സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 11 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 6 വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ പരിക്കേറ്റ ആരോണ്‍ ഫിഞ്ച് രണ്ടാം മത്സരത്തില്‍ കളിക്കാതിരുന്നപ്പോള്‍ ടീമിനെ നയിച്ചത് വൈസ് ക്യാപ്റ്റനായ മാത്യു വേഡായിരുന്നു. ബാറ്റുകൊണ്ടും ക്യാപ്റ്റന്‍സികൊണ്ടും തിളങ്ങാന്‍ വേഡിന് സാധിക്കുകയും ചെയ്തു. എന്നാല്‍ സ്റ്റീവ് സ്മിത്തിനെപ്പോലൊരു താരം ടീമിലുണ്ടായിട്ടും വീണ്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന് ക്യാപ്റ്റന്‍സി നല്‍കാത്തതെന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ അതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് ഓസീസ് പരിശീലകനായ ജസ്റ്റിന്‍ ലാംഗര്‍.
നായകസ്ഥാനം എന്നത് കൃത്യമായ പദ്ധതികളുടെ അടിസ്ഥാനത്തില്‍ നല്‍കുന്നതാണെന്നാണ് ലാംഗര്‍ പറഞ്ഞത്. ' മാത്യു വേഡാണ് ഞങ്ങളുടെ ഉപ നായകന്‍. സ്റ്റീവ് സ്മിത്ത് നേരത്തെ മനോഹരമായി ടീമിനെ നയിച്ച ആളാണ്. എന്നാല്‍ വീണ്ടും നായകനാകണമെങ്കില്‍ അവിടെ ഒരു പ്രക്രിയ നടക്കാനുണ്ട്. നായകസ്ഥാനം ഇല്ലാതെ തന്നെ എല്ലാം ശരിയായി അവന്‍ ചെയ്യുന്നുണ്ട്'- ലാംഗര്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ നായകനായി സ്മിത്തും വൈസ് ക്യാപ്റ്റനായി ഡേവിഡ് വാര്‍ണറും തിളങ്ങി നില്‍ക്കുന്ന സമയത്താണ് 2018ലെ പന്ത് ചുരണ്ടല്‍ വിവാദം നടക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ പന്ത് ചുരണ്ടിയ സംഭവത്തില്‍ സ്മിത്തും വാര്‍ണറും ഉള്‍പ്പെട്ടതോടെ ഇരുവരെയും വിലക്കുകയും നായകസ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. പിന്നീട് ആരോണ്‍ ഫിഞ്ചിനെ പരിമിത ഓവര്‍ ടീമിന്റെ നായകനാക്കിയപ്പോള്‍ ടിം പെയ്‌നിനെ ടെസ്റ്റ് ക്യാപ്റ്റനുമാക്കി. സ്മിത്തിന്റെയും വാര്‍ണറിന്റെ വിലക്കിന്റെ കാലാവധി അവസാനിച്ചെങ്കിലും നായകസ്ഥാനത്ത് തിരിച്ചെത്തിക്കാന്‍ ഓസീസ് തയ്യാറായിട്ടില്ല.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്മിത്തും വാര്‍ണറും തെറ്റ് ഏറ്റു പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ ഇത്തരത്തില്‍ മോശം സംഭവത്തില്‍ ശിക്ഷ നേരിട്ട താരങ്ങളെ വീണ്ടും നായകന്മാരുക്കുന്നതില്‍ ഓസീസ് താരങ്ങള്‍ക്കിടയില്‍ത്തന്നെ വിയോജിപ്പുണ്ട്. നേരത്തെ മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണടക്കം സ്മിത്തിനെ വീണ്ടും നായകനാക്കരുതെന്ന് ആവിശ്യപ്പെട്ടിരുന്നു. ഫിഞ്ചിന് കീഴില്‍ ഓസ്‌ട്രേലിയ മികച്ച പ്രകടനം നടത്തുന്നതിനാല്‍ അടുത്തൊന്നും സ്മിത്ത് നായകസ്ഥാനത്ത് തിരിച്ചെത്താന്‍ സാധ്യതയില്ല.
എന്നാല്‍ ഐപിഎല്ലില്‍ നായകന്മാരായി സ്മിത്തും വാര്‍ണറും തിരിച്ചെത്തിയിരുന്നു. ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്നു സ്റ്റീവ് സ്മിത്ത്. എന്നാല്‍ പ്രതീക്ഷിച്ച നായകമികവ് കാട്ടാന്‍ സ്മിത്തിന് സാധിച്ചിരുന്നില്ല. 2021ല്‍ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഫിഞ്ച് തന്നെ ഓസീസിനെ നയിക്കുമെന്നാണ് ലാംഗറുടെ വാക്കുകള്‍ സൂചന നല്‍കുന്നത്.