മുംബൈ: ക്രിക്കറ്റിന്റെ ദൈവമായ സച്ചിന് തെണ്ടുല്‍ക്കറോട് മുട്ടി ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍ പോലും തോറ്റുപോയിട്ടുണ്ട്. വോണ്‍ മാത്രമല്ല, ഷോയിബ് അക്തര്‍, ബ്രെറ്റ് ലീ, മുരളീധരന് തുടങ്ങി ഫാസ്റ്റും സ്പിന്നുമായ സകലമാന ബൗളര്‍മാരും സച്ചിന് മുന്നില്‍ തല കുനിച്ചിട്ടേയുള്ളൂ. എന്നാല്‍ സച്ചിനോട് കട്ടയ്ക്ക് കട്ട നിന്ന ഒരു ഫാസ്റ്റ് ബൗളറുണ്ട്. സാക്ഷാല്‍ ഗ്ലെന്‍ മക്ഗ്രാത്ത്.
ഓഫ് സ്റ്റംബിന് പുറത്ത് മക്ഗ്രാത്ത് എറിയുന്ന കണിശമായ ഗുഡ് ലെംഗ്ത് പന്തില്‍ ബാറ്റ് വെച്ച് പുറത്തേക്ക് നടക്കുന്ന സച്ചിന് തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലെ സ്ഥിരം കാഴ്ചയായിരുന്നു. ആ മക്ഗ്രാത്താണ് പറയുന്നത്, ഇന്ത്യയെ നയിക്കാന്‍ ഏറ്റവും പറ്റിയ കളിക്കാരന് വിരാട് കോലി തന്നെ എന്ന്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാവി കോലിയുടെ കയ്യില്‍ ഭദ്രമാണെന്നും മക്ഗ്രാത്ത് പറയുന്നു - ഇതില്പരം എന്ത് വേണം കോലിക്ക്.
കോലിയെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം പോസിറ്റീവായ ഒരു നീക്കമാണ് എന്നാണ് ഗ്ലെന്‍ മക്ഗ്രാത്ത് പറയുന്നത്. ശക്തനായ ക്യാപ്റ്റന്‍ വേണം ടീമിനെ നയിക്കാന്‍. ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നവനാകണം. വിരാട് കോലിയുടെ ബാറ്റിംഗിനെ കുറിച്ചും മക്ഗ്രാത്തിന് ഒരു പാട് പറയാനുണ്ട്. ക്ലാസ് ബാറ്റ്സ്മാന് എന്നാണ് മക്ഗ്രാത്ത് വിരാടിനെ വിളിക്കുന്നത്.
വരുണ്‍ ആറോണ്‍, ഉമേഷ് യാദവ്, ഈശ്വര്‍ പാണ്ഡെ, മുഹമ്മദ് ഷമി തുടങ്ങിയ ഫാസ്റ്റ് ബൗളര്‍മാരുടെ കയ്യില്‍ ഇന്ത്യയുടെ ബൗളിംഗും ഭദ്രമാണ്. ഇന്ത്യ പോലെ ഒരു മികച്ച ടീമിന് സ്വന്തം നാട്ടില്‍ നിന്നും ഒരു കോച്ചുണ്ടാകുന്നതാണ് നല്ലതെന്നും ഒരു ചോദ്യത്തിന് മറുപടിയായി മക്ഗ്രാത്ത് പറഞ്ഞു. ഓസ്ട്രേലിയയുടെ സുവര്‍ണ കാലത്ത് ക്രിക്കറ്റ് കളിച്ച മക്ഗ്രാത്ത് ടെസ്റ്റില്‍ 563 ഉം ഏകദിനത്തില്‍ 381 ഉം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.