മെല്‍ബണ്‍ ഏകദിനം: എറിഞ്ഞിട്ട് ചഹല്‍, പട നയിച്ച് ധോണി... തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യക്ക് പരമ്പര
മെല്‍ബണ്‍: ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയിലും ടീം ഇന്ത്യ വെന്നിക്കൊടി നാട്ടി. ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ മികച്ച ബൗളിങിലൂടെ 230 റണ്‍സിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. മറുപടിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും എംഎസ് ധോണി (87*) പട നയിച്ചപ്പോള്‍ നാലു പന്തും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തി. 61 റണ്‍സുമായി പുറത്താവാതെ നിന്ന കേദാര്‍ ജാദവ് ധോണിക്ക് മികച്ച പിന്തുണ നല്‍കി. 114 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് ധോണി 87 റണ്‍സ് നേടിയതെങ്കില്‍ ജാദവ് 57 പന്തില്‍ ഏഴു ബൗണ്ടറികള്‍ പായിച്ചാണ് 61 റണ്‍സെടുത്തത്. അപരാജിതമായ നാലാം വിക്കറ്റില്‍ ധോണി- ജാദവ് സഖ്യം 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.
നേരത്തേ ടോസിനു ശേഷം ഓസീസിനെ ബാറ്റിങിന് അയക്കാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തീരുമാനം പിഴച്ചില്ല. 48.1 ഓവറില്‍ 230 റണ്‍സിന് ആതിഥേയരെ ഒതുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെ തകര്‍പ്പന്‍ ബൗളിങാണ് ഓസീസിനെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. മല്‍സരത്തില്‍ ചഹല്‍ ആറു വിക്കറ്റ് പോക്കറ്റിലാക്കി. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് താരം ആറു പേരെ പുറത്താക്കിയത്. മെല്‍ബണില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ഭുവനേശ്വര്‍ കുമാറിനും മുഹമ്മദ് ഷമിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ആറു വിക്കറ്റുമായി ഓസീസിന്റെ നട്ടെല്ലൊടിച്ച ചഹലാണ് മാന്‍ ഓഫ് ദി മാച്ച്. മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റിയുമായി മിന്നിയ ധോണി മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരത്തിന് അവകാശിയായി.
ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു. രണ്ടാം ഏകദിനത്തില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. മുഹമ്മദ് സിറാജിനു പകരം വിജയ് ടീമിലെത്തിയപ്പോള്‍ കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചഹലും അമ്പാട്ടി റായുഡുവിന് പകരം കേദാര്‍ ജാദവും കളിച്ചു. ഓസീസ് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ജാസണ്‍ ബെറന്‍ഡോര്‍ഫിനു പകരം ബില്ലി സ്റ്റാന്‍ലേക്കും നതാന്‍ ലിയോണിനു പകരം ആദം സാംപയും പ്ലെയിങ് ഇലവനിലെത്തി.

കറേയെ വീഴ്ത്തി ഭുവി
ആദ്യ രണ്ട് ഏകദിനങ്ങളെയും പോലെ തന്നെ തുടക്കത്തില്‍ തന്നെ ഇന്ത്യക്കു ഇത്തവണയും ബ്രേക്ക്ത്രൂ നേടാന്‍ സാധിച്ചു. ആരോണ്‍ ഫിഞ്ചായിരുന്നു കഴിഞ്ഞ രണ്ടു കൡകളിലും ആദ്യം ഔട്ടായതെങ്കില്‍ ഇത്തവണ അലെക്‌സ് കറേയായിരുന്നു. അഞ്ചു റണ്‍സെടുത്ത കറേയെ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങില്‍ കോലി പിടികൂടുകയായിരുന്നു. ഓസീസ് ഒന്നിന് 8.

ഫിഞ്ചിന് രക്ഷയില്ല
പരമ്പരയില്‍ ഇതുവരെ ഫോമിലെത്താന്‍ സാധിക്കാത്ത ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന് ഈ കളിയിലും തിളങ്ങാനായില്ല. ക്രീസിന് പുറത്തേക്കിറങ്ങി നിന്നു ബാറ്റ് ചെയ്ത ഫിഞ്ചിനെ ഭുവി വീഴ്ത്തുകയായിരുന്നു. 14 റണ്‍സെടുത്ത ഫിഞ്ച് വിക്കറ്റിന് വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് ക്രീസ് വിട്ടത്. ഓസീസ് രണ്ടിന് 27.

ചഹലിന്റെ ഇരട്ടപ്രഹരം
രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി വീരനായ ഷോണ്‍ മാര്‍ഷും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഓസീസിനെ കരകയറ്റവെയാണ് ചഹലിലൂടെ ഇന്ത്യയുടെ ഇരട്ടപ്രഹരം.
മാര്‍ഷിനെയും ഖവാജയെയും ഒരേ ഓവറില്‍ പുറത്താക്കിയ ചഹല്‍ ഓസീസിനെ സ്തബ്ധരാക്കി. മാര്‍ഷിനെ ചഹലിന്റെ ബൗളിങില്‍ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കിയപ്പോള്‍ ഖവാജയെ ചഹല്‍ സ്വന്തം ബൗളിങില്‍ പിടികൂടി. ഇതോടെ ഓസീസ് നാലിന് 101 റണ്‍സെന്ന നിലയിലേക്കു വീണു.

വീണ്ടും ചഹല്‍
ഓസീസിന്റെ അപകടകാരിയായ ഓള്‍റൗണ്ടറായ മാര്‍ക്കസ് സ്‌റ്റോയ്ണിസിനെ ഇന്ത്യ അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. ചഹലിനു തന്നെയായിരുന്നു വിക്കറ്റ്. 20 പന്തില്‍ ഒരു ബൗണ്ടറിയോടെ 10 റണ്‍സെടുത്ത സ്‌റ്റോയ്ണിസിനെ സ്ലിപ്പില്‍ രോഹിത്താണ് പിടികൂടിയത്. ഓസീസ് അഞ്ചിന് 123.

ഷമിയിലൂടെ ബ്രേക്ക്ത്രൂ
സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ തന്റെ സ്വതസിദ്ധമായ ശൈലയില്‍ ഓസീസിന്റെ സ്‌കോറിങിന് വേഗം കൂട്ടവെയാണ് ഷമി ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി.
ഷമിയുടെ ഷോര്‍ട്ട് ബോളില്‍ ഷോട്ട് കളിച്ച മാക്‌സ്‌വെല്ലിനെ ഭുവി തകര്‍പ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

ചഹല്‍ ഷോ
മെല്‍ബണില്‍ ചഹല്‍ അക്ഷരാര്‍ഥത്തില്‍ തീപ്പൊരി പാറിക്കുന്നതാണ് പിന്നീട് കണ്ടത്. ചഹലിന്റെ മാരക ബൗളിങിനു മുന്നില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനു പിറകെ ഒന്നായി മുട്ടുമടക്കുന്നതാണ് കണ്ട്. ഏഴും എട്ടും ഒമ്പതും വിക്കറ്റുകള്‍ ചഹല്‍ കൊയ്തു.
റിച്ചാര്‍ഡ്‌സനെ (16) കേദാര്‍ ജാദവിനു സമ്മാനിച്ച ചഹല്‍ ഓസീസിന്റെ ടോപ്‌സ്‌കോററായ ഹാന്‍ഡ്‌സോംബിനെ (58) വിക്കറ്റിന് മുന്നില്‍ കുരുക്കി. സംപയെ (8) ചഹല്‍ വിജയ് ശങ്കറിന് സമ്മാനിക്കുകയായിരുന്നു. ഇതോടെ ഓസീസ് ഒമ്പതിന് 228 റണ്‍സെന്ന നിലയിലേക്കു വീണു

ഇന്നിങ്‌സ് അവസാനിപ്പിച്ച് ഷമി
ഓസീസ് ഇന്നിങ്‌സിന് തിരശീലയിട്ടത് ഷമിയായിരുന്നു. ബില്ലി സ്റ്റാന്‍ലേക്കിനെ അക്കൗണ്ട് തുറക്കും മുമ്പ് ഷമി ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ 48.4 ഓവറില്‍ 230 റണ്‍സിന് ഓസീസ് കൂടാരം കയറുകയും ചെയിതു.

രോഹിത്ത് പുറത്ത്
ഓസീസിന്റെ 230 റണ്‍സിന് മറുപടിയില്‍ ഇന്ത്യയുടെ തുടക്കം പതിഞ്ഞതായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. എന്നാല്‍ ഇന്ത്യയുടെ ഈ നീക്കം പാളിപ്പോയി. ടീം സ്‌കോര്‍ 15ല്‍ വച്ച് രോഹിത്തിനെ ഇന്ത്യക്കു നഷ്ടമായി.
17 പന്തില്‍ ഒമ്പത് റണ്‍സെടുത്ത രോഹിത്തിനെ പീറ്റര്‍ സിഡ്‌ലിന്റെ ബൗളിങില്‍ ഷോണ്‍ മാര്‍ഷ് പിടികൂടുകയായിരുന്നു. ഇന്ത്യ ഒന്നിന് 15 റണ്‍സ്.

ധവാനെയും നഷ്ടം
ഇന്ത്യക്ക് അധികം വൈകാതെ മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാനെയും നഷ്ടമായി. തന്റെ പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി അമിതമായി പ്രതിരോധിച്ചു കളിച്ചതാണ് അദ്ദേഹത്തിനും വിനയായത്.
23 റണ്‍സെടുത്ത ധവാന്റെ ഇന്നിങ്‌സില്‍ ഒരു ബൗണ്ടറിയോ സിക്‌സറോ പോലും ഇല്ലായിരുന്നു. 46 പന്തുകളില്‍ നിന്നായിരുന്നു താരം 23 റണ്‍സ് നേടിയത്. മാര്‍ക്കസ് സ്റ്റോയ്ണിസ് ധവാനെ സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.

കോലിയെ വീഴ്ത്തി റിച്ചാര്‍ഡ്‌സന്‍
റണ്‍ചേസില്‍ കേമനായ ഇന്ത്യന്‍ നായകന്‍ കോലിക്ക് പക്ഷെ ഇത്തവണ വലിയ സ്‌കോര്‍ നേടാന്‍ കഴിഞ്ഞില്ല. അര്‍ധസെഞ്ച്വറിക്ക് നാലു റണ്‍സ് മാത്രമകലെ കോലി പുറത്തായി. ജൈ റിച്ചാര്‍ഡ്‌സന്റെ ബൗളിങില്‍ കോലിയെ വിക്കറ്റ് കീപ്പര്‍ കറേ പിടികൂടി.62 പന്തില്‍ മൂന്നു ബൗണ്ടറികളോടയാണ് താരം 46 റണ്‍സെടുത്തത്.
മൂന്നാം വിക്കറ്റില്‍ എംഎസ് ധോണിക്കൊപ്പം 54 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കോലിക്കായിരുന്നു. ഇന്ത്യ മൂന്നിന് 113.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications