില്‍ പുതുതായി ക്രീസിലെത്തിയ മിച്ചെല്‍ സാന്റ്‌നറിനെയും (3) പാണ്ഡ്യ പുറത്താക്കി. ഇത്തവണയും കാര്‍ത്തികാണ് ക്യാച്ചെടുത്തത്.

വാലറ്റത്തെ എറിഞ്ഞൊതുക്കി
ന്യൂസിലാന്‍ഡിന്റെ വാലറ്റത്തെ പിന്നീട് ഇഇന്ത്യ എറിഞ്ഞൊതുക്കുന്നതാണ് കണ്ടത്. സെഞ്ച്വറിയിലേക്കു കുതിക്കുകയായിരുന്ന ടെയ്‌ലറാണ് ഏഴാമനായി ക്രീസ് വിട്ടത്. സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ വച്ച് ടെയ്‌ലറെ ഷമി കാര്‍ത്തികിനു സമ്മാനിച്ചു.
ഇഷ് സോധിയുടെയും വിക്കറ്റ് ഷമിക്കാണ്. കോലിയാണ് ക്യാച്ചെടുത്തത്. ഡഗ് ബ്രെസ്‌വെല്ലിനെ (15) കോലി റണ്ണൗട്ടാക്കിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടിനെ (2) ഷമിയുടെ കൈകളിലെത്തിച്ച് ഭുവി കിവികളുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഭേദപ്പെട്ട തുടക്കം
ഇന്ത്യക്കു ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നല്‍കിയത്. മികച്ച ഫോമില്‍ ബാറ്റ് വീശിയ ധവാനെ പുറത്താക്കി ബോള്‍ട്ട് ഇന്ത്യയെ ഞെട്ടിച്ചു. 27 പന്തില്‍ ആറു ബൗണ്ടറികളടങ്ങിയതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ടീം സ്‌കോര്‍ 39ല്‍ നില്‍ക്കെയാണ് ഇന്ത്യക്കു വിക്കറ്റ് നഷ്ടമായത്.

കോലി-രോഹിത് കൂട്ടുകെട്ട്
ധവാനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും നായകനും ഉപനായകനും ചേര്‍ന്ന് ടീമിനെ കരകയറ്റി. മൂന്നാം വിക്കറ്റില്‍ കോലി- രോഹിത് സഖ്യം 113 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി കളി ന്യൂസിലാന്‍ഡില്‍ നിന്നും തട്ടിയെടുത്തു.
ടീം സ്‌കോര്‍ 152ല്‍ വച്ച് രോഹിത് മടങ്ങുമ്പോഴേക്കും ഇന്ത്യ മല്‍സരം തങ്ങളുടെ വരുതിയിലാക്കിയിരുന്നു. അനാവശ്യ ഷോട്ടിന് ശ്രമിച്ച രോഹിത്തിനെ സാന്റ്‌നറുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ലാതം സ്റ്റംപ് ചെയ്യുകയായിരുന്നു.

കോലിയും മടങ്ങി
രോഹിത് പുറത്തായി അധികം വൈകാതെ കോലിയും മടങ്ങി. ബോള്‍ട്ടിനായിരുന്നു ഇന്ത്യന്‍ നായകന്റെ വിക്കറ്റ്. 74 പന്തില്‍ ആറു ബൗണ്ടറികളോടെ 60 റണ്‍സെടുത്ത കോലിയെ ബോള്‍ട്ടിന്റെ ബൗളിങില്‍ നിക്കോള്‍സ് പിടികൂടി. ഇന്ത്യ മൂന്നിന് 168.
അപരാജിതമായ നാലാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവും ദിനേഷ് കാര്‍ത്തികും ചേര്‍ന്ന് 77 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ വിജയതീരത്ത് അടുപ്പിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications