വെല്ലിങ്ടണ്‍: ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം വിജയം. ഗ്രൂപ്പ് ബി മല്‍സരത്തില്‍ പപ്പുവ ന്യു ഗ്വിനിയയെ പത്ത് വിക്കറ്റിന് ഇന്ത്യ തരിപ്പണമാക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെയും ഇന്ത്യ തുരത്തിയിരുന്നു. ഇന്ത്യന്‍ ബൗളിങ് കൊടുങ്കാറ്റില്‍ ക്രിക്കറ്റിലെ ശിശുക്കളായ പപ്പുവ നൂ ഗ്വിനിയെ തകര്‍ന്നടിയുന്നതാണ് കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത പപ്പുന ന്യു ഗ്വിനിയയെ 21.5 ഓവറില്‍ വെറും 64 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. മൂന്നു പേര്‍മാത്രമാണ് അവരുടെ ബാറ്റിങില്‍ രണ്ടക്കം കടന്നത്. ടീമിലെ ഒരാള്‍ പോലും 20 റണ്‍സ് തികച്ചില്ല. അഞ്ചു പേര്‍ അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെ പുറത്തായി. അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കിയ ഓള്‍റൗണ്ടര്‍ അനുകുല്‍ റോയിയായണ് പപ്പുവ ന്യൂ ഗ്വിനിയയെ ചുരുട്ടിക്കെട്ടിയത്. ശിവം മാവി രണ്ടു വിക്കറ്റ് പിഴുതു.

മറുപടി ബാറ്റിങില്‍ ക്യാപ്റ്റന്‍ പൃഥ്വി ഷാ കത്തിക്കയറിയപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യക്ക് വിജയത്തിലേക്ക് കുതിച്ചെത്താന്‍ വെറും എട്ടോവര്‍ മാത്രമേ വേണ്ടിവന്നുള്ളൂ. 39 പന്തില്‍ 12 ബൗണ്ടറികളക്കം പൃഥ്വി 57* റണ്‍സ് നേടി. തന്റെ ഓപ്പണിങ് പങ്കാളിയായ മന്‍ജ്യോത് കാല്‍റയെ (9*) കാഴ്ചക്കാരനാക്കിയായിരുന്നു പൃഥ്വിയുടെ വെടിക്കെട്ട് ഇന്നിങ്‌സ്. അനുകുല്‍ റോയിയാണ് മാന്‍ ഓഫ് ദി മാച്ച്.

മറ്റൊരു മല്‍സരത്തില്‍ പാകിസ്താന്‍ അയര്‍ലന്‍ഡിനെ ഒമ്പത് വിക്കറ്റിനു നാണം കെടുത്തി ടൂര്‍ണമെന്റിലേക്ക് തിരിച്ചുവന്നു. ആദ്യ കളിയില്‍ അഫ്ഗാനിസ്താനോട് പാകിസ്താന്‍ അട്ടിമറിത്തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഇന്ത്യയെപ്പോലെ തന്നെ ബൗളിങ് കരുത്തിലാണ് പാകിസ്താനും അനായാസ വിജയം കൊയ്തത്.

അയര്‍ലന്‍ഡിനെ 97 റണ്‍സിന് കൂടാരം കയറ്റിയ പാക് പട 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലേക്ക് മാര്‍ച്ച് ചെയ്തു. 8.5 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകള്‍ കടപുഴക്കിയ ശഹീന്‍ ഷാ അഫ്രീദിയുടെ മാസ്മരിക ബൗളിങാണ് ഐറിഷ് ദുരന്തത്തിന് വഴിവച്ചത്.