അണ്ടര്‍ 19 ഏഷ്യാ കപ്പ്: ചേട്ടന്‍മാരെ കണ്ടല്ലേ പഠിക്കുന്നത്.. യുഎഇ നിലം തൊട്ടില്ല!! ഇന്ത്യ മിന്നി
ചിറ്റഗോങ്: സീനിയര്‍ ടീമിന്റെ ഏഷ്യാ കപ്പ് കിരീടവിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ജൂനിയര്‍ ടീമിന്റെയും മിന്നുന്ന പ്രകടനം. ബംഗ്ലാദേശില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിലാണ് ഇന്ത്യന്‍ യുവനിര തകര്‍ത്തുമുന്നേറുന്നത്. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാമത്തെ മല്‍സരത്തില്‍ യുഎഇയെ ഇന്ത്യ 227 റണ്‍സിന് കശാപ്പ് ചെയ്യുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ നേപ്പാളിനെ ഇന്ത്യ 171 റണ്‍സിന് കെട്ടുകെട്ടിച്ചിരുന്നു.

ഇന്ത്യന്‍ വിജയശില്‍പ്പി മലയാളി താരം
യുഎഇയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 354 റണ്‍സ് അടിച്ചെടുത്തു. ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലാണ് ഇന്ത്യയുടെ ഹീറോ. 115 പന്തില്‍ 15 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 121 റണ്‍സാണ് ദേവ്ദത്ത് നേടിയത്. മറ്റൊരു ഓപ്പണറായ അനൂജ് റാവത്തും (102) സെഞ്ച്വറി നേടി.
മറുപടി ബാറ്റിങില്‍ യുഎഇ 33.5 ഓവറില്‍ വെറും 127 റണ്‍സിനു പുറത്തായി. ആറു വിക്കറ്റെടുത്ത സിദ്ധാര്‍ഥ് ദേശായ് ആണ് യുഎഇയുടെ അന്തകനായത്

ഹോങ്കോങിനെ നാണംകെടുത്തി ലങ്ക
ഗ്രൂപ്പ് ബിയില്‍ ഹോങ്കോങിനെ ശ്രീലങ്ക നാണംകെടുത്തുന്നതിനുമ ടൂര്‍ണമെന്റ് സാക്ഷിയായി. ലങ്കയുടെ തീപാറുന്ന ബൗളിങിനു മുന്നില്‍ ഹോങ്കോങ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നുവീണു. 50 ഓവര്‍ മല്‍സരത്തില്‍ ഹോങ്കോങിന്റെ ഇന്നിങ്‌സ് വെറും 56 റണ്‍സില്‍ അവസാനിച്ചു. മറുപടിയില്‍ വിക്കറ്റൊന്നും പോവാതെ 10 വിക്കറ്റിനാണ് ദ്വീപുകാര്‍ ജയിച്ചു കയറിയത്.
ടൂര്‍ണമെന്റില്‍ ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഗ്രൂപ്പ് വിജയം കൂടിയാണിത്.

ഇന്ത്യയുടെ ലക്ഷ്യം നാലാം കിരീടം
അണ്ടര്‍ 19 ഏഷ്യാ കപ്പിന്റെ അഞ്ചാമത്തെ എഡിഷനാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ നടക്കുന്നത്. കഴിഞ്ഞ നാലു ടൂര്‍ണമെന്റുകളില്‍ മൂന്നിലും ഇന്ത്യക്കായിരുന്നു കിരീടം. 2017ലെ അവസാന ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച് അഫ്ഗാനിസ്താന്‍ ജേതാക്കളായിരുന്നു.
2012ലെ പ്രഥമ ടൂര്‍ണമെന്റില്‍ ഇന്ത്യയും ചിരവൈരികളായ പാകിസ്താനും കിരീടം പങ്കുവയ്ക്കുകയായിരുന്നു. സ്‌കോര്‍ ടൈ ആയതിനെ തുടര്‍ന്നായിരുന്നു ഇത്.
ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പവന്‍ ഷായാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. തൃശൂര്‍ എടപ്പാല്‍ സ്വദേശിയായ ദേവ്ദത്താണ് ടീമിലെ ഏക മലയാളി സാന്നിധ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications