കൊൽക്കത്ത: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി നിർത്തുമ്പോൾ ശ്രീലങ്ക നാല് വിക്കറ്റിന് 165 റൺസെടുത്തു. ആറ് വിക്കറ്റുകളും രണ്ട് ദിവസവും ശേഷിക്കേ ഇന്ത്യയെക്കാൾ വെറും 7 റൺസിന് മാത്രം പിന്നിലാണ് അവർ. അർധസെഞ്ചുറികളോടെ മാത്യൂസും തിരിമാനെയുമാണ് ശ്രീലങ്കയുടെ നില ഭദ്രമാക്കിയത്. വേണമെങ്കിൽ ഇന്ത്യയെ തോൽപ്പിക്കാം എന്ന സ്ഥിതിയിലാണ് ശ്രീലങ്ക ഇപ്പോൾ.

നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 172 റൺസിന് ഓളൗട്ടായിരുന്നു. അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാര മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ 29ഉം ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 22ഉം റൺസെടുത്തു. അവസാന വിക്കറ്റുകളിൽ ഭുവനേശ്വർ കുമാർ (13) മുഹമ്മദ് ഷമി എന്നിവർ വലിച്ചടിച്ചാണ് ഇന്ത്യയെ 150 കടത്തിയത്. ലങ്കയ്ക്ക് വേണ്ടി സുരംഗ ലക്മല്‍ നാല് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യയെ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർമാരുടെ തീപ്പന്തുകളാണ് കാത്തിരുന്നത്. വിക്കറ്റിലെ പച്ചപ്പും മഴ നൽകിയ ഈർപ്പവും ലങ്കൻ ഫാസ്റ്റ് ബൗളർമാർ ആവോളം ഉപയോഗിച്ചപ്പോൾ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് മറുപടിയുണ്ടായില്ല. ഇന്ത്യുയുടെ ആദ്യത്തെ ആറ് പേരിൽ അഞ്ച് ബാറ്റ്സ്മാന്‍മാരും രണ്ടക്കം കണ്ടില്ല. കോലിയും രാഹുലും പൂജ്യത്തിനാണ് മടങ്ങിയത്. രഹാനെയും അശ്വിനും നാല് വീതവും ധവാൻ എട്ടും റൺസെടുത്തു. ഇന്ത്യയെ പൊരുതാനുള്ള ഒന്നാം ഇന്നിംഗ്സ് സ്കോറിലെത്തിച്ചതിന് പൂജാരയ്ക്ക് നന്ദി പറയാം.