കാര്‍ഡിഫ്: ലോകകപ്പിലെ രണ്ടാമത്തെയും അവസാനത്തെയും സന്നാഹ മല്‍സരത്തില്‍ ഗംഭീ വിജയവുമായി ടീം ഇന്ത്യ തയ്യാറെടുപ്പ് മികച്ചതാക്കി മാറ്റി. ബംഗ്ലാദേശിനെ 95 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനോടേറ്റ കനത്ത തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തിരിച്ചുവന്ന ഇന്ത്യ ബംഗ്ലാദേശിനെ ഒരു ഘട്ടത്തിലും കളിയിലേക്കു മടങ്ങിവരാന്‍ അനുവദിക്കാതെയാണ് ജയം കൊയ്തത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എംഎസ് ധോണിയുടെയും (113) ലോകേഷ് രാഹുലിന്റെയും (108) സെഞ്ച്വറികളുടെ മികവില്‍ ഏഴു വിക്കറ്റിന് 359 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ വിജയമുറപ്പിച്ചിരുന്നു. മറുപടിയില്‍ ബംഗ്ലാദേശിനെ മൂന്നു പന്ത് ബാക്കിനില്‍ക്കെ 264 റണ്‍സില്‍ ഇന്ത്യ എറിഞ്ഞുവീഴ്ത്തി. മുഷ്ഫിഖുര്‍ റഹീം (90), ലിറ്റണ്‍ ദാസ് (73) എന്നിവരൊഴികെ മറ്റുള്ളവരൊന്നും ബംഗ്ലാ നിരയില്‍ പിടിച്ചുനിന്നില്ല. മൂന്നു വിക്കറ്റ് വീതമെടുത്ത സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ജസ്പ്രീത് ബുംറയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

നേരത്തേ ഇന്ത്യന്‍ ടീമിലെ നാലാം സ്ഥാനം ഭദ്രമാക്കിക്കൊണ്ടാണ് രാഹുല്‍ സെഞ്ച്വറിയുമായി കസറിയത്. 99 പന്തില്‍ 12 ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് നാലാമനായി ഇറങ്ങിയ രാഹുല്‍ 108 റണ്‍സെടുത്തത്. വെറും 73 പന്തിലാണ് ധോണി 100 തികച്ചത്. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കെ സിക്‌സറടിച്ചാണ് ധോണി തന്റെ സെഞ്ച്വറി ആഘോഷിച്ചത്. വെറും 78 പന്തിലാണ് ധോണി ഏഴു സിക്‌സറുകളും എട്ടു ബൗണ്ടറികളുമടക്കം 113 റണ്‍സ് വാരിക്കൂട്ടിയത്.
അഞ്ചാം വിക്കറ്റില്‍ ധോണിക്കൊപ്പം ചേര്‍ന്ന് രാഹുല്‍ 164 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കു നയിച്ചത്. നാലിന് 102 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് രാഹുലും ധോണിയും ക്രീസില്‍ ഒന്നിച്ചത്. പിന്നീട് ബംഗ്ലാ ബൗളര്‍മാര്‍ക്കു മേല്‍ ഇന്ത്യ ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്.
ക്യാപ്റ്റന്‍ വിരാട് കോലിയാണ് (47) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 46 പന്തുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. ഹര്‍ദിക് പാണ്ഡ്യ 21 റണ്‍സും രോഹിത് ശര്‍മ 19ഉം റണ്‍സ് നേടി. ശിഖര്‍ ധവാന്‍ (1), വിജയ് ശങ്കര്‍ (2) എന്നിവര്‍ ബാറ്റിങില്‍ നിരാശപ്പെടുത്തി. പരിക്കു കാരണം തൊട്ടുമുമ്പത്തെ മല്‍സരം നഷ്ടമായ വിജയ് ഈ കളിയില്‍ അഞ്ചാമനായാണ് ഇറങ്ങിയത്. പക്ഷെ താരം നിരാശപ്പെടുത്തുകയായിരുന്നു. ബംഗ്ലാദേശിനായി റൂബെല്‍ ഹുസൈനും ഷാക്വിബുല്‍ ഹസനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ടോസിനു ശേഷം ബംഗ്ലാദേശ് നായകന്‍ മഷ്‌റഫെ മൊര്‍ത്തസ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.