IND vs AUS: ഇന്ത്യയുടെ മറുപടി മഴയില്‍ മുങ്ങി, രണ്ടു വിക്കറ്റ് നഷ്ടം

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാംദിനം മഴ രസംകൊല്ലിയായി. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 369 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 26 ഓവറില്‍ രണ്ടു വിക്കറ്റിന് 62 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴയെത്തിയത്. ശക്തമായ മഴയെ തുടര്‍ന്ന് ഏറെ നേരെ കളി നിര്‍ത്തി വച്ചു. പിന്നീട് മല്‍സരം പുനരാരംഭിക്കാന്‍ സാധിക്കാതിരുന്നതോടെ രണ്ടാം ദിനത്തിലെ കളി അവസാനിപ്പിക്കുകയായിരുന്നു. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു 307 റണ്‍സ് കൂടി വേണം.

നായകന്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം (2) ചേതേശ്വര്‍ പുജാരയാണ് (8) ക്രീസില്‍. 37 ബോളുകള്‍ നേരിട്ട ഈ സഖ്യത്തിന് വെറും രണ്ടു റണ്‍സാണ് നേടാനായത്. പുജാരയാവട്ടെ എട്ടു റണ്‍സിനു വേണ്ടി കളിച്ചത് 49 ബോളുകളാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (44), ശുഭ്മാന്‍ ഗില്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. സിഡ്‌നി ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഓപ്പണിങ് വിക്കറ്റില്‍ ഫിഫ്റ്റി തികച്ച രോഹിത്- ഗില്‍ ജോടിക്ക് ഇത്തവണ പ്രകടനം ആവര്‍ത്തിക്കാനായില്ല. ടീം സ്‌കോര്‍ 11ല്‍ നില്‍ക്കെ ഗില്‍ പുറത്തായി. 15 ബോളില്‍ ഒരു ബൗണ്ടറിയോടെ ഏഴു റണ്‍സെടുത്ത ഗില്ലിനെ കമ്മിന്‍സിന്റെ ബോളില്‍ സ്റ്റീവ് സ്മിത്ത് ക്യാച്ച് ചെയ്തു. രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പുജാരയെ കൂട്ടുപിടിച്ച് 49 റണ്‍സിന്റെ കൂട്ടിച്ചേര്‍ത്ത് രോഹിത് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. മികച്ച ടൈമിങോടെ ബാറ്റ് ചെയ്ത രോഹിത് നതാന്‍ ലിയോണിന്റെ ഓവറില്‍ അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് കൈവിട്ടതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്.

നേരത്തേ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് 369 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീതമെടുത്ത അരങ്ങേറ്റക്കാരായ ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. മാര്‍നസ് ലബ്യുഷെയ്ന്‍ (108), ടിം പെയ്ന്‍ (50), കാമറോണ്‍ ഗ്രീന്‍ (47), മാത്യു വെയ്ഡ് (45) എന്നിവരാണ് ഓസീസിന്റെ പ്രധാനപ്പെട്ട സ്‌കോറര്‍മാര്‍.

രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ ഓസീസിന്റെ മൂന്നു വിക്കറ്റെടുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. നായകന്‍ ടി പെയ്ന്‍ (50), കാമറോണ്‍ ഗ്രീന്‍ (47), പാറ്റ് ക്മ്മിന്‍സ് (2) എന്നിവരെയാണ് ഇന്ത്യ മടക്കിയത്. അഞ്ചു വിക്കറ്റിന് 274 റണ്‍സെന്ന നിലയിലാണ് ഓസീസ് ഇന്നു കളി പുനരാരംഭിച്ചത്95 റണ്‍സെടുക്കുന്നതിനിടെയാണ് രണ്ടാംദിനം ഓസീസിന്റെ ശേഷിച്ച അഞ്ചു വിക്കറ്റുകളും ഇന്ത്യ വീഴ്ത്തിയത്. പെയ്‌നിനെയാണ് ആദ്യ സെഷനില്‍ ഇന്ത്യ ആദ്യം പുറത്താക്കിയത്. ഇതിനിടെ താരം ഫിഫ്റ്റി തികച്ചിരുന്നു. 104 ബോളില്‍ ആറു ബൗണ്ടറികളോടെ 50 റണ്‍സെടുത്ത പെയ്‌നിനെ താക്കൂറിന്റെ ബൗളിങില്‍ രോഹിത് ശര്‍മ ക്യാച്ച് ചെയ്തു. ടീം സ്‌കോര്‍ 311ല്‍ വച്ചായിരുന്നു പെയ്ന്‍ മടങ്ങിയത്.

രണ്ടു റണ്‍സ് കൂടി നേടുമ്പോഴേക്കും ഗ്രീനിനെ വാഷിങ്ടണ്‍ സുന്ദര്‍ വീഴ്ത്തി. ഫിഫ്റ്റിക്കു മൂന്നു റണ്‍സ് മാത്രമകലെ ഗ്രീനിനെ സുനദര്‍ ബൗള്‍ഡാക്കുകയായിരുന്നു. 107 ബോളുകള്‍ നേരിട്ട ഗ്രീനിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളുണ്ടായിരുന്നു. ടീം സ്‌കോറിലേക്ക് വീണ്ടുമൊരു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും പുതായി ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സിന്റെ വിക്കറ്റും ഇന്ത്യ നേടി. താക്കൂറാണ് രണ്ടു റണ്‍സെടുത്ത കമ്മിന്‍സിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.

ആദ്യദിനം മാര്‍നസ് ലബ്യുഷെയ്‌ന്റെ (108) സെഞ്ച്വറിയായിരുന്നു ഓസീസ് ഇന്നിങ്‌സിനു അടിത്തറയിട്ടത്. 204 ബോളില്‍ ഒമ്പത് ബൗണ്ടറികളോടെയാണ് ലബ്യുഷെയ്ന്‍ മൂന്നക്കം കടന്നത്. ഡേവിഡ് വാര്‍ണര്‍ (1), മാര്‍ക്കസ് ഹാരിസ് (5), സ്റ്റീവ് സ്മിത്ത് (36), മാത്യു വേഡ് (45) എന്നിവരാണ് ആദ്യദിനം പുറത്തായ മറ്റു ഓസീസ് താരങ്ങള്‍. അരങ്ങേറ്റ മല്‍സരം കളിച്ച പേസര്‍ ടി നടരാജന്‍ ആദ്യം രണ്ടു വിക്കറ്റെടുത്തിരുന്നു.

സിഡ്‌നി ടെസ്റ്റില്‍ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു പകരം മായങ്ക് അഗര്‍വാള്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ടി നടരാജന്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ടി നടരാജന്‍.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, January 16, 2021, 7:08 [IST]
Other articles published on Jan 16, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X