ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരനേട്ടത്തോടെ ഐസിസിയുടെ പുതിയ ടെസ്റ്റ് ടീം റാങ്കിങില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തെത്തി. നാലു ടെസ്റ്റുകളുടെ പരമ്പര 3-1നായിരുന്നു ഇന്ത്യ പോക്കറ്റിലാക്കിയത്. ഇതോടെ റാങ്കിങിലും ഇന്ത്യ മുന്നേറ്റം നടത്തുകയായിരുന്നു. നേരത്തേ രണ്ടാംസ്ഥാനത്തായിരുന്ന ഇന്ത്യ ന്യൂസിലാന്‍ഡിനെ പിന്തള്ളിയാണ് നമ്പര്‍ വണ്ണായത്.
122 റേറ്റിങ് പോയിന്റുമായാണ് ഇന്ത്യ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 118 പോയിന്റാണ് രണ്ടാമതുള്ള ന്യൂസിലാന്‍ഡിനുള്ളത്. ഓസ്ട്രേലിയ (113), ഇംഗ്ലണ്ട് (105), പാകിസ്താന് (90) എന്നിവര്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ നില്ക്കുന്നു. ഐസിസി നമ്പര്‍ വണ്‍ ടീമിനുള്ള ദണ്ഡും 73 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ഏപ്രില്‍ ഒന്നിന് ഇന്ത്യക്കു സമ്മാനിക്കും.
ഇന്നിങ്സിനും 25 റണ്‍സിനുമാണ് നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളഞ്ഞത്. വെറും മൂന്നു ദിവസം കൊണ്ടു തന്നെ മല്‍സരം അവസാനിച്ചു. തൊട്ടുമുമ്പത്തെ പിങ്ക് ബോള്‍ ടെസ്റ്റ് രണ്ടു ദിവസം കൊണ്ടു തീര്‍ന്നിരുന്നു. പരമ്പര വിജയത്തോടെ ഐസിസിയുടെ പ്രഥമ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കും ഇന്ത്യ യോഗ്യ നേടി. ജൂണ്‍ 18 മുതല്‍ 22 വരെ ലണ്ടനിലെ ഐതിഹാസിക സ്റ്റേഡിയമായ ലോര്‍ഡ്സില്‍ ന്യൂസിലാന്‍ഡുമായാണ് ഇന്ത്യ ഏറ്റുമുട്ടുക. കിവീസ് നേരത്തേ തന്നെ ഫൈനലിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നീട്ടി വച്ചതോടെയാണ് ന്യൂസിലാന്‍ഡ് ഫൈനലില്‍ കടന്നത്.
ഇന്ത്യയോടു പിങ്ക് ബോള്‍ ടെസ്റ്റിലേറ്റ വന്‍ തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രതീക്ഷ അസ്തമിച്ചിരുന്നു. ഇന്ത്യക്കു ഫൈനലിലെത്താന്‍ നാലാം ടെസ്റ്റില്‍ സമനില മാത്രം മതിയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ജയിച്ച് പരമ്പര 2-2ന് അവസാനിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിനു പിന്നാലെ ഇന്ത്യയും ഫൈനല്‍ കാണാതെ പുറത്തുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ എതിരാളികള്‍ ഓസ്ട്രേലിയയാവുമായിരുന്ന.