ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ്: നരേന്ദ്ര മോദിക്കും ഷെയ്ഖ് ഹസീനയ്ക്കും ക്ഷണം
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് കാണാന്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരെ ക്ഷണിച്ച് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഔദ്യോഗിക ക്ഷണക്കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒക്ടോബര്‍ 23 -ന് സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കാനിരിക്കെയാണ് ഈ നീക്കം. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനാണ് ഗാംഗുലി. ക്ഷണം സ്വീകരിച്ചാല്‍ 2011 ലോകകപ്പിന് ശേഷം ഇതാദ്യമായാകും രണ്ടു രാഷ്ട്രത്തലവന്‍മാര്‍ ഒരുമിച്ച് ഇന്ത്യയില്‍ ക്രിക്കറ്റു കളി കാണുന്നത്.

2011 -ലെ ഇന്ത്യ – പാക്കിസ്ഥാന്‍ ലോകകപ്പ് സെമി ഫൈനല്‍ കാണാന്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും സ്റ്റേഡിയത്തിലെത്തിയിരുന്നു. അന്ന് പാക് പടയെ കീഴടക്കി ഇന്ത്യ ഫൈനലിലെത്തി. എന്തായാലും നവംബറിലെ ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് കാണാന്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രി വരുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ക്രിക്കറ്റില്‍ താത്പര്യമുള്ള രാഷ്ട്രത്തലവന്മാരില്‍ ഒരാളാണ് ഷെയ്ഖ് ഹസീന. പല അവസരങ്ങളിലും ബംഗ്ലാദേശിന്റെ മത്സരം നേരിട്ടു കാണാന്‍ ഇവര്‍ സ്റ്റേഡിയത്തില്‍ വരാറുണ്ട്. 2017 -ല്‍ ശക്തരായ ഓസ്‌ട്രേലിയയെ ബംഗ്ലാ കടുവകള്‍ ടെസ്റ്റില്‍ തോല്‍പ്പിച്ചപ്പോഴും ഷെയ്ഖ് ഹസീന സാക്ഷിയായിരുന്നു.

നവംബര്‍ മൂന്നിനാണ് ബംഗ്ലാദേശിന്റെ ഇന്ത്യാ പര്യടനം ആരംഭിക്കുന്നത്. ട്വന്റി-20, ടെസ്റ്റ് പരമ്പരകള്‍ പര്യടനത്തിലുണ്ട്. നവംബര്‍ മൂന്നിന് ദില്ലിയിലും ഏഴിന് രാജ്‌കോട്ടിലും പത്തിന് നാഗ്പൂരിലും ട്വന്റി-20 മത്സരങ്ങള്‍ അരങ്ങേറും. നവംബര്‍ 14 -ന് ഇന്‍ഡോറിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് നവംബര്‍ 22 മുതല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും.
കഴിഞ്ഞതവണ ഇന്ത്യന്‍ മണ്ണില്‍ ബംഗ്ലാദേശ് ടെസ്റ്റ് കളിക്കാന്‍ വന്നപ്പോള്‍ 208 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് കോലിയും കൂട്ടരും കരുതിവെച്ചത്. അന്ന് 216 പന്തില്‍ 204 റണ്‍സ് കോലി കുറിക്കുകയുണ്ടായി. എന്തായാലും ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര ഇന്ത്യന്‍ മണ്ണില്‍ വെച്ച് നടക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications