അഡ്‌ലെയ്ഡില്‍ അഭിമാനമായി പുജാര... ഓസ്‌ട്രേലിയയില്‍ കന്നി സെഞ്ച്വറി, ഇന്ത്യ 9ന് 250

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഭേദപ്പെട്ട സ്‌കോര്‍. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാമിന്നിങ്‌സില്‍ ഒമ്പതു വിക്കറ്റിന് 250 റണ്‍സെടുത്തിട്ടുണ്ട്. മുന്‍ ബാറ്റിങ് നിര ദുരന്തമായി മാറിയപ്പോള്‍ ചേതേശ്വര്‍ പുജാര (123) സെഞ്ച്വറിയുമായി ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. ഓസ്‌ട്രേലിയയില്‍ തന്റെ കന്നി സെഞ്ചറിയാണ് അദ്ദേഹം നേടിയത്.246 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് പുജാരയുടെ ഇന്നിങ്‌സ്.

ഇന്ത്യന്‍ നിരയില്‍ മറ്റുള്ളവരൊന്നും അര്‍ധസെഞ്ച്വറി തികച്ചില്ല. രോഹിത് ശര്‍മ 37 റണ്‍സെടുത്ത് പുറത്തായി. റിഷഭ് പന്തും ആര്‍ അശ്വിനും 25 റണ്‍സ് വീതമെടുത്തു. ഓസ്‌ട്രേലിയക്കു വേണ്ടി മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്ല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം പങ്കിടുകയായിരുന്നു.
ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ലോക ഒന്നാം റാങ്കുകാരായ ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ ഇറങ്ങിയത്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കുന്നത്. പരിശീലന മല്‍സരത്തിനിടെയേറ്റ പരിക്കുമൂലം യുവ ഓപ്പണര്‍ പൃഥ്വി ഷായും ഈ ടെസ്റ്റില്‍ കളിക്കുന്നില്ല.

രാഹുല്‍ വീണ്ടും ഫ്‌ളോപ്പ്
ഇന്ത്യന്‍ ടീമില്‍ നിന്നും ലോകേഷ് രാഹുല്‍ പുറത്താക്കപ്പെടേണ്ട സമയം അതിക്രമിച്ചെന്ന് അഡ്‌ലെയ്ഡ് ടെസ്റ്റും കാണിച്ചു തന്നു. ഫോം കണ്ടെത്താനാവാതെ വലയുന്ന രാഹുല്‍ ഈ കളിയിലും ദുരന്തമായി മാറി.
മികച്ച തുടക്കം പ്രതീക്ഷ ഇന്ത്യക്കു രാഹുലിനെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി. രണ്ടു റണ്‍സ് മാത്രമെടുത്ത രാഹുലിനെ ഹാസ്ല്‍വുഡിന്റെ ബൗളിങില്‍ ഫിഞ്ച് പിടികൂടുകയായിരുന്നു.

നാലു റണ്‍സിനിടെ രണ്ടു വിക്കറ്റ്
ഓസീസിന്റെ തീപാറുന്ന ബൗളിങിനു മുന്നില്‍ ഇന്ത്യയുടെ മുട്ട് ഇടിക്കുന്നതാണ് പിന്നീട് കണ്ടത്. പരിശീലന മല്‍സരത്തില്‍ സെഞ്ച്വറിയുമായി ഫോമിലേക്കു തിരിച്ചെത്തിയ മുരളി വിജയ്ക്ക് പക്ഷെ ഇവിടെ പിഴച്ചു. 11 റണ്‍സെടുത്ത വിജയ് സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ പെയ്‌നിന് പിടികൊടുത്ത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് മാത്രം.
ഉജ്ജ്വല ഫോമിലുള്ള ക്യാപ്റ്റന്‍ കോലിയുടെ പുറത്താവല്‍ ഇന്ത്യക്കു ഷോക്കായിരുന്നു. ടീം സ്‌കോറിലേക്ക് നാലു റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ കോലിയും (3) മടങ്ങി. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ്. ഇന്ത്യ മൂന്നിന് 19.

രഹാനെയും മടങ്ങി
പുജാര- രഹാനെ സഖ്യം ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഓസീസ് അടുത്ത പ്രഹരമേല്‍പ്പിച്ചത്. 31 പന്തില്‍ നിന്നും ഒരു സിക്‌സറിന്റെ അകമ്പടിയോടെ 13 റണ്‍സെടുത്ത രഹാനെയെ ഹാസ്ല്‍വുഡാണ് മടക്കിയത്. ഹാന്‍ഡ്‌സോംബ് രഹാനെയെ ക്യാച്ച് ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യ നാലിന് 41 റണ്‍സെന്ന നിലയിലേക്കു വീണു.

വിക്കറ്റ് കളഞ്ഞുകുളിച്ച് ഹിറ്റ്മാന്‍
ഒരിടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട രോഹിത് ശര്‍മ മികച്ച രീതിയിലാണ് ഇന്നിങ്‌സ് തുടങ്ങിയത്. പുജാരയ്‌ക്കൊപ്പം ചേര്‍ന്ന് ഹിറ്റ്മാന്‍ 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിത് തന്റെ തനത് ആക്രമണോത്സുക ശൈലിയില്‍ തന്നെയാണ് ബാറ്റ് വീശിയത്.
ഈ ജോടി കരുത്താര്‍ജിക്കുന്നതിനിടെയാണ് രോഹിത്തിന്റെ പുറത്താവല്‍. ലിയോണിനെതിരേ സിക്‌സര്‍ പറത്തിയ അദ്ദേഹം തൊട്ടടുത്ത പന്തിലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളഞ്ഞു കുളിക്കുകയായിരുന്നു. 61 പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറും ഹിറ്റ്മാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

പിടികൊടുക്കാതെ പുജാര
ക്രീസിന്റെ മറുവശത്ത് ടീമംഗങ്ങള്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഒന്നിനു പിറകെ ഒന്നായി ക്രീസ് വിട്ടെങ്കിലും പുജാര ക്ഷമ കൈവിട്ടില്ല. തന്റെ തനതുശൈലിയില്‍ പ്രതിരോധിച്ചു കളിച്ച അദ്ദേഹം ടീമിനെ മുന്നോട്ട് നയിച്ചു. ആറാം വിക്കറ്റില്‍ റിഷഭ് പന്തിനൊപ്പം 41ഉം ഏഴാം വിക്കറ്റില്‍ അശ്വിനൊപ്പം 62ഉം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പുജാരയും അശ്വിനും ചേര്‍ന്നെടുത്ത 62 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്.
പന്തിനെ ലിയോണ്‍ പുറത്താക്കിയപ്പോള്‍ അശ്വിനെ കമ്മിന്‍സാണ് മടക്കിയത്. എങ്കിലും പുജാര സെഞ്ചറിയെന്ന കടമ്പയും കടന്ന് മുന്നേറുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ- ടിം പെയ്ന്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ട്രാവിഡ് ഹെഡ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്ല്‍വുഡ്, നതാന്‍ ലിയോണ്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications