
വിന്നിങ് കോമ്പിനേഷന്‍ മാറ്റില്ല
നാലും അഞ്ചും ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ യുവ ബാറ്റ്‌സ്മാന്‍മാരായ പൃഥ്വി ഷായെയും ഹനുമാ വിഹാരിയെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നാലാം ടെസ്റ്റില്‍ ഇവരില്‍ ആര്‍ക്കും അവസരം ലഭിക്കാന്‍ സാധ്യതയില്ല. കാരണം നിലവിലെ വിന്നിങ് കോമ്പിനേഷനെ മാറ്റാന്‍ കോലി ആഗ്രഹിക്കുന്നില്ലെന്നതാണ്. അതേസമയം, സാരമായി പരിക്കേറ്റ സ്പിന്നര്‍ ആര്‍ അശ്വിന്‍ പിന്‍മാറുകയാണെങ്കില്‍ പകരം രവീന്ദ്ര ജഡേജ കളിച്ചേക്കുമെന്നാണ് സൂചന.

കോലിയുടെ ഫോം
ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ഫോമില്‍ തന്നെയാണ് ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നത്. മൂന്നു ടെസ്റ്റുകളില്‍ നിന്നും 440 റണ്‍സ് ഇന്ത്യന്‍ നായകന്‍ വാരിക്കൂട്ടിക്കഴിഞ്ഞു. രണ്ടു വീതം സെഞ്ച്വറികളും അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റുകളിലും ഫോം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോലി.

ഇഷാന്ത് കുന്തമുന
ബാറ്റിങില്‍ കോലിയാണ് ഇന്ത്യയുടെ തുറുപ്പുചീട്ടെങ്കില്‍ ബൗളിങില്‍ പരിചയസമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മയാണ് ഇന്ത്യയുടെ കുന്തമുന. മൂന്നു ടെസ്റ്റുകളില്‍ നിന്നും 11 വിക്കറ്റുകള്‍ താരം നേടിക്കഴിഞ്ഞു. പരിക്കു ഭേമായി മൂന്നാം ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തിയ ജസ്പ്രീത് ബുംറ ഏഴു വിക്കറ്റുകളുമായി മടങ്ങിവരവ് ആഘോഷിച്ചിരുന്നു. ഇഷാന്തിന്റെയും ബുംറയുടെ തകര്‍പ്പന്‍ ബൗളിങിന്റെ മികവില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കാമെന്നാണ് കോലിയുടെ കണക്കുകൂട്ടല്‍.
ഇവര്‍ മാത്രമല്ല ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവരും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്
മൂന്നാം ടെസ്റ്റിലേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവിനു കോപ്പുകൂട്ടിയാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിറങ്ങുന്നത്. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തിരിച്ചടിയായത്. ഈ വര്‍ഷം ഇതുവരെ നാട്ടില്‍ കളിച്ച അഞ്ചു ടെസ്റ്റില്‍ മൂന്നെണ്ണത്തില്‍ ജയിച്ച ഇംഗ്ലണ്ട് രണ്ടെണ്ണത്തില്‍ തോല്‍വിയേറ്റുവാങ്ങിയിരുന്നു.

റൂട്ടിന്റെ മോശം ഫോം
ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ മോശം ഫോമാണ് പരമ്പരയില്‍ ഇംഗ്ലണ്ടിനു തലവേദനയാവുന്നത്. അവസാനത്തെ മൂന്ന് ഇന്നിങ്‌സുകളില്‍ 19 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. മികച്ച പ്രകടനത്തിലൂടെ നാലാം ടെസ്റ്റില്‍ വിമര്‍ശകരുടെ വായടപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റൂട്ട്.
ബൗളിങില്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ഉജ്ജ്വല ഫോം ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താന്‍ ജിമ്മിക്ക് ഇനി ആറു വിക്കറ്റുകള്‍ കൂടി മതി.

സാധ്യതാ ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍ (രവീന്ദ്ര ജഡേജ), ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട്- ജോ റൂട്ട് (ക്യാപ്റ്റന്‍), ഓലി പോപ്പ്, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, സാം കറെന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, കീറ്റണ്‍ ജെന്നിങ്‌സ്, ജെയിംസ് വിന്‍സ്.


Click it and Unblock the Notifications











