കോലിക്ക് കരിയര്‍ ബെസ്റ്റ്, ഇന്ത്യ ഓസ്‌ട്രേലിയയെ 37 റണ്‍സിന് തകര്‍ത്തു
അഡലെയ്ഡ്: സൂപ്പര്‍ സ്റ്റാര്‍ വിരാട് കോലിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അഡലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയയെ 37 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ മൂന്ന് വിക്കറ്റിന് 188 റണ്‍സടിച്ചു.ഓസ്‌ട്രേലിയയുടെ മറുപടി 19.3 ഓവറില്‍ 151 റണ്‍സില്‍ അവസാനിച്ചു.

21 പന്തില്‍ 31 റണ്‍സുമായി രോഹിത് ശര്‍മ തന്നെയാണ് ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കം നല്‍കിയത്. ഷോണ്‍ ടെയ്റ്റ് എറിഞ്ഞ ഒന്നാം ഓവറില്‍ ഒരു ഫോറും ഒരു സിക്‌സും സഹിതം 10 റണ്‍സാണ് രോഹിത് അടിച്ചത്. അഞ്ചാം ഓവറില്‍ രോഹിതിനെയും ശിഖര്‍ ധവാനെയും പുറത്താക്കി ഷെയ്ന്‍ വാട്‌സന്‍ ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ അവിടെ നിന്നും വിരാട് കോലിയും സുരേഷ് റെയ്‌നയും ചേര്‍ന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി.
55 പന്തില്‍ 90 റണ്‍സെടുത്താണ് വിരാട് കോലി ഇന്ത്യയുടെ താരമായത്. 9 ഫോറും 2 സിക്‌സും കോലി പറത്തി. ട്വന്റി 20യില്‍ കോലിയുടെ ഉയര്‍ന്ന് സ്‌കോറാണത്. സുരേഷ് റെയ്‌നയ്‌ക്കൊപ്പം കോലി മൂന്നാം വിക്കറ്റില്‍ 134 റണ്‍സ് ചേര്‍ത്തു. 34 പന്തുകള്‍ നേരിട്ട റെയ്‌ന 41 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോണി ഒരു സിക്‌സും ഫോറും പറത്തി ഇന്ത്യയെ സുരക്ഷിതമായ സ്‌കോറിലെത്തിച്ചു.
44 റണ്‍സുമായി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഓസീസ് മറുപടിക്ക് നേതൃത്വം നല്‍കി. എന്നാല്‍ ആറാമത്തെ ഓവറില്‍ ഡേവിഡ് വാര്‍ണറിനെ തുടക്കക്കാരന്‍ ഭുമ്ര പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തി. 19.3 ഓവറില്‍ വെറും 151 റണ്‍സില്‍ ഓസ്‌ട്രേലിയയുടെ പോരാട്ടം അവസാനിച്ചു. അരങ്ങേറ്റക്കാരന്‍ ജസ്പീത് ഭുമ്ര മൂന്നും ജഡേജ, അശ്വിന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതവും വീഴ്ത്തി. കോലിയാണ് മാന്‍ ഓഫ് ദ മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications