Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെര്‍ത്ത് ടെസ്റ്റ്: കുതിച്ച കംഗാരുപ്പടയ്ക്ക് കടിഞ്ഞാണിട്ട് ഇന്ത്യ... ആദ്യദിനം ആറിന് 277

കംഗാരുപ്പടയ്ക്ക് കടിഞ്ഞാണിട്ട് ഇന്ത്യ | Oneindia Malayalam
1
43624

പെര്‍ത്ത്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു മോശമല്ലാത്ത തുടക്കം. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ആതിഥേയര്‍ ആറു വിക്കറ്റിന് 277 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ ടിം പെയ്‌നും (16*) പാറ്റ് കമ്മിന്‍സുമാണ് (11*) ക്രീസില്‍. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് തുടക്കത്തില്‍ കുതിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യ കടിഞ്ഞാണിടുകയായിരുന്നു.

1

70 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ക്കസ് ഹാരിസാണ് ഓസ്‌ട്രേലിയയുടെ ടോപ്‌സ്‌കോറര്‍. ട്രാവിസ് ഹെഡ്ഡ് (58), ആരോണ്‍ ഫിഞ്ച് (50), ഷോണ്‍ മാര്‍ഷ് (45) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. രണ്ടു വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശര്‍മയും ഹനുമാ വിഹാരിയുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. ജസ്പ്രീത് ബുംറയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതമെടുത്തു.

 കാത്തിരുന്ന ബ്രേക്ക്ത്രൂ

കാത്തിരുന്ന ബ്രേക്ക്ത്രൂ

നാലു പേസര്‍മാരുള്‍പ്പെട്ട ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷന്‍ പാളിപ്പോയെന്ന് തെളിയിച്ചുകൊണ്ടാണ് ഓസീസ് ഓപ്പണര്‍മാരായ ഫിഞ്ചും ഹാരിസും ബാറ്റ് വീശിയത്. ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ നാലു പേസര്‍മാരെയും കോലി മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. സെഞ്ച്വറി കൂട്ടുകെട്ടും കടന്നു മുന്നേറിയ ഇന്ത്യയുടെ രക്ഷകനായത് ജസ്പ്രീത് ബുംറയാണ്.
ടീം സ്‌കോര്‍ 112ല്‍ നില്‍ക്കവെ ഫിഞ്ചിനെ (50) ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. 105 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളുണ്ടായിരുന്നു.

ഖവാജയെ വീഴ്ത്തി ഉമേഷ്

ഖവാജയെ വീഴ്ത്തി ഉമേഷ്

ഓസീസിന്റെ വിശ്വസ്തനായ താരം ഉസ്മാന്‍ ഖവാജയെ ക്രീസില്‍ അധികനേരം നില്‍ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. അഞ്ചു റണ്‍സ് മാത്രമെടുത്ത ഖവാജയെ ഉമേഷ് യാദവാണ് മടക്കിയത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ക്യാച്ച് നല്‍കിയാണ് താരത്തിന്റെ മടക്കം. ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെയാണ്ട് ഖവാജ പുറത്താവുന്നത്.

വിഹാരിക്കു അപ്രതീക്ഷിത വിക്കറ്റ്

വിഹാരിക്കു അപ്രതീക്ഷിത വിക്കറ്റ്

ഖവാജ പുറത്തായ ശേഷം ടീം സ്‌കോറിലേക്കു നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മികച്ച ഫോമിലായിരുന്ന ഓപ്പണര്‍ ഹാരിസിനെയും ഇന്ത്യ വീഴ്ത്തി. ഹനുമാ വിഹാരിയാണ് ഇന്ത്യക്കു നിര്‍ണായക വിക്കറ്റ് സമ്മാനിച്ചത്. 141 പന്തില്‍ 10 ബൗണ്ടറികളോടെ 70 റണ്‍സെടുത്ത ഹാരിസിനെ വിഹാരി അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ചു. ഓസ്‌ട്രേലിയ മൂന്നിന് 134.

കോലിയുടെ വണ്ടര്‍ ക്യാച്ച്

കോലിയുടെ വണ്ടര്‍ ക്യാച്ച്

അമ്പരപ്പിക്കുന്ന ഒരു ക്യാച്ചിലൂടെയാണ് പീറ്റര്‍ ഹാന്‍ഡ്‌സോംബിനെ ഇന്ത്യന്‍ നായകന്‍ കോലി പുറത്താക്കിയത്. ഇഷാന്ത് ശര്‍മയുടെ ബൗങിളില്‍ രണ്ടാം സ്ലിപ്പില്‍ കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചിലൂടെ കോലി പിടികൂടുകയായിരുന്നു. ഓസീസ് സ്‌കോര്‍ 148ല്‍ നില്‍ക്കവെയാണ് ഏഴു റണ്‍സെടുത്ത ഹാന്‍ഡ്‌സോംബ് മടങ്ങിയത്.

കൂട്ടുകെട്ട് തകര്‍ത്ത് വിഹാരി

കൂട്ടുകെട്ട് തകര്‍ത്ത് വിഹാരി

അഞ്ചാം വിക്കറ്റില്‍ ഷോണ്‍ മാര്‍ഷ്-ട്രാവിസ് ഹെഡ്ഡ് സഖ്യം 84 മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറവെയാണ് വിഹാരിയിലൂടെ ഇന്ത്യ തിരിച്ചടിക്കുന്നത്. അര്‍ധസെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ വച്ച് മാര്‍ഷിനെ വിഹാരി പുറത്താക്കി. 98 പന്തില്‍ ആറു ബൗണ്ടറികളോടെ 45 റണ്‍സെടുത്ത താരത്തെ വിഹാരി രഹാനെയുടെ കൈകളില്‍ അവസാനിപ്പിക്കുകയായിരുന്നു.

'തല'യറുത്ത് ഇഷാന്ത്

'തല'യറുത്ത് ഇഷാന്ത്

ആദ്യ ദിനം വീണ ആറാമത്തെയും അവസാനത്തെയും വിക്കറ്റ് ഇഷാന്തിനായിരുന്നു. മികച്ച ഫോമില്‍ കളിച്ച ട്രാവിസ് ഹെഡ്ഡാണ് (58) ഇഷാന്തിനു മുന്നില്‍ മുട്ടുമടക്കിയത്. ഏകദിന ശൈലയില്‍ ബാറ്റ് വീശിയ ഹെഡ്ഡ് 80 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് 58 റണ്‍സ് നേടിയത്. ടീം സ്‌കോര്‍ 251ല്‍ നില്‍ക്കവെയാണ് ഹെഡ്ഡിന്റെ മടക്കം.

സ്പിന്നറില്ലാതെ ഇന്ത്യ

സ്പിന്നറില്ലാതെ ഇന്ത്യ

ടോസ് ലഭിച്ച ഓസീസ് നായകന്‍ ടിം പെയ്ന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പേസര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുമെന്നു വിലയിരുത്തപ്പെട്ട പിച്ചില്‍ നാലു പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഒരാള്‍ പോലും ടീമില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം. ഒന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. പരിക്കേറ്റ രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവര്‍ക്കു പകരം ഹനുമാ വിഹാരിയും ഉമേഷ് യാദവും കളിച്ചു. മറുഭാഗത്ത് ഓസീസ് ആദ്യ ടെസ്റ്റിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

ടീം ഇന്ത്യ- വിരാട്കോലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.

ഓസ്‌ട്രേലിയ- ടിം പെയ്ന്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ട്രാവിഡ് ഹെഡ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്ല്‍വുഡ്, നതാന്‍ ലിയോണ്‍.

Story first published: Friday, December 14, 2018, 15:41 [IST]
Other articles published on Dec 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+