പുനെ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 231 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 9 വിക്കറ്റിന് 230 റൺസെടുത്തു. മുംബൈയിൽ നടന്ന ആദ്യത്തെ ഏകദിന മത്സരം 6 വിക്കറ്റിന് തോറ്റ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാൻ കിട്ടിയ സുവർണാവസരം കൂടിയാണ് ഇത്. പുനെയിലെ മോശമില്ലാത്ത ബാറ്റിംഗ് ട്രാക്കിൽ ശക്തമായ ബാറ്റിംഗ് നിര ക്ലിക്കായാൽ ഇന്ത്യയ്ക്ക് വലിയ പ്രയാസമില്ലാതെ കളി ജയിക്കാം.
ഒന്നാം ഏകദിനം ജയിച്ച ആത്മവിശ്വാസത്തോടെ പുനെയിൽ ഇറങ്ങിയ ന്യൂസിലൻഡിന് ബാറ്റിംഗിൽ വേണ്ടപോലെ തിളങ്ങാനായില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവർക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. സ്കോർ 27ൽ എത്തുമ്പോഴേക്കും ക്യാപ്റ്റൻ വില്യംസൻ അടക്കം മൂന്ന് പേരെ അവർക്ക് നഷ്ടമായി. 42 റൺസെടുത്ത ഹെൻറി നിക്കോൾസാണ് അവരുടെ ടോപ് സ്കോറർ. ഗ്രാൻഡ്ഹോം 41, സാന്ത്നർ 29, സൗത്തി 25, ലാത്തം 38, ടെയ്ലർ 21 എന്നിവർക്കും മികച്ച തുടക്കം കിട്ടി.

കഴിഞ്ഞ കളി തോറ്റ ഇന്ത്യയാകട്ടെ കൃത്യമായ പദ്ധതിയുമായിട്ടാണ് ഇറങ്ങിയത്. ഭുവനേശ്വർ കുമാറും ഭുമ്രയും തുടക്കം മുതലേ പിടിച്ച് പന്തെറിഞ്ഞു. ഭുവി പത്തോവറിൽ 45 റൺസിന് മൂന്നും ഭുമ്ര 38 റൺസിന് രണ്ടും വിക്കറ്റ് വീഴ്ത്തി. എട്ടോവർ പന്തെറിഞ്ഞ ചാഹലിനും കിട്ടി രണ്ട് വിക്കറ്റ്. ബാക്കി രണ്ട് വിക്കറ്റുകൾ ഹർദീക് പാണ്ഡ്യയും അക്ഷർ പട്ടേലും പങ്കിട്ടു.