Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഡ്‌ലെയ്ഡില്‍ ചരിത്രം കുറിച്ച് ഇന്ത്യ... ഓസീസിനെ തകര്‍ത്തു, ജയം 31 റണ്‍സിന്

1
43623
ഓസിസ് മണ്ണില്‍ ത്രസിപ്പിക്കുന്ന വിജയം | Oneindia Malayalam

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ചരിത്രജയം. 31 റണ്‍സിനാണ് കംഗാരുപ്പടയെ ഇന്ത്യ കെട്ടുകെട്ടിച്ചത്. 323 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിനെ അഞ്ചാം ദിനം ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 291 റണ്‍സിനു എറിഞ്ഞിടുകയായിരുന്നു. മികച്ച പോരാട്ടം നടത്തിയാണ് ഓസീസ് മല്‍സരം അടിയറവ് വച്ചത്. വാലറ്റക്കാരുടെ പോരാട്ടവീര്യം ഇന്ത്യയെ പല തവണ അസ്വസ്ഥരാക്കിയിരുന്നു. എന്നാല്‍ ഓരോ കൂട്ടുകെട്ടും മല്‍സരം തങ്ങളില്‍ നിന്നും തട്ടിയെടുക്കുമെന്ന് തോന്നിക്കുമ്പോഴും വിക്കറ്റ് പിഴുത് ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ ഇതാദ്യമായാണ് ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജയം കൊയ്യുന്നത്. ഈ ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ വിരാട് കോലിയും സംഘവും 1-0ന് മുന്നിലെത്തുകയും ചെയ്തു.

60 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷാണ് രണ്ടാമിന്നിങ്‌സില്‍ ഓസീസിന്റെ ടോപ്്സ്‌കോറര്‍. 166 പന്തില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതാണ് മാര്‍ഷിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ടിം പെയ്ന്‍ (41), നതാന്‍ ലിയോണ്‍ (38*), പാറ്റ് കമ്മിന്‍സ് (28), മിച്ചെല്‍ സ്റ്റാര്‍ക്ക് (28) എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി. മൂന്നു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഓസീസിനെ വരിഞ്ഞുകെട്ടിയത്. ഇഷാന്ത് ശര്‍മയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

നേരത്തേ ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചേതേശ്വര്‍ പുജാരയുടെ (123) സെഞ്ച്വറിയുടെ മികവില്‍ ഒന്നാമിന്നിങ്‌സില്‍ 250 റണ്‍സാണ് നേടിയത്. മറുപടിയില്‍ 235 റണ്‍സിന് ഓസീസ് പുറത്തായി. 15 റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ 307 റണ്‍സ് നേടി. രണ്ടാമിന്നിങ്‌സിലും പുജാരയാണ് (71) ഇന്ത്യയുടെ ഹീറോയായത്. അജിങ്ക്യ രഹാനെ 70 റണ്‍സെടുത്ത് പുറത്തായി. പുജാര തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

ആദ്യ ബ്രേക്ത്രൂ

ആദ്യ ബ്രേക്ത്രൂ

ഇന്ത്യ പ്രതീക്ഷിച്ചതു പോലൊരു തുടക്കമാണ് ഇഷാന്ത് ശര്‍മ അഞ്ചാം ദിനം രാവിലെ തന്നെ നല്‍കിയത്. മാര്‍ഷും ആദ്യ ഇന്നിങ്‌സിലെ ടോപ്‌സ്‌കോററുമായ ട്രാവിഡ് ഹെഡ്ഡും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കവെയാണ് ഹെഡ്ഡിനെ ഇഷാന്ത് പുറത്താക്കുന്നത്. ഇഷാന്തിന്റെ മികച്ചൊരു പന്തില്‍ ഹെഡ്ഡ് അജിങ്ക്യ രഹാനെയ്ക്കു പിടികൊടുക്കുകയായിരുന്നു. ടീം സ്‌കോര്‍ 115ല്‍ വച്ചാണ് ഹെഡ്ഡ് മടങ്ങിയത്.

മാര്‍ഷിന്റെ വിക്കറ്റെടുത്ത് ബുംറ

മാര്‍ഷിന്റെ വിക്കറ്റെടുത്ത് ബുംറ

തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ നാണക്കേടിന്റെ പുതിയ ചരിത്രം കുറിച്ച ഷോണ്‍ മാര്‍ഷ് ഗംഭീര തിരിച്ചുവരവാണ് രണ്ടാമിന്നിങ്‌സില്‍ നടത്തിയത്. ആറാം വിക്കറ്റില്‍ മാര്‍ഷും ക്യാപ്റ്റന്‍ ടിം പെയ്‌നും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.
അര്‍ധസെഞ്ച്വറിയുമായി ക്രീസില്‍ നങ്കൂരമിട്ടു കളിച്ച മാര്‍ഷിനെ പുറത്താക്കി ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത് ജസ്പ്രീത് ബുംറയാണ്. 166 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 60 റണ്‍സെടുത്ത മാര്‍ഷ് വിക്കറ്റ് കീപ്പര്‍ പന്തിന് പിടികൊടക്കകുയായിരുന്നു.

വീണ്ടും ബുംറ

വീണ്ടും ബുംറ

ഇന്ത്യക്കു വെല്ലുവിളുയയര്‍ത്തി ക്യാപ്റ്റന്‍ പെയ്ന്‍ ഓസീസിനെ മുന്നോട്ട് നയിക്കവെയാണ് ലഞ്ച് ബ്രേക്ക് കഴിഞ്ഞ് രണ്ടാമത്തെ ഓവറില്‍ത്തന്നെ പെയ്‌നിനെ ബുംറ മടക്കിയത്. അഞ്ചാം ദിനം താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിക്കറ്റ് കൂടിയാണിത്. 73 പന്തില്‍ നാലു ബൗണ്ടറികളോടെ 41 റണ്‍സെടുത്ത പെയ്‌നിനെ ബുംറയുടെ ബൗളിങില്‍ പന്ത് ക്യാച്ചെടുക്കുകയായിരുന്നു. ടീം സ്‌കോര്‍ 187ല്‍ വച്ചാണ് പെയ്‌നിന്റെ മടക്കം

നിര്‍ണായക ബ്രേക്ത്രൂ

നിര്‍ണായക ബ്രേക്ത്രൂ

ഇന്ത്യയെ അസ്വസ്ഥരാക്കി എട്ടാം വിക്കറ്റില്‍ മിച്ചെല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും 41 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി മുന്നേറവെയാണ് ഷമി ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. 28 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ഷമി വീഴ്ത്തുകയായിരുന്നു. 44 പന്തില്‍ നിന്നും രണ്ടു ബൗണ്ടറികളോടെ 28 റണ്‍സെടുത്ത അദ്ദേഹത്തെ ഷമി വിക്കറ്റ് കീപ്പര്‍ പന്തിന് സമ്മാനിച്ചു. ഓസീസ് എട്ടിന് 228.

വീണ്ടുമൊരു കൂട്ടുകെട്ട് തകര്‍ത്ത് ബുംറ

വീണ്ടുമൊരു കൂട്ടുകെട്ട് തകര്‍ത്ത് ബുംറ

ഓസ്‌ട്രേലിയ ഓരോ കൂട്ടുകെട്ടുകളുമുണ്ടാക്കി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയപ്പോഴും ബ്രേക്ത്രൂകള്‍ നല്‍കിയ ബുംറ വീണ്ടും ടീമിന്റെ രക്ഷയ്‌ക്കെത്തി. പാറ്റ് കമ്മിന്‍സിനെ (28) പുറത്താക്കി ബുംറ ഇന്ത്യക്കു ഒമ്പതാമത്തെ വിക്കറ്റും സമ്മാനിക്കുകയായിരുന്നു. ടീം സ്‌കോര്‍ 259ലാണ് കമ്മിന്‍സ് മടങ്ങിയത്.

അശ്വിനിലൂടെ കഥ കഴിച്ചു

അശ്വിനിലൂടെ കഥ കഴിച്ചു

അവസാന വിക്കറ്റിലും ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയെ ശരിക്കും പ്രതിരോധത്തിലാക്കി. നതാന്‍ ലിയോണും ജോഷ് ഹാസ്ല്‍വുഡും ചേര്‍ന്ന് 32 റണ്‍സാണ് അവസാന വിക്കറ്റില്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഒടുവില്‍ രക്ഷയ്‌ക്കെത്തിയത് അശ്വിനാണ്. 13 റണ്‍സെടുത്ത ഹാസ്ല്‍വുഡിനെ അശ്വിന്‍ രാഹുലിന് സമ്മാനിച്ചതോടെ ഇന്ത്യ അഡ്‌ലെയ്ഡില്‍ ചരിത്രം കുറിക്കുകയും ചെയ്തു.

Story first published: Monday, December 10, 2018, 11:03 [IST]
Other articles published on Dec 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+