സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് മറ്റൊരു വലിയ തിരിച്ചടി കൂടി. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസ് ബൗളര്‍ ഉമേഷ് യാദവ് പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. മൂന്നാം ടെസ്റ്റ് പേസ് ബൗളര്‍ക്ക് നഷ്ടമാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നെങ്കിലും ഇപ്പോള്‍ പരമ്പരയില്‍ നിന്ന് തന്നെ അദ്ദേഹം പുറത്തായതായുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദന സൃഷ്ടിക്കുന്ന വാര്‍ത്തയാണിത്.
നേരത്തെ ഇഷാന്ത് ശര്‍മയുടെ അഭാവത്തിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പര ആരംഭിച്ചത് തന്നെ. ഐപിഎല്ലിനിടെ പരിക്കേറ്റ ഇഷാന്ത് ഓസീസ് പരമ്പരയ്ക്ക് മുന്നെ കായിക ക്ഷമത വീണ്ടെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ പരിശോധനയില്‍ അദ്ദേഹം ഫിറ്റല്ലെന്ന് വിധിക്കുകയായിരുന്നു. ഇതോടെ ഇഷാന്തിന് പരമ്പര നഷ്ടമായി. ആദ്യ ടെസ്റ്റിനിടെ മറ്റൊരു സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയും പരിക്കിനെത്തുടര്‍ന്ന് പുറത്തായി. ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈയില്‍ കൊണ്ട് പരിക്കേറ്റതാണ് ഷമിക്ക് പരമ്പര നഷ്ടപ്പെടുത്തിയത്. ഇപ്പോഴിതാ പരിക്കിന്റെ കണ്ണിയില്‍ മറ്റൊരു പ്രധാന താരമായ ഉമേഷും കുടുങ്ങിയിരിക്കുകയാണ്.

മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഉമേഷിന് പരിക്കേറ്റത്. കാല്‍മസിലിന് വേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ അദ്ദേഹം കളം വിടുകയും ചെയ്തു. ഉമേഷിന്റെ അഭാവത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയിലെ വേഗ മൈതാനത്ത് നിലവില്‍ ജസ്പ്രീത് ബൂംറ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അനുഭവ സമ്പന്നനായ പേസറായുള്ളത്. മുഹമ്മദ് ഷമിക്ക് പകരക്കാരനായി രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജിന് അവസരം നല്‍കിയിരുന്നു. രണ്ട് ഇന്നിങ്‌സില്‍ നിന്ന് അഞ്ച് വിക്കറ്റുമായി അദ്ദേഹം തിളങ്ങുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഷമിക്ക് പകരമായി ശര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെ പരിമിത ഓവര്‍ ടീമിന്റെ ഭാഗമായിരുന്നു ശര്‍ദുല്‍ ഠാക്കൂര്‍. നിലവില്‍ നവദീപ് സൈനിയും പേസ് ബൗളറായി ഇന്ത്യന്‍ ടീമിലുണ്ട്. സിഡ്‌നിയില്‍ ബൗണ്‍സിനും ഷോര്‍ട്ട് ബോളിലും വളരെ പ്രാധാന്യമുള്ളതിനാല്‍ സൈനിയെ ഇന്ത്യ പരിഗണിക്കുമോ അതോ ഷമിക്ക് പകരക്കാരനായെത്തിയ ശര്‍ദുലിന് അവസരം ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണണം.
ഇന്ത്യയുടെ പുതിയ യോര്‍ക്കര്‍ കിങ് ടി നടരാജന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ഏകദിന,ടി20 പരമ്പരകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച നടരാജന്‍ നിലവില്‍ ടെസ്റ്റ് ടീമിനൊപ്പം നെറ്റ് ബൗളറായുണ്ട്. അതിനാല്‍ത്തന്നെ നടരാജന് അവസരം ലഭിക്കാന്‍ സാധ്യതയേറെയാണ്.