മെല്‍ബണ്‍: നാട്ടിലെ പുലികളായി സൗത്താഫ്രിക്കയെ തച്ചുതകര്‍ത്ത ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ വീണ്ടും തോറ്റു. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ബൗളിംഗ് പരാജയമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് ചെറിയൊരു പൊരുതല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായി എന്ന് ആശ്വസിക്കാം. ബാക്കിയെല്ലം പഴയത് പോലെ തന്നെ. തുടര്‍ച്ചയായ മൂന്നാം ഏകദിനവും തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി.
മെല്‍ബണിലെ മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ജയിക്കാന്‍ 296 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 48. ഓവറില്‍ ലക്ഷ്യം കണ്ടു. 83 പന്തില്‍ 8 ഫോറും മൂന്ന് സിക്‌സും പറത്തി 96 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ് വെല്‍ ആണ് ഓസീസിന്റെ വിജയശില്‍പ്പി. ഷോണ്‍ മാര്‍ഷ് 62ഉം സ്മിത്ത് 41 ഉം റണ്‍സെടുത്തു. ഫിഞ്ച് 21, ഫോക്‌നര്‍ 21 നോട്ടൗട്ട്, മിച്ചല്‍ മാര്‍ഷ് 17 എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

പത്തോവറില്‍ 49 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യന്‍ ബൗളിംഗില്‍ എടുത്തുപറയാനുള്ളത്. ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 9.5 ഓവറില്‍ 68 റണ്‍സ് വിട്ടുകൊടുത്തു. ഇഷാന്ത് ശര്‍മ ഇടയ്ക്ക് ഏതാനും മികച്ച ഓവറുകള്‍ എറിഞ്ഞു. ഇഷാന്തിന്റെ ബൗളിംഗ് ഫിഗര്‍ 10 ഓവറില്‍ 53 റണ്‍സിന് 2 വിക്കറ്റ്. യുവ ഫാസ്റ്റ് ബൗളര്‍ ബരീന്ദര്‍ സ്രാന്‍ എട്ടോവറില്‍ 63 റണ്‍സ് വഴങ്ങി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യയ്ക്ക് വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരുപത്തിനാലാം സെഞ്ചുറിയാണ് കരുത്തായത്. ഏറ്റവും വേഗം 7000 റണ്‍സ്, 24 സെഞ്ചുറി എന്നിവ നേടുന്ന താരമെന്ന ലോകറെക്കോര്‍ഡും കോലി സ്വന്തമാക്കി. ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ക്യാപ്റ്റന്‍ ധോണി എന്നിവരുടെ മികച്ച ഇന്നിംഗ്‌സുകള്‍ കൂടി ആയതോടെ ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തി. പക്ഷേ ഫലമുണ്ടായില്ല എന്ന് മാത്രം.