ബ്രിസ്‌ബേന്‍: ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ഏകദിന മത്സരം ജനുവരി 15 വെള്ളിയാഴ്ച ബ്രിസ്‌ബേനില്‍ നടക്കും. ആദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് പരമ്പരയില്‍ തിരിച്ചുവരാന്‍ വിജയം കൂടിയേ തീരൂ. ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനും പുതുവര്‍ഷത്തില്‍ ഒരു വിജയം അനിവാര്യമാണ്. പരമ്പരയിലെ അഞ്ച് മത്സരങ്ങളും തോറ്റാല്‍ ഐ സി സി റാങ്കിംഗില്‍ പിന്നോട്ട് പോകുമെന്ന പേടിയും ടീം ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.
സാധാരണ വിദേശ പര്യടനങ്ങളില്‍ സംഭവിക്കുന്നത് പോലെ ബാറ്റിംഗല്ല, ബൗളിംഗാണ് ഇത്തവണ ഇന്ത്യയെ ചതിച്ചിരിക്കുന്നത്. അതും സ്പിന്നര്‍മാര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തട്ടുപൊളിപ്പന്‍ പ്രകടനം നടത്തിയ ആര്‍ അശ്വിനും ജഡേജയും ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിലം തൊട്ടില്ല. ഫാസ്റ്റ് ബൗളിംഗില്‍ പൊതുവേ വലിയ പ്രതീക്ഷയില്ലാത്ത ഇന്ത്യ സ്പിന്നര്‍മാര്‍ കൂടി കൈവിട്ടതോടെ തികച്ചും പ്രതിരോധത്തിലായി.

309 പോലെ മികച്ച ഒരു സ്‌കോര്‍ പോലും പ്രതിരോധിക്കാന്‍ പറ്റിയില്ല എന്നത് ബൗളിംഗ് നിരയുടെ കുറവായേ കാണാന്‍ പറ്റൂ. ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞവരില്‍ അഞ്ച് പേരും ഓവറില്‍ ആറ് റണ്‍സിന് മേല്‍ വഴങ്ങി. ജഡേജ 9 ഓവറില്‍ വിട്ടുകൊടുത്തത് 61 റണ്‍സ്. വിക്കറ്റൊന്നും കിട്ടിയതുമില്ല. അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ വേണ്ടി വിട്ടുകൊടുത്തത് 9 ഓവറില്‍ റണ്‍സ്. 9 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയ ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്രാനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.