ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടി.. ഓസ്‌ട്രേലിയ 242 റണ്‍സിന് ചുരുണ്ടു, ആശ്വാസമായി വാര്‍ണര്‍!
നാഗ്പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക് 243 റണ്‍സ് വേണം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 9 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. 53 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മാര്‍ക്കസ് സ്‌റ്റോനിസ് 46ഉം ട്രെവിസ് ഹെഡ് 43ഉം റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

11.3 ഓവറില്‍ 66 റണ്‍സിന്റെ ഗംഭീര തുടക്കമാണ് ഓസ്‌ട്രേലിയയ്ക്ക് കിട്ടിയത്. ഓപ്പണര്‍മാരായ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രീത് ഭുമ്രയെയും അടിച്ചുപറത്തി. 36 പന്തില്‍ 32 റണ്‍സെടുത്ത് ആരോണ്‍ ഫിഞ്ചാണ് ആദ്യം പുറത്തായത്. ഹര്‍ദീക് പാണ്ഡ്യയുടെ പന്തില്‍ ജസ്പ്രീത് ഭുമ്രയ്ക്ക് ക്യാച്ച്. ആദ്യവിക്കറ്റ് പോയതോടെ ഓസ്‌ട്രേലിയ പതറി. ക്യാപ്റ്റന്‍ സ്മിത്ത് 16നും ഹാന്‍ഡ്‌സ് കോംപ് 13 റണ്‍സിനും പുറത്തായി.
മധ്യനിരയില്‍ ഹെഡ്, സ്റ്റോനിസ്, വേഡ് എന്നിവര്‍ ചേര്‍ന്നാണ് ഓസ്‌ട്രേലിയയെ പൊരുതാനുള്ള സ്‌കോറില്‍ എത്തിച്ചത്. പത്തോവറില്‍ 38 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ഫോമിലുള്ള ബൗളര്‍ യുവേന്ദ്ര ചാഹലിനെ പുറത്തിരുത്തി അക്ഷറിന് അവസരം നല്‍കാനുള്ള കോലിയുടെ തീരുമാനം പിഴച്ചില്ല. ജസ്പ്രീത് ഭുമ്ര രണ്ടും ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദീക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോന്നും വിക്കറ്റ് വീഴ്ത്തി.