കംഗാരുക്കളെ കറക്കി വീഴ്ത്തി ഇന്ത്യന്‍ തിരിച്ചുവരവ്!! ജയം 75 റണ്‍സിന്, അശ്വിനാണ് താരം
ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു നാടകീയ വിജയം. ഒരു ദിവസം ബാക്കി നില്‍ക്കെ 75 റണ്‍സിന്റെ അവിസ്മരണീയ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 188 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ ഇന്ത്യ 35.4 ഓവറില്‍ കേവലം 110 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു.

ആറു വിക്കറ്റെടുത്ത സ്പിന്നര്‍ ആര്‍ അശ്വിന്റെ മാന്ത്രിക പ്രകടനമാണ് ഇന്ത്യക്കു അവിശ്വസനീയ ജയമൊരുക്കിയത്. ഉമേഷ് യാദവിനു രണ്ടു വിക്കറ്റ് ലഭിച്ചു.ഇന്ത്യന്‍ ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു. എട്ടോവര്‍ എറിഞ്ഞ ജഡേജ ഇതില്‍ അഞ്ചും മെയ്ഡനാക്കി. വഴങ്ങിയതാവട്ടെ മൂന്നു റണ്‍സും. ഒരു വിക്കറ്റ് താരത്തിനു ലഭിച്ചു. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് (28) ഓസീസിന്റെ ടോപ്‌സ്‌കോറര്‍. നാലു പേര്‍ മാത്രമേ ഓസീസ് നിരയില്‍ നാലക്കം കടന്നുള്ളൂ.

ഈ ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തി. ആദ്യടെസ്റ്റില്‍ ഓസീസ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.

നേരത്തേ 274 റണ്‍സില്‍ ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് അവസാനിക്കുകയായിരുന്നു. മികച്ച സ്കോറിലേക്കു കുതിച്ച ഇന്ത്യക്കു 36 റണ്‍സെടുക്കുന്നതിനിടെയാണ് അവസാനത്തെ ആറു വിക്കറ്റുകള്‍ നഷ്ടമായത്. ആറു വിക്കറ്റെടുത്ത പേസര്‍ ജോഷ് ഹാസ്ല്‍വുഡിന്റെ മാരകബൗളിങാണ് ഇന്ത്യയെ തകര്‍ത്തത്. സ്റ്റീവ് ഒകീഫെയ്ക്കും മിച്ചെല്‍ സ്റ്റാര്‍ക്കിനും രണ്ടു വിക്കറ്റ് ലഭിച്ചു.

92 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയാണ് (92) ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. അജിന്‍ക്യ രഹാനെ 52 റണ്‍സ് നേടി. ലോകേഷ് രാഹുലാണ് (51) മറ്റൊരു സ്‌കോറര്‍. മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ രണ്ടാമിന്നിങ്‌സില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ആദ്യ പന്തില്‍ തന്നെ കരുണ്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.

പരമ്പരയിലെ അടുത്ത മല്‍സരം മാര്‍ച്ച് 16 മുതല്‍ റാഞ്ചിയില്‍ നടക്കും. ഈ മല്‍സരത്തില്‍ ജയിച്ച് പരമ്പര കൈവിട്ടു പോവാതിരിക്കാനായിരിക്കും ഇരുടീമുകളും ശ്രമിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications