ഓസീസിനെതിരായ തോല്‍വി ബാധിക്കില്ല
ലോകകപ്പിനു മുമ്പ് കളിച്ച അവസാന ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയോടു ഇന്ത്യ 2-3നു പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഈ തോല്‍വി ലോകകപ്പില്‍ ഇന്ത്യക്കു തിരിച്ചടിയാവില്ലെന്നു ദ്രാവിഡ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 30 മാസത്തോളമായി ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസാന ഏകദിന പരമ്പരയില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ ക്രെഡിറ്റ് ഓസീസിന് തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച ശേഷമാണ് പിന്നീടുള്ള മൂന്നു കളികളിലും തോറ്റ് ഇന്ത്യ 2-3നു പരമ്പര കൈവിട്ടത്.
ഇന്ത്യയുടേത് മികച്ച കോമ്പിനേഷന്‍
ലോകകപ്പിനായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം മികച്ച കോമ്പിനേഷനാണ്. ലോകകപ്പ് ഇന്ത്യ ജയിക്കുകയാണെങ്കില്‍ ഓസ്ട്രേലിയക്കെതിരേ നടന്ന പരമ്പരയിലെ ജയവും തോല്‍വിയും ആരും അത്ര കാര്യമാക്കില്ല. ഇന്ത്യ എത്ര മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് ഏകദിന റാങ്കിങിലെ രണ്ടാംസ്ഥാനം തന്നെ അടിവരയിടുന്നു. ലോകകപ്പ് നേടിയാല്‍ ഇന്ത്യ ലോക റാങ്കിങില്‍ ഒന്നാമതെത്തുമെന്നും ദ്രാവിഡ് വിശദമാക്കി.
റായുഡുവും പന്തുമില്ലാത്ത ടീം
ലോകകപ്പില്‍ റായുഡുവിന്റെയും പന്തിന്റെയും അഭാവം ഇന്ത്യയെ ബാധിക്കുമോയെന്ന ചോദ്യത്തിന് ഇന്ത്യ വളരെ സന്തുലിതമായ ടീമാണെന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. വളരെ ശക്തമായ ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളത്. നിരവധി കോമ്പിനേഷനുകള്‍ ഇന്ത്യക്കുണ്ട്. ആരൊക്കെ ടൂര്‍ണമെന്റില്‍ പെര്‍ഫോം ചെയ്യുകയെന്നാണ് അറിയാനുള്ളത്. ടീമിലെ ഒന്നോ, രണ്ടോ പേരുടെ കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ടാവും. നിലവില്‍ ടീമിനെ തിരഞ്ഞെടുത്തു കഴിഞ്ഞു, അവര്‍ നല്ല പ്രകടനം നടത്തുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും 46കാരനായ മുന്‍ താരം വിശദമാക്കി.