വീണ്ടുമൊരു കപ്പിനരികെ ഇന്ത്യ... പാകിസ്താനെ തകര്‍ത്തുവിട്ടു, ഇനി ഫൈനല്‍
കൊളംബോ: യുഎഇയില്‍ ഈ വര്‍ഷം നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മ നയിച്ച ടീം ഇന്ത്യ ജേതാക്കളായത് ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. അവസാന പന്ത് വരെ കാണികളെ ത്രില്ലടിപ്പിച്ച ഫൈനലില്‍ ബംഗ്ലാദേശിനെ വീഴ്ത്തിയാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം കിരീടവും കൈക്കലാക്കിയത്.
ഈ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ് എമേര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലും ഇന്ത്യന്‍ കുതിപ്പ്. ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലലേക്കു മുന്നേറിക്കഴിഞ്ഞു. കൊളംബോയില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ കെട്ടുകെട്ടിച്ചത്.

പാകിസ്താനെ എറിഞ്ഞൊതുക്കി മര്‍ക്കാണ്ഡെ
ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരേ പാകിസ്താണ് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്തത്. 44.4 ഓവറില്‍ വെറും 172 റണ്‍സില്‍ പാകിസ്താനെ ഇന്ത്യ എറിഞ്ഞൊതുക്കി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കണ്ടെത്തലായ സ്പിന്നര്‍ മയാങ്ക് മര്‍ക്കാണ്ഡെയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. 9.4 ഓവറില്‍ 38 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വക്കറ്റെടുത്ത മര്‍ക്കാണ്ഡെയാണ് പാകിസ്താനെ പിടിച്ചുനിര്‍ത്തിയത്.
67 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. സോദ് ഷക്കീല്‍ 62 റണ്‍സ് നേടി.

അനായാസം ഇന്ത്യ
മറുപടി ബാറ്റിങില്‍ ഇന്ത്യ കാര്യമായ വെല്ലുവിളികളില്ലാതെയാണ് ലക്ഷ്യത്തിലെത്തിയത്. 27.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. നിതീഷ് റാണയുടെയും (60*) ഹിമ്മത്ത് സിങിന്റെയും (59*) അപരാജിത അര്‍ധസെഞ്ച്വറികളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
ആദ്യത്തെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്കു തുടക്കത്തില്‍ നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ റാണ-സിങ് ജോടി 126 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ ജയത്തിലേക്കു നയിക്കുകയായിരുന്നു. സിങിന്റെ ഇന്നിങ്‌സില്‍ അഞ്ചും റാണയുടെ ഇന്നിങ്‌സില്‍ മൂന്നും സിക്‌സറുകളുണ്ടായിരുന്നു.

ഇന്ത്യയുടെ അപരാജിത കുതിപ്പ്
ടൂര്‍ണമെന്റിലെ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്താനെ 84 റണ്‍സിന് തകര്‍ത്തുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. പിന്നീട് ഒമാനെ ആറു വിക്കറ്റിനും ശ്രീലങ്കയെ നാലു വിക്കറ്റിനും ഇന്ത്യ പരാജയപ്പെടുത്തി.
അതേസമയം, ഗ്രൂപ്പ് ബിയില്‍ ഹോങ്കോങിനെ 225 റണ്‍സിന് തകര്‍ത്ത പാകിസ്താന്‍ യുഎഇയെ ഒമ്പതു വിക്കറ്റിനും കശാപ്പ് ചെയ്തു. അവസാന കളിയില്‍ ബംഗ്ലാദേശിനോട് പാക് പട 84 റണ്‍സിനു തോറ്റെങ്കിലും സെമി പ്രവേശനത്തിന് തടസ്സമായില്ല.
ഡിസംബര്‍ ആറിന് ആരംഭിച്ച ടൂര്‍ണമെന്റില്‍ എട്ടു ടീമുകളാണ് മാറ്റുരച്ചത്. ശനിയാഴ്ചയാണ് ഫൈനല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications