സെഞ്ച്വറിക്ക് വേണ്ടി കളിക്കാറില്ല; കളിക്കുന്നത് ടീമിന് വേണ്ടി; കോലിയുടെ ഒളിയമ്പ് ആര്‍ക്കുനേരെ?

Posted By:

ചെന്നൈ: ക്രിക്കറ്റ് കളത്തിലിറങ്ങിയാല്‍ താന്‍ തന്റെ റെക്കോര്‍ഡുകളോ വ്യക്തിഗത സ്‌കോറുകളോ ശ്രദ്ധിക്കാറില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോലിയുടെ പരാമര്‍ശം. ക്രിക്കറ്റ് കളിക്കുന്നത് സെഞ്ച്വറികള്‍ക്ക് വേണ്ടിയല്ല. അത് സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് കോലി പറഞ്ഞു.

സ്‌കോര്‍ ബോര്‍ഡില്‍ തന്റെ വ്യക്തിഗത സ്‌കോര്‍ ഇടയ്ക്കിടെ നോക്കി സ്വയം സമ്മര്‍ദ്ദിലാകാന്‍ ഇഷ്ടപ്പെടുന്നില്ല. മത്സരങ്ങള്‍ ജയിക്കാനാണ് താന്‍ കളിക്കുന്നത്. ടീം ജയിക്കുകയാണെങ്കില്‍ 98ലോ 99ലോ പുറത്തായാലും താന്‍ സന്തോഷവാനാണ്. ഇത്തരമൊരു ചിന്താഗതിയുള്ളതിനാല്‍ തനിക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ കഴിയുന്നുണ്ടെന്നും കോലി പറഞ്ഞു.

kohli

എത്ര വര്‍ഷം താന്‍ കളിക്കുകയാണെങ്കിലും സ്വാഭാവികമായ കളിയാണ് പുറത്തെടുക്കുക. ടീമിന് വേണ്ടി സഹായം ചെയ്യുകയാണ് തന്റെ ലക്ഷ്യം. അത് ഫീല്‍ഡിലായാലും ബാറ്റിങ്ങിലായാലും. ടീമിന് വേണ്ടി 120 ശതമാനം അര്‍പ്പണത്തോടെ കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. വ്യക്തിഗത റെക്കോര്‍ഡുകള്‍ തകര്‍ക്കുകയോ അതിനായി പരിശ്രമിക്കുകയോ ചെയ്യുകയെന്നത് തന്റെ രീതിയല്ലെന്നും കോലി വ്യക്തമാക്കി.

അതേസമയം റെക്കോര്‍ഡുകള്‍ സന്തോഷം തരുന്നതാണെന്ന് കോലി പറഞ്ഞു. റണ്‍സ് സ്‌കോര്‍ ചെയ്യുകയും ടീം ജയിക്കുകയും റെക്കോര്‍ഡുകളുണ്ടാവുകയും ചെയ്യുന്നത് സന്തോഷകരമാണ്. എന്നാല്‍, റെക്കോര്‍ഡുകളല്ല തന്റെ ലക്ഷ്യം. ടീം ജയിക്കുകയാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

Story first published: Sunday, September 17, 2017, 8:33 [IST]
Other articles published on Sep 17, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍