ദില്ലി: ഓസ്‌ട്രേലിയയുമായുള്ള രണ്ടാം ടെസ്റ്റിലുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ടീം ഐസിസിക്ക് പരാതി നല്‍കുന്നു. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഡിആര്‍എസ് റിവ്യൂവിനായി ഡ്രസ്സിങ് റൂമിലേക്ക് നോക്കിയതിനെതിരെയാണ് ഐസിസി മാച്ച് റഫറി ക്രിസ് ബോര്‍ഡിന് ഇന്ത്യന്‍ ടീം പരാതി നല്‍കുന്നത്.
ക്രിക്കറ്റ് നിയമത്തിന് വിരുദ്ധമായാണ് ഓസീസ് ക്യാപ്റ്റന്റെ പ്രവര്‍ത്തിയെന്ന് ഇന്ത്യ ആരോപിക്കുന്നു. സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിയുടെ തീരുമാനത്തിനായാണ് ബിസിസിഐ കാത്തു നില്‍ക്കുന്നത്. കമ്മറ്റിയുടെ അനുമതി ലഭിച്ചലുടന്‍ പരാതി നല്‍കാനാണ് തീരുമാനം. സംഭവത്തില്‍ നേരത്തെ സ്റ്റീവ് സ്മിത്ത് മാപ്പു പറഞ്ഞിരുന്നു.

ബെംഗളുരു ടെസ്റ്റില്‍ അമ്പയര്‍ ഔട്ട് വിധിച്ചതിനുശേഷവും ഗ്രൗണ്ട് വിടാതെ ഡ്രസ്സിങ് റൂമില്‍ നിന്നുള്ള അറിയിപ്പിനായി സ്മിത്ത് കാത്തുനിന്നതാണ് വിവാദത്തിനിടയാക്കിയത്. റിവ്യൂ എടുക്കണോ വേണ്ടയോ എന്നറിയാനായിരുന്നു ഇത്. ഡ്രസ്സിങ് റൂമിലുള്ളവര്‍ക്ക് റീപ്ലേ കാണാമെന്നതിനാല്‍ ഇത് തെറ്റായ നടപടിയാണെന്ന് മുന്‍കളിക്കാര്‍ വിമര്‍ശിക്കുന്നു.
അതേസമയം, കളിയുടെ സ്പിരിറ്റിന് എതിരായി തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ഓസീസ് കോച്ച് ഡാരന്‍ ലീമാന്‍ പറയുന്നത്. കോലിയുടെ ആരോപണത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയയും വിമര്‍ശിച്ചു. തനിക്ക് വന്ന പിഴവാണിതെന്ന് സ്റ്റീവ് വ്യക്തമാക്കിയതോടെ ആ അധ്യായം അവിടെ അവസാനിച്ചെന്നാണ് ഓസ്‌ട്രേലിയയുടെ വാദം.