ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിലെ പിച്ചിന്റെ വിവരം അനുസരിച്ച് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാവും മുന്‍തൂക്കം. ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. ജസ്പ്രീത് ബൂംറയ്ക്ക് വിശ്രമം അനുവദിച്ച ഇന്ത്യ മുഹമ്മദ് സിറാജിന് അവസരം നല്‍കി. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കി കുല്‍ദീപ് യാദവിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. ഷഹബാസ് നദീമിനെ ഒഴിവാക്കിയപ്പോള്‍ അക്‌സര്‍ പട്ടേലിന് അരങ്ങേറ്റത്തിനുള്ള അവസരവും നല്‍കി.

ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് ഏറ്റുവാങ്ങിയ 227 റണ്‍സിന്റെ തോല്‍വിക്ക് കണക്ക് പറയാന്‍ ഉറച്ചാവും ഇന്ത്യ ഇറങ്ങുന്നത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ചെന്നൈ തന്നെയാണ് വേദി. എന്നാല്‍ ആദ്യ മത്സരത്തിലെ പിച്ചില്‍ നിന്ന് വളരെ വ്യത്യാസം രണ്ടാം മത്സരത്തിലെ പിച്ചിനുണ്ടാവും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ തയ്യാറാക്കിയതാണ്. രണ്ടാം മത്സരവും കൈവിട്ടാല്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കുക ഇന്ത്യക്ക് വളരെ കടുപ്പമാവും.
ക്യാപ്റ്റനെന്ന നിലയില്‍ അവസാന നാല് മത്സരവും തോറ്റ വിരാട് കോലിക്ക് ഇന്ത്യയെ വിജയ വഴിയില്‍ തിരിച്ചെത്തിക്കേണ്ടത് അഭിമാന പ്രശ്നമാണ്. ക്യാപ്റ്റന്‍സി മാറ്റത്തിന്റെ മുറവിളി ഒരുഭാഗത്ത് നിന്നും ഉയരെ ഇന്ത്യന്‍ ടീമിനെ കരയിലടുപ്പിക്കേണ്ടത് കോലിയുടെ ചുമതലയാണ്. ബാറ്റിങ്ങിലും പഴയ ഫോമിലേക്കെത്താന്‍ കോലിക്ക് സാധിക്കുന്നില്ല എന്നത് ടീമിനെ കാര്യമായി ബാധിക്കുന്നു.
അജിന്‍ക്യ രഹാനെയ്ക്കും രോഹിത് ശര്‍മയ്ക്കും രണ്ടാം ടെസ്റ്റ് നിര്‍ണ്ണായകാണ്. ആദ്യ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഇരുവര്‍ക്കും രണ്ടാം ടെസ്റ്റിലും തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്നുറപ്പാണ്. മായങ്ക് അഗര്‍വാളും കെഎല്‍ രാഹുലും അവസരം കാത്ത് പുറത്തിരിക്കുന്നുണ്ട്. ഇരുവരും മികച്ച ഹോം ശരാശരിയുള്ള താരങ്ങളാണ്.
രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റം മാത്രമാണ് പ്രതീക്ഷിക്കുന്നത്. മോശം ഫോമിലുള്ള ഷഹബാസ് നദീം പുറത്തുപോകുമ്പോള്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ ടീമിലേക്ക് എത്തിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ത്തന്നെ അക്സര്‍ കളിക്കേണ്ടതായിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് അവസാന നിമിഷം പിന്മാറുകയായിരുന്നു. ആരാധകര്‍ തിരിച്ചെത്തുന്നതിനാല്‍ തന്നെ ഇന്ത്യക്ക് ജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്.
ഇംഗ്ലണ്ട് നാല് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. പരിക്കേറ്റ ജോഫ്രാ ആര്‍ച്ചറിന് പിന്നാലെ സീനിയര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സനും ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചു. ഒന്നാം ടെസ്റ്റില്‍ തിളങ്ങിയ ആന്‍ഡേഴ്സനെ അവസാന രണ്ട് മത്സരത്തില്‍ കളിക്കുന്നതിനായാണ് വിശ്രമം നല്‍കിയത്. പകരം സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്സും ടീമിലെത്തിയിട്ടുണ്ട്. ഇരുവര്‍ക്കും ഇന്ത്യയില്‍ കളിച്ച് പരിചയസമ്പത്തുണ്ട്.
ഡോം ബെസ്സിന് പകരം പരിചയസമ്പന്നനായ സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയേയും ഇംഗ്ലണ്ട് ടീമിലെത്തിച്ചിട്ടുണ്ട്. ആര്‍സിബിയില്‍ കോലിക്കൊപ്പം കളിച്ച് പരിചയമുള്ള മോയിന്‍ അലിയെ ഉപയോഗിച്ച് ഇന്ത്യന്‍ താരത്തെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ടീം. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായാണ് പിച്ചൊരുക്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ ആര്‍ അശ്വിന് ലഭിക്കുന്ന പിന്തുണ എത്രത്തോളമെന്നതിനനുസരിച്ചാവും ആതിഥേയരുടെ വിജയ സാധ്യത.
സീനിയര്‍ താരങ്ങള്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കേണ്ടത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമാവും. എന്നാല്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ ബാറ്റിങ് ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. താരത്തെ നേരത്തെ മടക്കാനായാല്‍ ഇന്ത്യക്ക് ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കും.
പ്ലേയിങ് ഇലവന്‍
ഇന്ത്യ-ശുഭ്മാന്‍ ഗില്‍,രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര,വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്-ഡൊമിനിക്ക് സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്സ്, ഓലി പോപ്പ്, ബെന്‍ ഫോക്സ്, മോയിന്‍ ലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ഓലി സ്റ്റോണ്‍.