'സഹോദരാ നീയാണ് പരമ്പരയിലെ താരം', നട്ടുവിനെ ചേര്‍ത്ത് നിര്‍ത്തി ഹര്‍ദിക്; കൈയടിച്ച് ആരാധകര്‍
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിക്ക് ടി20യിലൂടെ പകരം വീട്ടിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സര ടി20 പരമ്പര 2-1നാണ് ഇന്ത്യ നേടിയത്. ആദ്യ മത്സരത്തില്‍ 11 റണ്‍സിനും രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ 13 റണ്‍സിന്റെ ആശ്വാസ ജയം ഓസ്‌ട്രേലിയയും നേടി. ഇന്ത്യക്കുവേണ്ടി യുവതാരം ടി നടരാജനും ഹര്‍ദിക് പാണ്ഡ്യയുമായാണ് കൂടുതല്‍ തിളങ്ങിയത്. ടി20 പരമ്പരയിലെ താരമായി ഹര്‍ദികിനെ തിരഞ്ഞെടുത്തപ്പോള്‍ അത് ടി നടരാജന് സമര്‍പ്പിച്ച ഹര്‍ദികിന്റെ നല്ല മനസിനെ അഭിനന്ദിക്കുകയാണ് കായിക ലോകം.
ട്വിറ്ററിലൂടെയാണ് നടരാജനെ ഹര്‍ദിക് പ്രശംസിച്ചത്. 'നടരാജന്‍,നീ ഈ പരമ്പരയില്‍ അസാമാന്യമായിരുന്നു. പ്രതിസന്ധി ഘട്ടത്തിലും അരങ്ങേറ്റ പരമ്പരയില്‍ നീ മനോഹരമായി കളിക്കുന്നു. നിന്റെ പ്രതിഭയെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും ഉറക്കെ സംസാരിക്കുക. എന്റെ കാഴ്ചപ്പാടില്‍ മാന്‍ ഓഫ് ദി സീരിയസ് നായാണ് സഹോദരാ. വിജയത്തില്‍ ടീം ഇന്ത്യക്ക് അഭിനന്ദനം'-എന്നായിരുന്നു ഹര്‍ദിക്കിന്റെ ട്വീറ്റ്. നടരാജന് മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം കൈമാറിയ ശേഷമുള്ള ചിത്രവും ഹര്‍ദിക് പങ്കുവെച്ചു.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലൂടെയാണ് നടരാജന്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വരവറിയിച്ചത്. രണ്ട് വിക്കറ്റുമായി തിളങ്ങിയതോടെ ടി20 പരമ്പരയിലേക്കും നടരാജന് വിളിയെത്തി. ആദ്യ ടി20യില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയ നടരാജന്‍ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മൂന്നാം ടി20യില്‍ ഒരു വിക്കറ്റാണ് നടരാജന്‍ നേടിയത്. ഒരു വിക്കറ്റ് കൂടി ലഭിക്കുമായിരുന്നെങ്കിലും ഡിആര്‍സ് കൊടുക്കുന്നതില്‍ നായകന്‍ കോലിക്ക് പറ്റിയ പിഴവാണ് അത് നിഷേധിച്ചത്.
ഏറെ നാളുകളായി മികച്ചൊരു ഇടം കൈയന്‍ പേസറുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ട്. ഖലീല്‍ അഹ്മദ് സമീപകാലത്തായി ഉയര്‍ന്നു വന്നെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാതെ വന്നതോടെ ടീമിന് പുറത്തായി. എന്നാല്‍ നടരാജന്റെ നിലവിലെ പ്രകടനം ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു. ഐപിഎല്‍ 2020ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി തിളങ്ങിയതാണ് നടരാജന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. നെറ്റ് ബൗളറായി എത്തിയ നടരാജന് പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരമാണ് അവസരം ലഭിച്ചത്.
അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുണ്ട്. ഇന്ത്യയിലാണ് ടൂര്‍ണമെന്റെന്നത് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നു. ഇതുവരെ ഒരു ലോകകപ്പ് പോലും നായകനെന്ന നിലയില്‍ നേടാനാവാത്ത വിരാട് കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണ് അടുത്ത വര്‍ഷം നടക്കുന്ന ടി20ലോകകപ്പ്. ജസ്പ്രീത് ബൂംറയ്‌ക്കൊപ്പം ഡെത്ത് ഓവറില്‍ തിളങ്ങാന്‍ യോര്‍ക്കറുകളുമായി ടി നടരാജനും ഇനി ടീമിലുണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications