വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ബംഗ്ലാദേശ്: ചഹര്‍ ഷോ... ഹാട്രിക്കടക്കം ആറു വിക്കറ്റ് , ഇന്ത്യക്കു പരമ്പര

30 റണ്‍സിനാണ് ഇന്ത്യയുടെ വിജയം

1
46118
Deepak Chahar's hat-trick hands India T20I series win over Bangladesh

നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 2-1ന് പോക്കറ്റിലാക്കി. ഫൈനലിനു തുല്യമായ മൂന്നാമത്തെ മല്‍സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ 30 റണ്‍സിന് കെട്ടുകെട്ടിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് അട്ടിമറി ജയം നേടുമെന്ന് കരുതിയെങ്കിലും നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി ഇന്ത്യ കളി വരുതിലാക്കുകയായിരുന്നു. ഹാട്രിക്കുള്‍പ്പെടെ ആറു വിക്കറ്റുകള്‍ കൊയ്ത പേസര്‍ ദീപക് ചഹറാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 3.2 ഓവറില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങിയാണ് താരം ആറു പേരെ പുറത്താക്കിയത്. അന്താരാഷ്ട്ര ടി20യില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ചഹര്‍ ഇതോടെ സ്വന്തം പേരില്‍ കുറിച്ചത്. കൂടാതെ ടി20യില്‍ ഇന്ത്യക്കായി ഹാട്രിക് കൊയ്ത ആദ്യ താരമായും ചഹര്‍ മാറി.

chahar

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 174 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ 19.2 ഓവറില്‍ 144 റണ്‍സിന് ബംഗ്ലാദേശ് കൂടാരം കയറി. 18ാം ഓവറിലെ അവസാന പന്തില്‍ ഷഫിയുലിനെ പുറത്താക്കിയ ചഹര്‍ 20ാം ഓവറിലെ ആദ്യ രണ്ടു പന്തുകളിലും വിക്കറ്റ് കൊയ്ത് ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു. ഓപ്പണര്‍ മുഹമ്മദ് നയീം (81) കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് കാഴ്ച വച്ചെങ്കിലും മറ്റുള്ളവരില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. വെറും 48 പന്തിലാണ് 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം നയീം 81 റണ്‍സ് വാരിക്കൂട്ടിയത്. മുഹമ്മദ് മിഥുനാണ് (27) രണ്ടക്കം കടന്ന മറ്റൊരു താരം. മൂന്നാം വിക്കറ്റില്‍ നയീം-മിഥുന്‍ സഖ്യം 98 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറിയപ്പോള്‍ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ മിഥുനിന്റെ പുറത്താവല്‍ കളിയിലെ വഴിത്തിരിവായി. പിന്നീട് ഒരു സഖ്യത്തെയും ഇന്ത്യ അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല.

ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോററായ നയീമിനെയും അപകടകാരിയായ മുഷ്ഫിഖുര്‍ റഹീമിനെയുമടക്കം മൂന്നു വിക്കറ്റുകള്‍ ശിവം ദുബെ ഈ കളിയില്‍ നേടി. മുഷ്ഫിഖുറിനെ താരം ഗോള്‍ഡന്‍ ഡെക്കാക്കിയാണ് തിരിച്ചയച്ചത്. അഫീഫ് ഹുസൈനെയും ദുബെ ആദ്യ പന്തില്‍ തന്നെ മടക്കി.

നേരത്തേ ടോസിനു ശേഷം ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിനാണ് 174 റണ്‍സ് നേടിയത്. കഴിഞ്ഞ കളിയിലെ ഹീറോയും ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ (2) തുടക്കത്തില്‍ നഷ്ടമായെങ്കിലും ശ്രേയസ് അയ്യരും (62) ലോകേഷ് രാഹുലും (52) രക്ഷകരാവുകയായിരുന്നു. തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇരുവരും കാഴ്ചവച്ചത്. 33 പന്തില്‍ അഞ്ചു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്. 35 പന്തില്‍ ഏഴു ബൗണ്ടറികളോടയാണ് രാഹുല്‍ 52 റണ്‍സെടുത്തത്.

rahul

മനീഷ് പാണ്ഡെ (22*), ശിഖര്‍ ധവാന്‍ (19) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍. ഒമ്പത് റണ്‍സുമായി ശിവം ദുബെ പാണ്ഡെയോടൊപ്പം പുറത്താവാതെ നിന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് (6) ഈ കളിയിലും ഫ്‌ളോപ്പായി മാറി. ബംഗ്ലാദേശിനു വേണ്ടി ഷഫിയുല്‍ ഇസ്ലാമും സൗമ്യ സര്‍ക്കാരും രണ്ട് വിക്കറ്റ് വീതം നേടി.

തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരത്തിലും മലയാളി താരം സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ടി20യില്‍ ജയിച്ച ടീമില്‍ ഒരു മാറ്റം ഇന്ത്യ വരുത്തിയിരുന്നു. ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കു പകരം മനീഷ് പാണ്ഡെയൊണ് ടീമിലെത്തിയത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍, ഖലീല്‍ അഹമ്മദ്.

ബംഗ്ലാദേശ്- ലിറ്റണ്‍ ദാസ്, മുഹമ്മദ് നയീം, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള റിയാദ് (ക്യാപ്റ്റന്‍), അഫീഫ് ഹുസൈന്‍, മുഹമ്മദ് മിതുന്‍, അമിനുല്‍ ഇസ്ലാം, ഷഫിയുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍ അമീന്‍ ഹുസൈന്‍.

രോഹിത്തിനെ തുടക്കത്തില്‍ നഷ്ടം
രാജ്‌കോട്ടില്‍ നിര്‍ത്തിയ വെടിക്കെട്ട് നാഗ്പൂരില്‍ തുടരാനുറച്ച് ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പക്ഷെ തുടക്കത്തില്‍ തന്നെ പിഴച്ചു. രണ്ടാം ഓവറിലെ മൂന്നാമത്തെ പന്തില്‍ തന്നെ രോഹിത്തിനെ (2) ഇന്ത്യക്കു നഷ്ടമായി. ഒട്ടും ഫീറ്റ് മൂവ്‌മെന്റില്ലാതെ നിന്നിടത്തു നിന്ന് അലക്ഷ്യമായി ഷോട്ട് കളിച്ച രോഹിത്തിന്റെ ലെഗ് സ്റ്റംപ് ഷഫിയുല്‍ ഇസ്ലാം തെറിപ്പിക്കുകയായിരുന്നു.

roh bowl

ആക്രമിച്ച് കളിച്ച് ധവാന്‍
രോഹിത്തിനെ അപ്രതീക്ഷിതമായി തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ആക്രമണത്തിന്റെ ചുമതല ശിഖര്‍ ധവാന്‍ ഏറ്റെടുക്കുകയായിരുന്നു. ലോകേഷ് രാഹുലിനെ കൂട്ടുപിടിച്ച് ധവാന്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് വ്യക്തിഗത സ്‌കോര്‍ 19ല്‍ വച്ച് ധവാന്‍ പുറത്തായത്. 16 പന്തില്‍ നാലു ബൗണ്ടറികളോടെ 19 റണ്‍സെടുത്ത ധവാനെ ഷഫിയുലിന്റെ ബൗളിങില്‍ മിഡ് ഓണില്‍ മഹമ്മൂദുള്ള പിടികൂടുകയായിരുന്നു.

dhaw

തകര്‍പ്പന്‍ കൂട്ടുകെട്ട്
മൂന്നാം വിക്കറ്റില്‍ രാഹുലിന് കൂട്ടായി ശ്രേയസ് അയ്യര്‍ വന്നതോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് വേഗം കൂടിയത്. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഈ സഖ്യം അതിവേഗം മുന്നേറിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. ടീം സ്‌കോര്‍ 94ല്‍ വച്ച് രാഹുലിനെ പുറത്താക്കി അല്‍ അമീനാണ് ബംഗ്ലാദേശിന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 35 പന്തില്‍ ഏഴു ബൗണ്ടറികളോടെ 52 റണ്‍സെടുത്ത രാഹുലിനെ മിഡ്ഓഫില്‍ ലിറ്റണ്‍ ദാസാണ് പുറത്താക്കിയത്.

rahul fifty for india

വീണ്ടും മികച്ച ഫിഫ്റ്റി കൂട്ടുകെട്ട്

രാഹുല്‍ പുറത്തായെങ്കിലും നാലാം വിക്കറ്റില്‍ ശ്രേയസും റിഷഭ് പന്തും ചേര്‍ന്ന് മറ്റൊരു ഫിഫ്റ്റി കൂട്ടുകെട്ടുണ്ടാക്കി. ഭൂരിഭാഗം റണ്‍സും ശ്രേയസിന്റെ സംഭാവനയായിരുന്നു. അഫീഫ് ഹുസൈന്‍ എറിഞ്ഞ 15ാം ഓവറില്‍ തുടര്‍ച്ചയായി മൂന്നു പന്തുകളാണ് ശ്രേയസ് സിക്‌സറിലേക്കു പറത്തിയത്. ഈ ഓവറില്‍ തന്നെ താരം കരിയറിലെ കന്നി ടി20 ഫിഫ്റ്റിയും പൂര്‍ത്തിയാക്കി.
ക്രീസിന്റെ മറുഭാഗത്ത് ഫോം കണ്ടെത്താനാവാതെ വിഷമിച്ച പന്തിന് ഈ കളിയിലും തിളങ്ങാനായില്ല. ഒമ്പത് ബോളില്‍ ആറ് റണ്‍സെടുത്ത പന്തിനെ സൗമ്യ സര്‍ക്കാര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ശ്രേയസിന്റെ സൂപ്പര്‍ ഇന്നിങ്‌സ്
പന്ത് ഔട്ടായ അതേ ഓവറിലെ അഞ്ചാം പന്തില്‍ ശ്രേയസിന്റെ സൂപ്പര്‍ ഇന്നിങ്‌സിനും തിരശീല വീണു. സൗമ്യ സര്‍ക്കാരിനാണ് വിക്കറ്റ്. തൊട്ടു മുമ്പത്തെ പന്തില്‍ ബൗണ്ടറി നേടിയ ശ്രേയസ് ലോങ് ഓഫിലേക്ക് വീണ്ടുമൊരു ബൗണ്ടറിക്കു ശ്രമിച്ച് പുറത്താവുകയായിരുന്നു. ലിറ്റണ്‍ ദാസാണ് ക്യാച്ചെടുത്തത്.

Story first published: Sunday, November 10, 2019, 23:11 [IST]
Other articles published on Nov 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X