വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റ്: ഈഡനില്‍ ഇന്ത്യന്‍ ആധിപത്യം, കോലിക്കരുത്തില്‍ മികച്ച ലീഡിലേക്ക്

പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിട്ടുനില്‍ക്കകുയാണ്

കൊല്‍ക്കത്ത: രാജ്യം ഉറ്റുനോക്കിയ ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ ആധിപത്യം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ തന്നെയാണ് മികച്ചുനിന്നത്. ഉജ്ജ്വല ബൗളിങിലൂടെ ബംഗ്ലാദേശിനെ ഒന്നാമിന്നിങ്‌സില്‍ 106 റണ്‍സിനു എറിഞ്ഞിട്ട ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 174 റണ്‍സെന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം (59*) വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (23*) ക്രീസില്‍. ഏഴു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കു 68 റണ്‍സിന്റെ ലീഡുണ്ട്.

93 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് കോലി ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. ചേതേശ്വര്‍ പുജാരയാണ് (55) മറ്റൊരു പ്രധാന സ്‌കോറര്‍. 105 പന്തില്‍ എട്ടു ബൗണ്ടറികള്‍ അദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രോഹിത് ശര്‍മ (21), മായങ്ക് അഗര്‍വാള്‍ (14) എന്നിവരാണ് ആദ്യദിനം പുറത്തായ മറ്റു കളിക്കാര്‍. ബംഗ്ലാദേശിനായി പേസര്‍ ഇബാദത്ത് ഹുസൈന്‍ രണ്ടു വിക്കറ്റെടുത്തു.

puj

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ വെറും 106 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിട്ടു. 10 വിക്കറ്റുകളും കൊയ്തത് പേസര്‍മാരായിരുന്നു. ഇവയില്‍ അഞ്ചും ലഭിച്ചത് വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക്. 12 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 22 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഇഷാന്ത് അഞ്ചു പേരെ പുറത്താക്കിയത്. ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമിക്ക് രണ്ടു വിക്കറ്റ് ലഭിച്ചു.

ബംഗ്ലാ നിരയില്‍ മൂന്നു പേര്‍ മാത്രമേ ബാറ്റിങില്‍ രണ്ടക്കം കടന്നുള്ളൂ. 29 റണ്‍സെടുത്ത ഓപ്പണര്‍ ഷാദ്മാന്‍ ഇസ്ലാമാണ് ടോപ്‌സ്‌കോറര്‍. ലിറ്റണ്‍ ദാസ് (24), നയീം ഹസന്‍ (19) എന്നിവരും രണ്ടക്കം തികച്ചു. ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖ്, മുഹമ്മദ് മിതുന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവര്‍ അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെയാണ് ക്രീസ് വിട്ടത്.

ടോസ് ലഭിച്ച ബംഗ്ലാദേശ് നായകന്‍ മൊമിനുല്‍ ഹഖ് ബാറ്റ് ചെയ്യാന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പിങ്കില്‍ നിറഞ്ഞ ഈഡന്‍ ഗാര്‍ഡന്‍സില്‍ താര നിബിഡമായ വേദിയിലാണ് ഇന്ത്യ ചരിത്രത്തിലെ ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റില്‍ ഇറങ്ങിയത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയം കൊയ്ത അതേ ടീമിനെ തന്നെ ഇന്ത്യ ഈഡനിലും നിലനിര്‍ത്തുകയായിരുന്നു.

നിറഞ്ഞു കവിഞ്ഞ ഈഡന്‍ ഗാര്‍ഡന്‍സില്‍ ചരിത്ര ടെസ്റ്റിന്റെ ഭാഗമാവാന്‍ പ്രമുഖരെത്തിയിരുന്നു. ടോസിനു ശേഷം ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന, ബംഗാള്‍ മുഖ്യ മന്ത്രി മമത ബാനര്‍ജി എന്നിവര്‍ ഗ്രൗണ്ടിലെത്തി ഇരുടീമുകളിലെയും താരങ്ങളെ പരിചയപ്പെട്ടു. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെ പല മുന്‍ താരങ്ങളും ചരിത്ര മുഹൂര്‍ത്തത്തിന്റെ ഭാഗമാവാന്‍ ഇവിടെയെത്തിയിരുന്നു.

Nov 22, 2019, 8:39 pm IST

ആദ്യ ദിനത്തിലെ കളി അവസാനിച്ചു. മൂന്നു വിക്കറ്റിന് 174 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോലി (59*) ചേതേശ്വര്‍ പുജാര (23*) എന്നിവരാണ് ക്രീസില്‍.

Nov 22, 2019, 8:25 pm IST

കോലിയും ഫിഫ്റ്റി തികച്ചു. ബൗണ്ടറി പായിച്ചു കൊണ്ടാണ് അദ്ദേഹം ഫിഫ്റ്റി കണ്ടെത്തിയത്. 76 പന്തില്‍ നിന്നായിരുന്നു കോലി 50 റണ്‍സെടുത്തത്.

Nov 22, 2019, 8:24 pm IST

പുജാരയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. കോലി-പുജാര സഖ്യം മികച്ച കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ട് നയിക്കവെയാണ് പുജാര പുറത്താവുന്നത്. ഇബാദത്തിന്റെ ബൗൡങില്‍ പുജാരയെ രണ്ടാം സ്ലിപ്പില്‍ ഷദ്മാന്‍ പിടികൂടുകയായിരുന്നു. പന്തിന്റെ അപ്രതീക്ഷിത ബൗണ്‍സാണ് പുജാരയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.

Nov 22, 2019, 7:52 pm IST

പുജാര ഫിഫ്റ്റി തികച്ചു. സിംഗിളൂടെയാണ് താരം കരിയറിലെ മറ്റൊരു അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ആദ്യ ഫിഫറ്റി നേടിയ താരമെന്ന റെക്കോര്‍ഡും പുജാരയുടെ പേരിലായി.

Nov 22, 2019, 7:32 pm IST

ഇന്ത്യക്കു കളിയില്‍ ലീഡ്. 32 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 113 റണ്‍സെടുത്തു. കോലി (35*), പുജാര (42*) ക്രീസില്‍. ഇന്ത്യ ഇപ്പോള്‍ ഏഴു റണ്‍സിന് മുന്നിലാണ്.

Nov 22, 2019, 6:22 pm IST

രോഹിത്തിനെയാണ് ഇന്ത്യക്കു രണ്ടാമതായി നഷ്ടമായത്. ടീ ബ്രേക്ക് കഴിഞ്ഞുള്ള ആദ്യ ഓവറില്‍ തുടര്‍ച്ചയായി രണ്ടു ബൗണ്ടറികളുമായ മികച്ച രീതിയില്‍ തുടങ്ങിയ ഹിറ്റ്മാന്‍ തൊട്ടടുത്ത പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. 35 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 21 റണ്‍സെടുത്ത രോഹിത്തിനെ ഇബാദത്താണ് പുറത്താക്കിയത്.

Nov 22, 2019, 5:46 pm IST

ഈഡനില്‍ ടീ ബ്രേക്ക്. 12 ഓവറില്‍ ഒന്നിന് 35 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രോഹിത് (13*), പുജാര (7*) ക്രീസില്‍.

Nov 22, 2019, 5:15 pm IST

ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ച മായങ്ക് പുറത്ത്. അഞ്ചാം ഓവറിലെ നാലാം പന്തില്‍ അല്‍ അമീനാണ് 14 റണ്‍സെടുത്ത മായങ്കിനെ മടക്കിയത്. പോയിന്റിലേക്ക് ഷോട്ടിനു ശ്രമിച്ച മായങ്കിനെ ഗള്ളിയില്‍ മെഹ്ദി ഹസന്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

Nov 22, 2019, 4:52 pm IST

ഇന്ത്യന്‍ ഇന്നിങ്‌സിനു തുടക്കം. ആദ്യ ടെസ്റ്റിന് സമാനമായി ഈ ടെസ്റ്റിലും ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയുമായാണ് മായങ്ക് അഗര്‍വാള്‍ തുടങ്ങിയത്. ഇതേ ഓവറിലെ അഞ്ചാമത്തെ പന്തില്‍ രോഹിത് ശര്‍മയുടെ തകര്‍പ്പനൊരു സിക്‌സര്‍ ഈഡനെ ഇളക്കി മറിച്ചു.

Nov 22, 2019, 4:39 pm IST

ഷമി ബംഗ്ലാദേശ് ഇന്നിങ്‌സിനു തിരശീലയിട്ടു. 106 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് ഒന്നാമിന്നിങ്‌സില്‍ നേടാനായത്. അബു ജായെദിന്റെ (0) ബാറ്റിനരികെ തട്ടിത്തെറിച്ച പന്ത് സ്ലിപ്പില്‍ രോഹിത്തിന്റെ കൈപ്പിടിയില്‍ നിന്നും പറന്നുയര്‍ന്നെങ്കിലും തൊട്ടിരികില്‍ നിന്ന പുജാര പന്ത് അനായാസം പിടിച്ചെടുത്തു. കളിയില്‍ ഷമിയുടെ രണ്ടാം വിക്കറ്റായിരുന്നു ഇത്.

View this post on Instagram

What an amazing bowling from Ishant Sharma

A post shared by IndiaCricketTeam 🔵 (@followtheblues) on

Nov 22, 2019, 4:33 pm IST

ഇഷാന്ത് കളിയില്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. നയീം (19) ഹസനാണ് ഇഷാന്തിന്റെ അഞ്ചാമത്തെ ഇര. ഇഷാന്തിന്റെ ബൗളിങില്‍ നയീം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 12 വര്‍ഷത്തിനു ശേഷം ആദ്യമായാണ് നാട്ടില്‍ ഒരിന്നിങ്‌സില്‍ ഇഷാന്ത് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. ബംഗ്ലാദേശ് ഒമ്പതിന് 106.

Nov 22, 2019, 4:22 pm IST

പരിക്കേറ്റ ലിറ്റണ്‍ ദാസിന്റെ പകരക്കാരനായി ഇറങ്ങിയ മെഹ്ദി ഹസനെ ഇഷാന്ത് മടക്കി. 13 പന്തുകള്‍ നേരിട്ട് എട്ടു റണ്‍സെടുത്ത മെഹ്ദിയെ തകര്‍പ്പനൊരു ക്യാച്ചിലൂടെ പുജാരയാണ് പുറത്താക്കിയത്. മിഡ് വിക്കറ്റിലാണ് മുന്നിലേക്ക് ഡൈവ് ചെയ്ത് പുജാര പന്ത് കൈയ്ക്കുള്ളിലാക്കിയത്. ബംഗ്ലാദേശ് എട്ടിന് 98.

Nov 22, 2019, 4:03 pm IST

ഇന്ത്യന്‍ ബൗളിങ് നിരയില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഏറ്റവും പിശുക്ക് കാണിച്ച ഇഷാന്ത് തന്റെ മൂന്നാം വിക്കറ്റും വീഴ്ത്തി. ഇബാദത്ത് ഹുസൈനെ (1) ഇഷാന്ത് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഷോട്ട് കളിക്കാന്‍ പോലുമാവാതെ ഇബാദത്ത് നോക്ക്കുത്തിയായി നിന്നപ്പോള്‍ ഓഫ് സ്റ്റംപ് തെറിച്ചകലുകയായിരുന്നു. ബംഗ്ലാദേശ് ഏഴിന് 82.

Nov 22, 2019, 3:03 pm IST

ഷമിയുടെ ബൗളിങില്‍ തൊട്ടുമുമ്പത്തെ ഓവറില്‍ പന്ത് ഹെല്‍മറ്റില്‍ തട്ടിയ ലിറ്റണ്‍ ദാസ് 24 റണ്‍സെടുത്തു നില്‍ക്കെ പരിക്കു കാരണം റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ടു. 27 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 24 റണ്‍സാണ് സാഹ നേടിയത്

Nov 22, 2019, 2:54 pm IST

ബംഗ്ലാദേശിന്റെ വിക്കറ്റ് വീഴ്ച തുടരുന്നു. ഓള്‍റൗണ്ടര്‍ മഹമ്മുദുള്ളയാണ് ആറാമനായി പുറത്തായത്. വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയോടാണ് ഈ വിക്കറ്റിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത്. ഇഷാന്തിന്റെ ബൗളിങില്‍ ബാറ്റിനരികില്‍ തട്ടിയ പന്ത് സാഹ വലതു വശത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത് വലം കൈം കൊണ്ട് പിടിച്ച് വഴുതിപ്പോവാതെ ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. 21 പന്ത് നേരിട്ട മഹമ്മുദുള്ളയ്ക്ക് ആറു റണ്‍സ് മാത്രമാണ് നേടാനായത്.

Nov 22, 2019, 2:26 pm IST
വീണ്ടും ഷമി

ഇന്ത്യന്‍ പേസര്‍മാരുടെ 'അഴിഞ്ഞാട്ടത്തില്‍' പകച്ചു നില്‍ക്കുകയാണ് ബംഗ്ലാദേശ്. ടീം സ്‌കോര്‍ 50 ആവുന്നതിനു മുമ്പ് ബംഗ്ലാദേശിന് അഞ്ചാം വിക്കറ്റും നഷ്ടമായി. ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമാണ് (29) പുറത്തായത്. ഉമേഷിന്റെ ബൗളിങില്‍ സാഹയ്ക്കു സിംപിള്‍ ക്യാച്ച് നല്‍കിയാണ് താരത്തിന്റെ മടക്കം.

Nov 22, 2019, 2:08 pm IST
ഷമിക്കും വിക്കറ്റ്

ഇഷാന്ത്, ഉമേഷ് എന്നിവര്‍ക്കു പിന്നാലെ ഷമിയും ഇന്ത്യയുടെ വിക്കറ്റ് കൊയ്ത്തില്‍ പങ്കു ചേര്‍ന്നു. 12ാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ ബംഗ്ലാദേശ് നിരയിലെ ഏറ്റവും അപകടകാരിയായ മുഷ്ഫിഖുര്‍ റഹീമിനെ (0) ഷമി ബൗള്‍ഡാക്കുകയായിരുന്നു. 12 ഓവറില്‍ ബംഗ്ലാദേശ് നാലിന് 26.

Nov 22, 2019, 1:57 pm IST
മിതുന്‍ ക്ലീന്‍ ബൗള്‍ഡ്

പുതുതായി ക്രീസിലെത്തിയ മുഹമ്മദ് മിതുന് ഒരു പന്തിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ഉമേഷിന്റെ 11ാം ഓവറില്‍ മൂന്നാമത്തെ പന്തില്‍ മിതുന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഇതോടെ ബംഗ്ലാദേശ് മൂന്നിന് 17 റണ്‍സെന്ന നിലയിലേക്കു വീണു.

Nov 22, 2019, 1:57 pm IST
ബംഗ്ലാ നായകന്‍ പുറത്ത്

11ാം ഓവറിലെ ആദ്യ പന്തില്‍ ബംഗ്ലാദേശ് നായകന്‍ മൊമിനുല്‍ ഹഖിനെ അക്കൗണ്ട് തുറക്കും മുമ്പ് ഇന്ത്യ പുറത്താക്കി. ഏഴു പന്ത് നേരിട്ട് റണ്‍സെടുക്കാന്‍ വിഷമിച്ച മൊമിനുലിനെ ഉമേഷിന്റെ ബൗളിങില്‍ രണ്ടാം സ്ലിപ്പില്‍ കണ്ണഞ്ചിപ്പിക്കുന്ന ഡൈവിങ് ക്യാച്ചിലൂടെ രോഹിത് ശര്‍മ പിടിയിലൊതുക്കുകയായിരുന്നു.

Nov 22, 2019, 1:36 pm IST

ഇഷാന്തിന്റെ ഏഴാം ഓവറില്‍ രണ്ടു തവണയാണ് ബംഗ്ലാദേശ് ഡിആര്‍എസിന്റെ സഹായം തേടിയത്. ആദ്യ പന്തില്‍ ഇംറുല്‍ ഖയസിനെ വിക്കറ്റ് കീപ്പര്‍ സാഹ പിടികൂടിയപ്പോള്‍ അംപയര്‍ ഔട്ട് നല്‍കി. എന്നാല്‍ ബംഗ്ലാദേശ് ഡിആര്‍എസ് ഉപയോഗിക്കുകയായിരുന്നു. പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് റീപ്ലേയില്‍ തെളിഞ്ഞതോടെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി. ഇതേ ഓവറിലെ മൂന്നാം പന്തില്‍ ഖയസിനെ ഇഷാന്ത് വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോല്‍ അംപയര്‍ ഔട്ട് നല്‍കി. ഇതിനെതിരേയും അവര്‍ ഡിആര്‍എസ് വിളിച്ചെങ്കിലും ഇത്തവണ വിധി ഇന്ത്യക്ക് അനുകൂലമായി. 15 പന്തില്‍ നിന്ന നാലു റണ്‍സാണ് ഖയസ് നേടിയത്.

View this post on Instagram

@ishant.sharma29

A post shared by IndiaCricketTeam 🔵 (@followtheblues) on

Nov 22, 2019, 1:25 pm IST
Mykhel
മെയ്ഡനോടെ തുടക്കം

മെയ്ഡന്‍ ഓവറോടെയാണ് പിങ്ക് ബോള്‍ ടെസ്റ്റിന് തുടക്കമായത്. ഇഷാന്ത് ശര്‍മയ്ക്കാണ് ഐതിഹാസിക മല്‍സരത്തിലെ ആദ്യ ഓവര്‍ ബൗള്‍ ചെയ്യാന്‍ ഭാഗ്യമുണ്ടായത്. ഈ ഓവറില്‍ റണ്ണൊന്നും വിട്ടുകൊടുക്കാതെ ഇഷാന്ത് തുടക്കം ഗംഭീരമാക്കുകയും ചെയ്തു. ഷദമാന്‍ ഇസ്ലാമായിരുന്നു ബംഗ്ലാദേശിനായി ആദ്യ ഓവര്‍ നേരിട്ടത്.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ സാന്നിഘ്യത്തില്‍ ഷെയ്ഖ് ഹസീനയും മമതയും ചേര്‍ന്നാണ് ടെസ്റ്റിന് ഔദ്യോഗികമായി തുടക്കം കുറിച്ചു കൊണ്ട് ഈഡനില്‍ സ്ഥാപിച്ച കൂറ്റന്‍ മണി മുഴക്കിയത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃധിമാന്‍ സാഹ, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ.

ബംഗ്ലാദേശ്- ഷദ്മാന്‍ ഇസ്ലാം, ഇംറുല്‍ ഖയസ്, മൊമിനുല്‍ ഹഖ് (ക്യാപ്റ്റന്‍), മുഹമ്മദ് മിഥുന്‍, മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള, ലിറ്റണ്‍ ദാസ്, നയീം ഹസന്‍, അബു ജായെദ്, അല്‍ അമീന്‍ ഹുസൈന്‍, ഇബാദത്ത് ഹുസൈന്‍.

Story first published: Friday, November 22, 2019, 20:48 [IST]
Other articles published on Nov 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X