പെര്‍ത്തില്‍ ഇന്ത്യ തകര്‍ന്നു... എറിഞ്ഞൊതുക്കി കംഗാരുപ്പട, ഓസീസിന്റെ ജയം 146 റണ്‍സിന്

പെര്‍ത്ത്: അഞ്ചാം ദിനം ആരാധകര്‍ പ്രതീക്ഷിച്ചതു പോലെ ടീം ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പൊന്നും കണ്ടില്ല. പെര്‍ത്തിലെ തീപാറുന്ന പിച്ചില്‍ ഓസ്‌ട്രേലിയയുടെ തകര്‍പ്പന്‍ ബൗളിങിനു മുന്നില്‍ ഉച്ചഭക്ഷണത്തിനു മുമ്പ് തന്നെ ഇന്ത്യ ബാറ്റ് താഴെവച്ചു. 146 റണ്‍സിന്റെ ആധികാരിക ജയമാണ് ഓസീസ് നേടിയത്. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-1നു ഒപ്പമെത്തുകയും ചെയ്തു. ആദ്യ ടെസ്റ്റില്‍ ജയം ഇന്ത്യക്കായിരുന്നു.
287 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് 140 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അഞ്ചിന് 112 റണ്‍സെന്ന നിലയില്‍ അവസാനദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കു ടീം സ്‌കോറിലേക്കു 28 റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. 30 റണ്‍സ് വീതമെടുത്ത അജിങ്ക്യ രഹാനെയും റിഷഭ് പന്തും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയത്. ഹനുമാ വിഹാരി (28), മുരളി വിജയ് (20), ക്യാപ്റ്റന്‍ വിരാട് കോലി (17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. മൂന്നു വിക്കറ്റ് വീതമെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കും നതാന്‍ ലിയോണും ചേര്‍ന്നാണ് ഇന്ത്യയുടെ കഥ കഴിച്ചത്. ജോഷ് ഹാസ്ല്‍വുഡിനും പാറ്റ് കമ്മിന്‍സിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
നേരത്തേ 43 റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഓസീസിനെ നാലാം ഉച്ചഭക്ഷണത്തിനു പിന്നാലെ 243 റണ്‍സില്‍ ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഓസീസിന്റെ ലീഡ് 300 റണ്‍സ് കടക്കുമെന്നു തോന്നിയെങ്കിലും ലഞ്ച് ബ്രേക്കിനു ശേഷം ഇന്ത്യ തുടര്‍ച്ചയായി വിക്കറ്റുകള്‍ കൊയ്യുകയായിരുന്നു.
ആറു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഓസീസിന്റെ തകര്‍ച്ചയ്ക്കു ചുക്കാന്‍ പിടിച്ചത്. 24 ഓവറില്‍ 56 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷമി ആറു പേരെ പുറത്താക്കിയത്. മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ മികച്ച പിന്തുണ നല്‍കി. ഇഷാന്ത് ശര്‍മയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു. 72 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. മറ്റുള്ളവരൊന്നും ഫിഫ്റ്റി തികച്ചില്ല. ക്യാപ്റ്റന്‍ ടിം പെയ്ന്‍ (37), ആരോണ്‍ ഫിഞ്ച് (25) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

ആദ്യം വിഹാരി മടങ്ങി
അഞ്ചാം ദിനം റിഷഭ് പന്ത്- ഹനുമാ വിഹാരി സഖ്യം മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയെ രക്ഷിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ തലേദിവസത്തെ ടീം സ്‌കോറിലേക്കു ഏഴു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും വിഹാരിയെ പുറത്താക്കി ഓസീസ് ഇന്ത്യക്കു ആദ്യ പ്രഹരം നല്‍കി. 28 റണ്‍സെടുത്ത വിഹാരിയെ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ മാര്‍ക്കസ് ഹാരിസ് പിടികൂടുകയായിരുന്നു.

ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു
ഇന്ത്യയുടെ അവസാന അംഗീകൃത ബാറ്റ്‌സ്മാനായ റിഷഭ് പന്തും പുറത്തായതോടെ ഓസീസ് വിജയമുറപ്പിച്ചു. ടീം സ്‌കോര്‍ 137ല്‍ നില്‍ക്കവെയാണ് പന്തിന്റെ മടക്കം. നതാന്‍ ലിയോണാണ് ഇന്ത്യയുടെ തോല്‍വിയുറപ്പിച്ച വിക്കറ്റിന് അവകാശിയായത്. 30 റണ്‍സെടുത്ത പന്തിനെ ലിയോണിന്റെ ബൗളിങില്‍ മികച്ചൊരു ക്യാച്ചിലൂടെ ഹാന്‍സ്ഡ്‌സോംബ് പിടികൂടി (ഇന്ത്യ ഏഴിന് 137)

പൊരുതാതെ വാലറ്റം
പന്ത് മടങ്ങിയ ശേഷം വാലറ്റക്കാരുടെ ഭാഗത്തു നിന്നു അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പുണ്ടാവുമെന്നു കരുതിയെങ്കിലും ഓസീസിന്റെ കണിശതയാര്‍ന്ന ബൗളിങിനു മുന്നില്‍ അവര്‍ക്കു മറുപടി ഇല്ലായിരുന്നു. പന്ത് പുറത്തായ ശേഷം ടീം സ്‌കോറിലേക്കു മൂന്നു റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച മൂന്നു വിക്കറ്റുകളും ഇന്ത്യക്കു നഷ്ടമായി. രണ്ടു റണ്‍സെസടുത്ത ഉമേഷ് യാദവിനെ സ്റ്റാര്‍ക്ക് സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.

അവസാന രണ്ടും കമ്മിന്‍സിന്
ഇന്ത്യയുടെ അവസാനത്തെ രണ്ടു വിക്കറ്റുകളും കൊയ്ത് പാറ്റ് കമ്മിന്‍സാണ് ഓസീസിന്റെ ജയം പൂര്‍ത്തിയാക്കിയത്. ഒരേ ഓവറില്‍ തന്നെയാണ് ഇഷാന്ത് ശര്‍മയെയും ജസ്പ്രീത് ബുംറയെയും കമ്മിന്‍സ് മടക്കിയത്. ഇതോടെ 140 റണ്‍സില്‍ ഇന്ത്യയുടെ പോരാട്ടമവസാനിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications