ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ചതുര്‍രാഷ്ട്ര പരമ്പരയില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ആതിഥേയരെ 69 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സെഞ്ച്വറി നേടിയ ധ്രുവ് ജോറെലും ബൗളിങ്ങില്‍ തിളങ്ങിയ അഥര്‍വ അങ്കോല്‍ക്കറുമാണ് ഇന്ത്യയ്ക്ക വിജയം എളുപ്പമാക്കിയത്. സിംബാബ്‌വേയും ന്യൂസിലന്‍ഡുമാണ് പരമ്പരയില്‍ പങ്കെടുത്ത ടീമുകളും. രണ്ട് രാജ്യങ്ങള്‍ക്കും ഫൈനലിലെത്താനായില്ല.
നിശ്ചിത 50 ഓവറില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തപ്പോള്‍ സൗത്താഫ്രിക്ക 43.1 ഓവറില്‍ 190 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കുവേണ്ടി ധ്രുവ്(101) സെഞ്ച്വറി നേടിയപ്പോള്‍ തിലക് വര്‍മ(70), സിദ്ധേഷ് വീര്‍(48) എന്നിവര്‍ പിന്തുണ നല്‍കി. മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. 3 വിക്കറ്റ് വീഴ്ത്തിയ ജെറാള്‍ഡ് കോയ്റ്റ്‌സീയാണ് ഇന്ത്യന്‍നിരയില്‍ കൂടുതല്‍ നാശം വിതച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മുന്‍നിര കളിക്കാര്‍ക്ക് തിളങ്ങാനായില്ല. 52 റണ്‍സെടുത്ത ജാക്ക് ലീസാണ് ടോപ് സ്‌കോറര്‍. ജൊനാഥന്‍ ബേഡ്(39), വാന്‍ വുറെന്‍(24) എന്നിവരാണ് കാര്യമായി സംഭാവന നല്‍കിയ മറ്റു കളിക്കാര്‍. സ്പിന്നര്‍ അഥര്‍വ അങ്കോല്‍ക്കര്‍ ഇന്ത്യയ്ക്കുവേണ്ടി 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റും സ്വന്തമാക്കി.