
ദില്ലി: ഈ വര്‍ഷത്തെ മികച്ച ഏകദിന ടീമെന്ന ബഹുമതി ഇന്ത്യയ്ക്ക്. 2018ല്‍ ആകെ 20 ഏകദിനങ്ങള്‍ ഇന്ത്യ കളിച്ചപ്പോള്‍ പതിനാല് മത്സരങ്ങളിലും ജയം ഒപ്പം നിന്നു. 75 ആണ് ഇന്ത്യയുടെ വിജയശതമാനം. തൊട്ടടുത്തുള്ളത് ഇംഗ്ലണ്ട്, 24 ഏകദിനങ്ങള്‍ കളിച്ച അവര്‍ 17 എണ്ണത്തില്‍ ജയിച്ചു. 73.91 ആണ് വിജയശതമാനം. കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യ മുന്നിട്ടുനിന്ന വര്‍ഷം കൂടിയാണ് 2018 എന്നു പറയാം.

ഫിബ്രുവരിയില്‍ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തോടെയാണ് ഇന്ത്യ ഏകദിനത്തിലെ വിജയക്കുതിപ്പ് ആരംഭിച്ചത്. 5-1 എന്ന നിലയില്‍ ഏകപക്ഷീയമായാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചത്. തൊട്ടുപിന്നാലെ ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയിക്കാനായില്ല. അവിടെ 2-1 എന്ന നിലയില്‍ തോറ്റു. ഇവിടെനിന്നും മടങ്ങിയെത്തിയ ഇന്ത്യ ഏഷ്യാ കപ്പിലും വിജയപരമ്പര തീര്‍ത്തു.
ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ഏഴാം ഏഷ്യാ കപ്പ് ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ വെസ്റ്റിന്‍ഡീസ് ആണ് പിന്നീട് എതിരാളികളായത്. വിന്‍ഡീസിനെതിരെ 3-1 എന്ന നിലയിലും ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇതോടെ ഈ വര്‍ഷത്തെ ഇന്ത്യയുടെ ഏകദിന മത്സരങ്ങള്‍ക്കും വിരാമമായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ലോക നിലവാരുമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്.
ക്യാപ്റ്റന്‍ വിരാട് കോലി 14 മത്സരങ്ങളില്‍നിന്നും 1202 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 133.55 റണ്‍സ് ശരാശരിയില്‍ ആറ് സെഞ്ച്വറികളും നേടി. തൊട്ടുപിന്നിലുള്ള വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 19 മത്സരങ്ങളില്‍നിന്നായി 1030 റണ്‍സാണ് അടിച്ചുകൂട്ടിയത്. അഞ്ച് സെഞ്ച്വറികള്‍ നേടിയ രോഹിത്ത് 36 സിക്‌സറുകളും പറത്തി. 19 മത്സരങ്ങളില്‍നിന്നായി 45 വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവ് ആണ് ബൗളര്‍മാരിലെ കേമന്‍. അടുത്തവര്‍ഷം ഓസ്‌ട്രേലിയയിലും, ന്യൂസിലന്‍ഡിലും നടക്കാനിരിക്കുന്ന പരമ്പരകളും പിന്നീട് ഇംഗ്ലണ്ടിലും വെയില്‍സിലുമായി വരുന്ന ലോകകപ്പുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍.