For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആറില്‍ ആറ്, 12ല്‍ 10, വിജയങ്ങളുടെ തമ്പുരാനായി കോലി, ഇങ്ങനെ പോയാല്‍ ധോണിയും ദാദയും തെറിക്കും!!

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ജയത്തോടെ നിരവധി നേട്ടങ്ങള്‍ കൂടി ഇന്ത്യ കുറിച്ചു

By Manu

പൂനെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നു തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ആരാധകര്‍ കാണാതെ പോയ പലതുമുണ്ട്. നാട്ടില്‍ വിരാട് കോലിക്കു കീഴില്‍ അപരാജിത റെക്കോഡ് കാത്തുസൂക്ഷിച്ച ഇന്ത്യ മറ്റു പല നേട്ടങ്ങള്‍ കൂടി ഈ മല്‍സരത്തില്‍ കുറിച്ചു.

 വിജയകരമായ റണ്‍ചേസില്‍ കോലിയുടെ 15ാം സെഞ്ച്വറി

റണ്‍ചേസില്‍ തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്ന് കോലി വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കുന്ന തുടര്‍ച്ചയായ 15ാം മല്‍സരത്തിലാണ് കോലി സെഞ്ച്വറി നേട്ടം കൈവരിക്കുന്നത്. ഇതോടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 14 സെഞ്ച്വറികളെന്ന റെക്കോഡും പഴങ്കഥയായി.

കോലി ഇനി സച്ചിനൊപ്പം

ഏകദിനത്തില്‍ റണ്‍ചേസില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോഡിനൊപ്പം കോലിയെത്തി. 96 മല്‍സരങ്ങളില്‍ നിന്ന് കോലി 17 സെഞ്ച്വറികള്‍ നേടിയപ്പോള്‍ സച്ചിന് ഇത്രയും സെഞ്ച്വറികള്‍ നേടാന്‍ 232 മല്‍സരങ്ങള്‍ വേണ്ടിവന്നു.

യാദവും കുറിച്ചു റെക്കോഡില്‍ പേര്

ഏകദിനത്തില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ അഞ്ചാമത്തെ സെഞ്ച്വറിയെന്ന നേട്ടത്തിന് കേദാര്‍ യാദവ് അവകാശിയായി. 65 പന്തില്‍ നിന്നാണ് യാദവ് മൂന്നക്കം തികച്ചത്. കോലി, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ് എന്നിവര്‍ മാത്രമാണ് യാദവിനു മുന്നിലുള്ളത്. കോലി രണ്ടു തവണ (52, 60 പന്ത്) ഈ നേട്ടത്തിന് ഉടമയായിട്ടുണ്ട്.

ഏറ്റവും വലിയ നാലാമത്തെ ചേസ്

ഏകദിനത്തില്‍ ഏറ്റവും വലിയ നാലാമത്തെ റണ്‍ചേസ് കൂടിയാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ കുറിച്ചത്. 350ല്‍ അധികം സ്‌കോര്‍ ഇതുവരെ ഏകദിനത്തില്‍ ആറു തവണ പിന്തുടര്‍ന്ന് ജയിച്ചിട്ടുണ്ട്. ഇതില്‍ മൂന്നും ഇന്ത്യയുടെ പേരിലാണ്. ഇംഗ്ലണ്ടിനെതിരേ 350ല്‍ കൂടുതല്‍ റണ്‍സ് പിന്തുടര്‍ന്നു ജയിച്ച ആദ്യ ടീം കൂടിയാണ് ഇന്ത്യ.

കോലിയാണ് താരം

ഏകദിനത്തില്‍ ഇന്ത്യ മൂന്നു തവണ 350നു മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചപ്പോഴും കോലി സെഞ്ച്വറി നേടിയിരുന്നു.

 ഗതി മാറ്റിയ കൂട്ടുകെട്ട്

ഇംഗ്ലണ്ടിനെതിരേ അഞ്ചാം വിക്കറ്റില്‍ കോലിയും യാദവും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യയെ അവിസ്മരണീയ ജയത്തിലേക്കു നയിച്ചത്. 200 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഏകദിനത്തില്‍ അഞ്ചാം വിക്കറ്റില്‍ ഏറ്റവുമുയര്‍ന്ന അഞ്ചാമത്തെ കൂട്ടുകെട്ട് കൂടിയാണിത്.

വിമര്‍ശകരുടെ വായടപ്പിച്ച് കോലി

ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡല്ല സമീപകാലത്ത് കോലിക്കുണ്ടായിരുന്നത്. അവസാന 10 ഏകദിനങ്ങളിലും ഇംഗ്ലണ്ടിനെതിരേ കോലി നിരാശപ്പെടുത്തിയിരുന്നു. 10 മല്‍സരങ്ങള്‍ക്കു ശേഷമാണ് കോലി ഇംഗ്ലണ്ടിനെതിരേ 50നു മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്.

വീണ്ടും നിരാശപ്പെടുത്തി ഓപണര്‍മാര്‍

ഏകദിനത്തില്‍ ഇന്ത്യന്‍ ഓപണര്‍മാര്‍ വീണ്ടും നിരാശപ്പെടുത്തി. 2005നു ശേഷം ആദ്യമായാണ് ഇന്ത്യയുടെ രണ്ട് ഓപണര്‍മാര്‍ക്കും 10ല്‍ കൂടുതല്‍ റണ്‍സ് നേടാനാവാതെ പോവുന്നത്. ഇംഗ്ലണ്ടിനെതിരേ ഓപണര്‍മാരായ ലോകേഷ് രാഹുല്‍ എട്ടും ശിഖര്‍ ധവാന്‍ ഒരു റണ്‍സും നേടി പുറത്തായിരുന്നു.

അവസാന ഓവറുകളില്‍ ഇംഗ്ലീഷ് വെടിക്കെട്ട്

ഇന്നിങ്‌സിലെ അവസാന ഓവറുകള്‍ റണ്‍സ് വാരിക്കൂട്ടുന്നത് ഇംഗ്ലണ്ട് പതിവാക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരേ അവസാന എട്ടോവറില്‍ 105 റണ്‍സാണ് അവര്‍ നേടിയത്. അവസാന ഓവറുകളില്‍ അവരുടെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റിങ് പ്രകടനം കൂടിയാണിത്.

 ഇന്ത്യയിലെ ഉയര്‍ന്ന സ്‌കോര്‍

ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ഇന്ത്യയില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന ടീം സ്‌കോറാണ് ആദ്യ കളിയില്‍ ഇംഗ്ലണ്ട് നേടിയത്. ഇതിനു മുമ്പ് 2011ലെ ലോകകപ്പില്‍ ബംഗളൂരുവില്‍ നേടിയ എട്ടിന് 338 റണ്‍സായിരുന്നു ഉയര്‍ന്നത്.

നാട്ടില്‍ കോലി തോറ്റിട്ടില്ല

ക്യാപ്റ്റനായി നാട്ടില്‍ ഒരു മല്‍സരം പോലും കോലി തോറ്റിട്ടില്ല. ഏകദിനത്തില്‍ കോലിക്കു കീഴില്‍ ഇതുവരെ കളിച്ച ആറു മല്‍സരങ്ങളിലും ഇന്ത്യ ജയം കൊയ്തു. ടെസ്റ്റിലാവട്ടെ കോലിക്കു കീഴില്‍ 12 മല്‍സരങ്ങളില്‍ 10ലും ഇന്ത്യ ജയിച്ചു. രണ്ടു കളികള്‍ സമനിലയില്‍ പിരിയുകയായിരുന്നു.

Story first published: Monday, January 16, 2017, 15:59 [IST]
Other articles published on Jan 16, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+