'ഇന്ത്യ പാക്കിസ്ഥാനെതിരെ കളിച്ചില്ലെങ്കില്‍ ലോകകപ്പില്‍നിന്നും പുറത്തേക്ക്', മുന്നറിയിപ്പ്
ദുബായ്: വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കരുതെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദ്ദേശിച്ചതോടെ വിഷയത്തില്‍ ചൂടുള്ള ചര്‍ച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. ബിസിസിഐയും ഇന്ത്യന്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ വിശകലനം നടത്തിക്കൊണ്ടിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് ഇന്ത്യ പാക് ക്രിക്കറ്റ് വേണോ വേണ്ടയോ എന്ന ചര്‍ച്ച വീണ്ടും സജീവമായത്.
ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്താനാണ് മുന്‍ താരങ്ങളുടേയും ഇപ്പോഴത്തെ ചില കളിക്കാരുടെയും നിര്‍ദ്ദേശം. ഇന്ത്യന്‍ സര്‍ക്കാര്‍ ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തേണ്ടത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ കളിക്കില്ലെന്ന് ബിസിസിഐയും കളിക്കാരും വ്യക്തമാക്കിക്കഴിഞ്ഞു.

ചേതന്‍ ശര്‍മയുടെ മുന്നറിയിപ്പ്
എന്നാല്‍, കളിയില്‍നിന്നും പിന്മാറിയാല്‍ ഇന്ത്യയ്ക്ക് കനത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതന്‍ ശര്‍മ മുന്നറിയിപ്പ് നല്‍കി. കളിയില്‍നിന്നും പിന്മാറുക അത്ര എളുപ്പമല്ലെന്നാണ് ചേതന്‍ ശര്‍മയുടെ വിലയിരുത്തല്‍. ടൂര്‍ണമെന്റിലെ നിയമം പാലിക്കാന്‍ ഇന്ത്യ ബാധ്യസ്തരാണ്. പിന്മാറിയാല്‍ ഇന്ത്യയ്ക്ക് വിലക്ക് ലഭിച്ചേക്കാം. അതല്ലെങ്കില്‍ വലിയ പിഴയൊടുക്കേണ്ടിവരുമെന്നും ശര്‍മ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഏറെ ആലോചിക്കാതെ തീരുമാനമെടുക്കരുതെന്നാണ് ശര്‍മയുടെ അഭിപ്രായം.

ഹര്‍ഭജന്‍ സിങ്ങിന്റെ ആവശ്യം
നേരത്തെ മുന്‍താരം ഹര്‍ഭജന്‍ സിങ് പാക്കിസ്ഥാനെതിരെ കളിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ജൂണ്‍ 16ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കരുതെന്നാണ് ഭാജി ആവശ്യപ്പെടുന്നത്. ഈ മത്സരത്തില്‍ നിന്നും പിന്‍മാറിയാലും അത് ഇന്ത്യക്കു തിരിച്ചടിയാവില്ല. മറ്റു മത്സരങ്ങളിലെല്ലാം ജയിച്ച് കിരീടം നേടാനുള്ള ശേഷി ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനുണ്ടെന്നും ഒരു ദേശീയ ചാനലിനോടു ഭാജി പറഞ്ഞു.

ഐസിസിയുടെ തീരുമാനം
മത്സരം അനിശ്ചിതത്വത്തില്‍ നില്‍ക്കവെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. പുതിയ സംഭവ വികാസങ്ങളുടെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മല്‍സരം റദ്ദാക്കില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഐസിസി മേധാവി ഡേവ് റിച്ചാര്‍ഡ്സന്‍ അറിയിച്ചു. നിലവിലെ മത്സരക്രമത്തില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും
40 സൈനികരാണ് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കരുതെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും ആവശ്യപ്പെട്ടു. കാര്യങ്ങള്‍ സങ്കര്‍ണമാണ്. കളിക്കരുതെന്ന് പറയാനുള്ള സമയമാണിത്. പാക് പ്രധാനമന്ത്രി ജവാന്മാര്‍ക്കായി ഒരു ആദരാഞ്ജലിപോലും അര്‍പ്പിച്ചില്ലെന്നും ഇത്തരമൊരു രാജ്യത്തിനൊപ്പം ക്രിക്കറ്റ് കളിക്കേണ്ട സമയമിതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications