അണ്ടര്‍ 19: ബൗളിങ് 'അനുകൂലം', ബാറ്റിങ് 'ശുഭം'... സിംബാബ്‌വെയെ മുക്കി ഇന്ത്യ
വെല്ലിങ്ടണ്‍: ഹാട്രിക്ക് ജയത്തോടെ ഇന്ത്യന്‍ യുവനിര ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ നോക്കൗട്ട്‌റൗണ്ടിലേക്ക് മുന്നേറി. മൂന്നാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മല്‍സരത്തില്‍ സിംബാബ്‌വെയെ 10 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്. ഗ്രൂപ്പ് ബിയിലെ ഡേനൈറ്റ് മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യയുടെ മാരക ഫോമിനു മുന്നില്‍ സിംബാബ്‌വെയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മല്‍സരത്തില്‍ ഓസ്‌ട്രേലിയ 311 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി. പപ്പുവ ന്യു ഗ്വിനിയയെയാണ് കംഗാരുക്കള്‍ നാണംകെടുത്തിയത്. ഗ്രൂപ്പ് ഡിയില്‍ ശ്രീലങ്കയെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ച് പാകിസ്താനും അടുത്തറൗണ്ടിലേക്ക് കുതിച്ചു.

എല്ലാം ഇന്ത്യക്ക് അനുകൂലം
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെയെ 200 പോലും തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 48.1 ഓവറില്‍ 154 റണ്‍സില്‍ സിംബാബ്‌വെയെ ഇന്ത്യ കൂടാരം കയറ്റി. ഒരാള്‍ പോലും സിംബാബ്‌വെ നിരയില്‍ അര്‍ധസെഞ്ച്വറി തികച്ചില്ല. 36 റണ്‍സെടുത്ത മില്‍റ്റണ്‍ ശുംഭയാണ് ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ ലിയാം റോച്ചെ 31 റണ്‍സ് നേടി.
അനുകുല്‍ റോയിയുടെ മാസ്മരിക സ്‌പെല്ലാണ് സിംബാബ്‌വെയെ തകര്‍ത്തത്. നാലു വിക്കറ്റുകളാണ് താരം കടപുഴക്കിയത്. 7.1 ഓവറില്‍ ഒരു മെയ്ഡനടക്കം 20 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ നാലു വിക്കറ്റ് പ്രകടനം.
അര്‍ഷ്ദീപ് സിങും അഭിഷേക് ശര്‍മയും രണ്ടു വിക്കറ്റ് വീതം നേടിയതോട സിംബാബ്‌വെയുടെ പതനം വേഗത്തിലായി.

പൃഥ്വിയല്ല, ശുഭ്മാന്റെ ഊഴം
ഓപ്പണറും ക്യാപ്റ്റനുമായ പൃഥ്വി ഷാ ഇത്തവണ ബാറ്റിങില്‍ താഴേക്കിറങ്ങി പരീക്ഷണത്തിനു മുതിര്‍ന്നപ്പോള്‍ താരമായത് ശുഭ്മാന്‍ ഗില്ലാണ്. വെറും 59 പന്തുകളില്‍ നിന്നും 14 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 90 റണ്‍സോടെ ശുഭ്മാന്‍ പുറത്താവാതെ നിന്നതോടെ 21.4 ഓവര്‍ കൊണ്ട് ഇന്ത്യ മല്‍സരം തീര്‍ത്തു.
ശുഭ്മാന് കൂട്ടായി മറുഭാഗത്ത് അര്‍ധസെഞ്ച്വറിയോടെ ഹര്‍വിക് ദേശായിയുമുണ്ടായിരുന്നു. 73 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 56 റണ്‍സാണ് താരം നേടിയത്.

പപ്പുവ ന്യു ഗ്വിനിയ നിഷ്പ്രഭം
ബാറ്റിങിലും ബൗളിങിലും പപ്പുവ ന്യു ഗ്വിനിയെ ഓസ്‌ട്രേലിയ നിഷ്പ്രഭമാക്കുന്നതാണ് മറ്റൊരു മല്‍സരത്തില്‍ കണ്ടത്. ഓപ്പണര്‍ നതാന്‍ മക്‌സ്വീനിയുടെ (156) തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ടു വിക്കറ്റിന് 370 റണ്‍സ് വാരിക്കൂട്ടിയിരുന്നു.
മറുപടിയില്‍ ഒരു ചെറുത്തുനില്‍പ്പ് പോലുമില്ലാതെ 24.5 ഓവറില്‍ വെറും 59 റണ്‍സിന് പപ്പുവ ന്യു ഗ്വിനിയ കൂടാരത്തില്‍ തിരിച്ചെത്തി. ഏഴു വിക്കറ്റെടുത്ത ജാസണ്‍ റാല്‍സ്റ്റണാണ് പപ്പുവ ന്യു ഗ്വിനിയയുടെ അന്തകനായത്.

ലങ്കയെ മറികടന്ന് പാകിസ്താന്‍
ആദ്യ ഗ്രൂപ്പ് മല്‍സത്തില്‍ അഫ്ഗാനിസ്താനെതിരായ അട്ടിമറി തോല്‍വിക്കു ശേഷം തകര്‍പ്പന്‍ തിരിച്ചുവരവാണ് മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍ നടത്തിയത്. ആവേശകരമായ മൂന്നാം ഗ്രൂപ്പ് മല്‍സരത്തില്‍ ലങ്കയെ മൂന്നു വിക്കറ്റിന് പാക്പട മറികടക്കുകയായിരുന്നു.
ആദ്യം ബാറ്റ് വീശിയ ലങ്ക 48.2 ഓവറില്‍ 188ന് പുറത്തായി. മറുപടി ബാറ്റിങില്‍ ലങ്കയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും മധ്യനിരയില്‍ അലി സറ്യാബ് ആസിഫിന്റെ (59) ഇന്നിങ്‌സ്. പാകിസ്താന് തുണയായി. 43.3 ഓവറില്‍ ഏഴു വിക്കറ്റിനവ് പാകിസ്താന്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications