ഇന്ത്യ v/s ഓസീസ്: ഏകദിന കിരീടമാര്‍ക്ക്? ചരിത്രം ഇങ്ങനെ... അവസാന അഞ്ചില്‍ ഈ ടീം മുന്നില്‍

മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വീണ്ടുമൊരു ഏകദിന പരമ്പരയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ അവസാന പരമ്പര കൂടി ആയതിനാല്‍ ആത്മവിശ്വാസത്തോടെ ലോകകപ്പിനെ നേരിടാന്‍ വിരാട് കോലിക്കു കിരീടം നേടിയേ തീരൂ.
രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ അപ്രതീക്ഷിത തോല്‍വിയാണ് ടീം ഇന്ത്യക്കു നേരിട്ടത്. ഏകദിനത്തില്‍ ഇത്തരമൊരു ഷോക്ക് ഏല്‍ക്കാതിരിക്കാന്‍ ഏറ്റവും മികച്ച കളി ഇന്ത്യക്കു പുറത്തെടുത്തേ തീരൂ. ഇന്ത്യയും ഓസീസും തമ്മില്‍ നാട്ടില്‍ നടന്ന അവസാനത്തെ അഞ്ച് ഏകദിന പരമ്പരയിലെ ചരിത്രത്തിലേക്കു ഒന്നു കണ്ണോടിക്കാം.

2017- പരമ്പര ഇന്ത്യക്ക് (4-1)
2017ലാണ് ഓസീസ് അവസാനമായി ഇന്ത്യയില്‍ ഏകദിന പരമ്പര കളിച്ചത്. അന്നു അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് പോക്കറ്റിലാക്കിയിരുന്നു. അന്നു ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ഹീറോ. പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു. ഇന്ത്യ ജയിച്ച നാലു കളികളില്‍ രണ്ടിലും മാന്‍ ഓഫ് ദി മാച്ചായതും പാണ്ഡ്യ തന്നെ.
ആദ്യ കളിയില്‍ ഇന്ത്യ ജയിച്ചപ്പോള്‍ പാണ്ഡ്യ 66 പന്തില്‍ 83 റണ്‍സും രണ്ടു വിക്കറ്റും വീഴ്ത്തി. രണ്ടാം ഏകദിനത്തില്‍ കോലിയും (92) കുല്‍ദീപ് യാദവും (ഹാട്രിക്ക്) ചേര്‍ന്ന് ഇന്ത്യക്കു ജയം സമ്മാനിച്ചു. മൂന്നാമത്തെ കളിയില്‍ 72 പന്തില്‍ 78 റണ്‍സെടുത്ത് പാണ്ഡ്യ വീണ്ടും ഇന്ത്യന്‍ ഹീറോയായി. നാലാം ഏകദിനം ഓസീസ് ജയിച്ചെങ്കിലും അഞ്ചാമത്തെ കളിയില്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ ജയം കൊയ്തു.

2013 പരമ്പര ഇന്ത്യക്ക് (3-2)
2013ലെ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പമ്പര ശരിക്കുമൊരു ത്രില്ലറായിരുന്നു. അന്ന് 3-2നാണ് ഇന്ത്യ പരമ്പര കൈക്കലാക്കിയത്. ഒരു ഘട്ടത്തില്‍ ഓസീസ് പരമ്പരയില്‍ 2-1ന് മുന്നിലെത്തിയെങ്കിലും അവസാന രണ്ടു മല്‍സരങ്ങള്‍ ജയിച്ച് ഇന്ത്യ പരമ്പര വരുതിയിലാക്കുകയായിരുന്നു. മൂന്നാം ഏകദിനത്തില്‍ 351 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് ഓസീസ് ഇന്ത്യക്കു നല്‍കിയത്. വിരാട് കോലിയുടെയും (115*) ശിഖര്‍ ധവാന്റെയും (100) സെഞ്ച്വറികള്‍ നാലു വിക്കറ്റിന് ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
അവസാന കളിയില്‍ രോഹിത് ശര്‍മയുടെ (209) തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയാണ് ഇന്ത്യക്കു ജയമൊരുക്കിയത്. ജെയിംസ് ഫോക്‌നറുടെ സെഞ്ച്വറിയില്‍ ഓസീസ് പൊരുതിനോക്കിയെങ്കിലും ജയം ഇന്ത്യക്കൊപ്പം തന്നെ നിന്നു.

2010- പരമ്പര ഇന്ത്യക്ക് 1-0
2010ല്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കാണ് ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയത്. എന്നാല്‍ രണ്ടു കളികള്‍ മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടു. നിര്‍ണായകമായ ഏക മല്‍സരം ജയിച്ച് കിരീടം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിലായിരുന്നു ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് മൂന്നു വിക്കറ്റിന് 289 റണ്‍സെടുത്തു. മറുപടിയില്‍ കോലിയുടെ (121) സെഞ്ച്വറിയും സുരേഷ് റെയ്‌നയുടെ (71*) ഇന്നിങ്‌സും ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.
ഈ പരമ്പരയിലൂടെയാണ് ശിഖര്‍ ധവാന്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. ധവാനോടൊപ്പം സൗരഭ് തിവാരിയും ഇന്ത്യക്കായി കന്നി മല്‍സരം കളിച്ചു.

2009- പരമ്പര ഓസ്‌ട്രേലിയക്ക് (4-2)
2009ലാണ് ഓസ്‌ട്രേലിയ അവസാനമായി ഇന്ത്യയില്‍ ഏകദിന പരമ്പര സ്വന്തമാക്കിയത്. അന്ന് ഏഴു മല്‍സരങ്ങളുടെ പരമ്പര കംഗാരുക്കൂട്ടം 4-2ന് കൈക്കലാക്കുകയാിരുന്നു. അവസാന മല്‍സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടു.
ആദ്യ കളി ഓസീസ് ജയിച്ചപ്പോള്‍ അടുത്ത രണ്ടു മല്‍സരങ്ങളും ജയിച്ച് ഇന്ത്യ 2-1ന് മുന്നിലെത്തി. എന്നാല്‍ നാലാം ഏകദിനത്തില്‍ തിരിച്ചടിച്ച് ഓസീസ് 2-2ന് ഒപ്പമെത്തി. അഞ്ചും ആറും ഏകദിനങ്ങളില്‍ ഇന്ത്യയെ തകര്‍ത്ത് ഓസീസ് പരമ്പര വരുതിലാക്കുകയും ചെയ്യുകയായിരുന്നു.

2007- പരമ്പര ഓസ്‌ട്രേലിയക്ക് (4-2)
2007ലെ ഏകദിന പരമ്പരയിലും ഓസ്ട്രലിയ ഇന്ത്യയെ തകര്‍ത്തുവിട്ടിരുന്നു. അന്ന് ഏഴു മല്‍സരങ്ങളുടെ പരമ്പര 4-2നാണ് ഓസീസ് നേടിയത്. ആദ്യ മല്‍സം മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടു മൂന്നു മല്‍സരങ്ങളില്‍ ഓസീസ് ജയിച്ചപ്പോള്‍ നാലാമത്തെ കളിയില്‍ ഇന്ത്യ തിരിച്ചടിച്ചു.
അഞ്ചാം ഏകദിനം ജയിച്ച് ഓസീസ് പരമ്പരയില്‍ 3-1ന് മുന്നിലെത്തി. ആറാം ഏകദിനത്തിലും ജയം ഓസീസിനായിരുന്നു. അവസാന കളിയില്‍ ഇന്ത്യ തിരിച്ചടിച്ചെങ്കിലും പരമ്പര ഓസീസ് നേരത്തേ പരമ്പര കൈക്കലാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications