കൊല്‍ക്കത്ത: ഇന്നു മുതല്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഏറെ ആകാംക്ഷയോടാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ഏഷ്യയിലെ ആറു മികച്ച ടീമുകളാണ് ഏഷ്യന്‍ കിരീടം സ്വപ്നം കണ്ട പോരിനിറങ്ങുന്നത്. ഇത്തവണത്തെ ഏഷ്യാ കപ്പിലെ കിരീടഫേവറിറ്റുകള്‍ ഇന്ത്യയാണെന്നു മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ സൗരവ് ഗാംഗുലി പ്രവചിക്കുന്നു.
ഏഷ്യാ കപ്പ്: തുടക്കം യുഎഇയില്‍, 1986ല്‍ ഇന്ത്യ പങ്കെടുത്തില്ല!! 2016ല്‍ ലുക്ക് മാറി, ചരിത്രം ഇങ്ങനെ.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ടീമാണ് ഇന്ത്യയുടേത്. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം തന്നെ ഇന്ത്യയില്‍ നിന്നും പ്രതീക്ഷിക്കാം. ഇംഗ്ലണ്ടില്‍ ഇന്ത്യക്കു അത്ര നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ലെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അവര്‍ ഏറെ ശക്തരാണെന്നും ദാദ അഭിപ്രായപ്പെട്ടു.
ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയെക്കുറിച്ചും തികഞ്ഞ മതിപ്പാണ് ഗാംഗുലിക്കുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് രോഹിത്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം തന്നെ അദ്ദേഹത്തിന് കീഴില്‍ ഇന്ത്യക്കു കാഴ്ചയവയ്ക്കാന്‍ സാധിക്കും. വിരാട് കോലി കൂടി ഉണ്ടായിരുന്നെങ്കില്‍ ടീം കുറച്ചു കൂടി ശക്തമാവുമായിരുന്നു. എങ്കിലും കോലിയുടെ അഭാവം മറികടക്കാനുള്ള മികവ് ഇന്ത്യക്കുണ്ടെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. ചിരവൈരികളായ പാകിസ്താന് യുഎഇയില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. എന്നാല്‍ ഇത് ഇന്ത്യയുടെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.