സമനിലയോടെ ഇന്ത്യന്‍ തുടക്കം... കരുത്തറിയിച്ച് ബാറ്റിങ് നിര, പൃഥ്വിയുടെ പകരക്കാരനെ കണ്ടെത്തി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് ഇന്ത്യ മോശമാക്കിയില്ല. സമനിലയുമായാണ് കംഗാരുപ്പടയ്ക്കു ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. ബാറ്റിങില്‍ ഇത്തവണ തങ്ങള്‍ കസറുമെന്ന് തെളിയിക്കാനും ഇന്ത്യക്കു കഴിഞ്ഞു. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ഏക പരിശീലന മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ ഇലവനുമായാണ് ഇന്ത്യ സമനില വഴങ്ങിയത്.
മഴയെത്തുടര്‍ന്നു ചതുര്‍ദിന മല്‍സരത്തിന്റെ ആദ്യ ദിനം ഒരോവര്‍ പോലും കളി നടന്നിരുന്നില്ല. യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്കു പരിക്കേറ്റത് മാത്രമാണ് മല്‍സരത്തില്‍ ഇന്ത്യക്കു നേരിട്ട ഏക തിരിച്ചടി.

പൃഥ്വിയുടെ പകരക്കാരന്‍ വിജയ്
പരിക്കിനെ തുടര്‍ന്ന് അഡ്‌ലെയ്ഡില്‍ ഈ മാസം ആറിനാരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ നിന്നും പൃഥ്വി പിന്‍മാറിയിരുന്നു. പകരക്കാരനായി ആരെ കളിപ്പിക്കുമെന്ന ഇന്ത്യയുടെ ആശയക്കുഴപ്പം ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. പൃഥ്വിയുടെ പകരക്കാരന്‍ താന്‍ തന്നെയാണ് സെഞ്ച്വറി നേട്ടത്തോടെയാണ് മുരളി വിജയ് തെളിയിച്ചത്. ഇന്ത്യക്കു വേണ്ടി രണ്ടാമിന്നിങ്‌സാണ് വിജയ് സെഞ്ച്വറിയോടെ കസറിയത്.

ഇന്ത്യക്കു മികച്ച സ്‌കോര്‍
ആദ്യ ഇന്നിങ്‌സിനേക്കാള്‍ ഗംഭീരമായാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ബാറ്റ് വീശിയത്. ഒന്നാമിന്നിങ്‌സില്‍ 186 റണ്‍സിന്റെ ലീഡ് വഴങ്ങേണ്ടിവന്നെങ്കിലും ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ തിരിച്ചടിച്ചു. രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ 211 റണ്‍സെടുത്തു നില്‍ക്കവെയാണ് കളി സമനിലയില്‍ പിരിഞ്ഞത്.
വിജയിയുടെ (129) ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യക്കു കരുത്തായത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 132 പന്തുകളില്‍ 16 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് 129 റണ്‍സെടുത്തത്. ലോകേഷ് രാഹുലും 62 റണ്‍സുമായി തിളങ്ങി. ആദ്യ വിക്കറ്റില്‍ വിജയ്-രാഹുല്‍ സഖ്യം 109 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

ആദ്യ ഇന്നിങ്‌സിലും മിന്നി
ആദ്യ ഇന്നിങ്‌സിലും ഇന്ത്യ ബാറ്റിങില്‍ തിളങ്ങിയിരുന്നു. ഒന്നാമിന്നിങ്‌സില്‍ 358 റണ്‍സ് നേടാന്‍ ഇന്ത്യക്കു സാധിച്ചു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അഞ്ചു പേരാണ് അര്‍ധസെഞ്ച്വറി നേടിയത്. 66 റണ്‍സോടെ പൃഥ്വി ഷാ ഇന്ത്യയുടെ ടോപ്‌സ്‌കോററായി.
ക്യാപ്റ്റന്‍ വിരാട് കോലി 64 റണ്‍സ് നേടി പുറത്തായപ്പോള്‍ അജിങ്ക്യ രഹാനെ (56), ചേതേശ്വര്‍ പുജാര (54), ഹനുമാ വിഹാരി (53) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. മറുപടിയില്‍ ഓസീസ് ഇലവന്‍ ആദ്യ ഇന്നിങ്‌സില്‍ 544 റണ്‍സെടുത്തിരുന്നു. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി മൂന്നും ആര്‍ അശ്വിന്‍ രണ്ടും വിക്കറ്റെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications