ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിക്കാന്‍ വീണ്ടുമൊരു ഇന്ത്യ-പാകിസ്താന്‍ ത്രില്ലര്‍. ഐസിസി അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലിലാണ് ബദ്ധവൈരികള്‍ മുഖാമുഖം വരുന്നത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നു മണിക്ക് മല്‍സരം ആരംഭിക്കും. ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഉജ്ജ്വല പ്രകടനമാണ് ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ കാഴ്ചവച്ചത്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളടക്കം കളിച്ച നാലു മല്‍സരങ്ങളിലും ആധികാരികമായിരുന്നു ഇന്ത്യന്‍ വിജയം. വമ്പന്‍മാരായ ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ടാണ് ഇന്ത്യ വരവറിയിച്ചത്. പിന്നീട് പപ്പുവ ന്യൂ ഗ്വിനിയയെയും സിംബാബ്‌വെയെയും നിഷ്പ്രഭരാക്കിയ ഇന്ത്യ ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെയും തുരത്തിയിരുന്നു. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാത്ത ഏക ടീം കൂടിയാണ് ഇന്ത്യ.

മറുഭാഗത്ത് തോല്‍വിയോടെയാണ് പാകിസ്താന്‍ ടൂര്‍ണമെന്റില്‍ തുടങ്ങിയത്. ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ അഫ്ഗാനിസ്താനോടേറ്റ അട്ടിമറിത്തോല്‍വിക്കു ശേഷം പാകിസ്താന്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നീട് തുടരെ മൂന്നു കളികള്‍ ജയിച്ചാണ് പാകിസ്താന്‍ അവസാന നാലു ടീമുകളിലൊന്നായത്.
ബാറ്റിങില്‍ ശുഭ്മാന്‍ ഗില്ലും ബൗളിങില്‍ അനുകുല്‍ റോയിയുമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയത്. കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും താരം അര്‍ധസെഞ്ച്വറി നേടിയിരുന്നു. പുറത്താവാതെ നേടിയ 90 റണ്‍സാണ് ശുഭ്മാന്റെ മികച്ച സ്‌കോര്‍. ബൗളിങില്‍ അനുകൂല്‍ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതുവരെ നാലു കളികളില്‍ നിന്നായി 11 വിക്കറ്റുകള്‍ താരം പോക്കറ്റിലാക്കിക്കഴിഞ്ഞു. പേസ് ബൗളിങില്‍ കമലേഷ് നാഗര്‍കോട്ടിയും ഇന്ത്യയുടെ തുറുപ്പുചീട്ടാണ്. നാലു മല്‍സരങ്ങളില്‍ വെറും 3.51 ശരാശരിയില്‍ ഏഴു വിക്കറ്റുകള്‍ താരം പിഴുതിരുന്നു.

അണ്ടര്‍ 19 വിഭാഗത്തില്‍ ഇന്ത്യയും പാകിസ്താനും ഇതുവരെ 21 തവണ മുഖാമുഖം വന്നിട്ടുണ്ട്. ഇതില്‍ 12 മല്‍സരങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. എട്ടു കളികളില്‍ പാകിസ്താന്‍ ജയിച്ചപ്പോള്‍ ഒന്ന് സമനിലയില്‍ കലാശിച്ചു. അവസാനമായി 2014ലെ അണ്ടര്‍ 19 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തത്. അന്നു മലയാളി താരം സഞ്ജു സാംസണിന്റെ (68) തകര്‍പ്പന്‍ പ്രകടനതത്തിന്റെ മികവില്‍ ഇന്ത്യ ജയം കൊയ്തിരുന്നു.