അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ നാണം കെട്ട പ്രകടനത്തിന് പിന്നാലെ പ്ലേയിങ് ഇലവനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. പൃത്ഥ്വി ഷാ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചതും ശുബ്മാന്‍ ഗില്‍,കെ എല്‍ രാഹുല്‍,റിഷഭ് പന്ത് എന്നിവര്‍ക്ക് അവസരം ഇല്ലാതെ പോയതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ആദ്യ മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് വഴങ്ങിയത്. ഇപ്പോഴിതാ റിഷഭ് പന്തിനെ ബാറ്റ്‌സ്മാനായി ഇന്ത്യ പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക്.
'അജിന്‍ക്യ രഹാനെ നാലാം നമ്പറില്‍ നിരവധി ആഭ്യന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ്. അതിനാല്‍ രണ്ടാം ടെസ്റ്റില്‍ നാലാം നമ്പറില്‍ കളിക്കാന്‍ സ്വയം തയ്യാറാവണം. ഒരു ബാറ്റ്‌സ്മാനായി റിഷഭ് പന്തിനെ ഇന്ത്യക്ക് പരിഗണിക്കാം. എന്നാല്‍ ഇത് പൃത്ഥ്വിയെ ഷായെ ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നതിനെ ആശ്രയിച്ചിരിക്കും. നിലവില്‍ മികച്ച ഫോമിലല്ലെങ്കിലും ടീം മാനേജ്‌മെന്റ് ആദ്യ പരിഗണന നല്‍കുമോയെന്ന് അറിയണം. മുന്‍പത്തെ ടെസ്റ്റ് മത്സരങ്ങളിലെല്ലാം അവന്‍ തിളങ്ങിയിരുന്നു'-മുരളി കാര്‍ത്തിക് പറഞ്ഞു.

ഐപിഎല്ലില്‍ സ്‌കോര്‍ നേടാത്തതിനാല്‍ പൃത്ഥ്വിയെ പുറത്താക്കണമെന്നാണ് എല്ലാവരും ആവിശ്യപ്പെടുന്നത്. എന്നാല്‍ അത് ടീം മാനേജ്‌മെന്റ് ചെയ്യില്ല. എന്നാല്‍ ഒന്നാം ടെസ്റ്റില്‍ അവന്‍ ആത്മവിശ്വാസത്തോടെ കളിക്കുന്നതല്ല കണ്ടത്. അവനെ വീണ്ടും സമ്മര്‍ദ്ദത്തിലോട്ട് തള്ളി വിടാന്‍ ആണോ എല്ലാവരും ഉദ്ദേശിക്കുന്നതെന്നും മുരളി കാര്‍ത്തിക് ചോദിച്ചു.കെ എല്‍ രാഹുല്‍ മികച്ച ഫോമിലാണെങ്കിലും എന്തുകൊണ്ടാണ് ടീമില്‍ ഉള്‍പ്പെടുത്താത്തതെന്ന് ചോദിച്ചാല്‍ അത് അവന്റെ ടെസ്റ്റിലെ ഫോമുകൊണ്ടാണെന്ന് പറയേണ്ടി വരുമെന്നും മുരളി കാര്‍ത്തിക് പറഞ്ഞു.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്നുറപ്പാണ്. പൃത്ഥ്വി ഷായ്ക്ക് സ്ഥാനം നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. പകരം ശുബ്മാന്‍ ഗില്ലിന് അവസരം ലഭിച്ചേക്കും. വിരാട് കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ പകരം രോഹിത് ശര്‍മ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചേക്കും. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹക്ക് പകരം റിഷഭ് പന്ത് എത്തിയേക്കും. സാഹ രണ്ട് ഇന്നിങ്‌സിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയിരുന്നു.
ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. ഇതോടെ നാല് മത്സര പരമ്പരയില്‍ 1-0ന് ഓസ്‌ട്രേലിയ ഒന്നാമതെത്തുകയും ചെയ്തു. ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും ഇന്ത്യ ഇറങ്ങുക.