കിങ് കോലി... 35ാം സെഞ്ച്വറി, ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കി ടീം ഇന്ത്യ

സെഞ്ചൂറിയന്‍: വിരാട് കോലിയുടെ ബാറ്റിന്റെ ചൂട് ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്കയറിഞ്ഞു. സെഞ്ച്വറികള്‍ നേടുന്നത് ഹോബിയാക്കി മാറ്റിയ കോലി വീണ്ടുമൊരു സെഞ്ച്വറി നേട്ടം സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയും മല്‍സരത്തിലും ഇന്ത്യക്കു ജയം. എട്ടു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ സെഞ്ചൂറിയനില്‍ ആഘോഷിച്ചത്.
നേരത്തേ ഇതേ പരമ്പരയിലെ രണ്ടാമത്തെ കളിയിലും ഈ മൈതാനത്ത് വച്ച് ആതിഥേയരെ ഇന്ത്യ നിഷ്പ്രഭരാക്കിയിരുന്നു. ഇതോടെ പരമ്പര ഇന്ത്യ 5-1ന് കൈക്കലാക്കി. ഇതിനു മുമ്പ് ഓസ്‌ട്രേലിയയോട് മാത്രമേ നാട്ടില്‍ ദക്ഷിണാഫ്രിക്ക ഒരു പരമ്പരയില്‍ അഞ്ചു മല്‍സരങ്ങള്‍ തോറ്റിട്ടുള്ളൂ.
അതേസമയം, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കന്നി ഏകദിന പരമ്പരയെന്ന നേട്ടത്തോടൊപ്പം വിദേശത്ത് തങ്ങളുടെ എക്കാലത്തെയും വലിയ വിജയം കൂടിയാണ് ഇന്ത്യ സ്വന്തം പേരില്‍ കുറിച്ചത്.

റണ്‍മെഷീന്‍
റണ്‍മെഷീനെന്ന വിളിപ്പേര് അന്വര്‍ഥമാക്കിയാണ് കോലി വീണ്ടുമൊരിക്കല്‍ക്കൂടി കരിയറില്‍ മൂന്നക്കമെന്ന നാഴികക്കല്ല് പിന്നിട്ടത്. പരമ്പരയിലെ മൂന്നാമത്തെയിം കരിയറിലെ 35ാാമത്തെയും സെഞ്ച്വറിയാണ് അദ്ദേഹം ഈ കളിയില്‍ കുറിച്ചത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 205 റണ്‍സെന്ന വിജയലക്ഷ്യം ടീം ഇന്ത്യക്ക് ഒരു വെല്ലുവിളിയും ഉണ്ടാക്കിയില്ല. ഇതിനു കാരണം കോലിയുടെ ആക്രമണോത്സുക ഇന്നിങ്‌സായിരുന്നു. ഒരു കൂസലുമില്ലാതെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ഇന്ത്യന്‍ നായകന്‍ തലങ്ങും വിലങ്ങും പ്രഹരിച്ചു.

പുറത്തായത് രണ്ടു പേര്‍ മാത്രം
വിജയത്തിലേക്കുള്ള കുതിപ്പില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമേ ഇന്ത്യക്കു നഷ്ടമായുള്ളൂ. ശിഖര്‍ ധവാനും (18) കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരന്‍ രോഹിത് ശര്‍മയും (15) മാത്രമാണ് പുറത്തായത്.
കോലിയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയതീരത്തെത്തിച്ചു.
കോലി 129*ഉം രഹാനെ 34*ഉം റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 126 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. കോലി 96 പന്തില്‍ 19 ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തിയപ്പോള്‍ രഹാനെ 50 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ നേടി.

താക്കൂര്‍ തകര്‍ത്തു
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 46.5 ഓവറില്‍ 204 റണ്‍സിനു എറിഞ്ഞിടുകയായിരുന്നു. പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ശര്‍ദ്ദുല്‍ താക്കൂറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. താരം നാലു വിക്കറ്റ് പോക്കറ്റിലാക്കി. 54 റണ്‍സെടുത്ത ഖായ സോന്‍ഡോയ്ക്കു മാത്രമേ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. മറ്റുള്ളവരൊന്നും 35 റണ്‍സ് പോലും നേടിയില്ല. ആന്‍ഡില്‍ ഫെലുക്വായോ (34),
എബി ഡിവില്ലിയേഴ്‌സ് (30), ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രാം (24), ഹെന്റിച്ച് ക്ലാസെന്‍ (22), മോര്‍നെ മോര്‍ക്കല്‍ (20), ഹാഷിം അംല (10) എന്നിവലാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

ഭുവിക്കു പകരം താക്കൂര്‍
പേസര്‍ ഭുവനേശ്വര്‍ കുമാറിനു പകരാണ് ഇന്ത്യ ശര്‍ദ്ദുലിനെ ടീമിലുള്‍പ്പെടുത്തിയത്. മര്‍ക്രാം, അംല, ഡിവില്ലിയേഴ്‌സ് എന്നീ അപകടകാരിയായ താരങ്ങളുടേതടക്കം നാലു വിക്കറ്റ് നേടിയ ശര്‍ദ്ദുല്‍ ടീമിന്റെ അപ്രതീക്ഷിത ഹീറോയാവുകയും ചെയ്തു. യുസ്‌വേന്ദ്ര ചഹലിനും ജസ്പ്രീത് ബുംറയ്ക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications