
സെഞ്ചൂറിയനിലെ പ്രഹരം
സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ട്വന്റി20 മല്‍സരത്തിലേറ്റ പ്രഹരം ഇന്ത്യയുടെ കണ്ണ് തുറപ്പിക്കുന്നതാണ്. പര്യടനത്തില്‍ ആദ്യമായി ഇന്ത്യന്‍ സ്പിന്‍ സെന്‍സേഷന്‍ യുസ്‌വേന്ദ്ര ചഹലിനെ ദക്ഷിണാഫ്രിക്ക തല്ലിച്ചതച്ച മല്‍സരം കൂടിയാണിത്.
ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ ഒരു കൂസലുമില്ലാതെ നേരിട്ടാണ് ആതിഥേയര്‍ ആറു വിക്കറ്റിന്റെ ഗംഭീര വിജയം സ്വന്തമാക്കിയത്.

ചഹല്‍ തിരിച്ചുവരുമോ?
കഴിഞ്ഞ മല്‍സരത്തിലെ ദുരന്ത സ്മരണകളില്‍ നിന്നു മുക്തനായി ചഹല്‍ പൂര്‍വാധികം കരുത്തോടെ ഫോമിലേക്ക് തിരിച്ചെത്തുമോയെന്നതാണ് ആരാധകരുടെ ആശങ്ക. കാരണം താരത്തിന്റെ ആത്മവിശ്വാസം പൂര്‍ണമായും തല്ലിക്കെടുത്തുന്നതായിരുന്നു ദക്ഷിണാഫ്രിക്കന്‍ ആക്രണം.
ഹെന്റിച്ച് ക്ലാസെന്‍ അഞ്ചു സിക്‌സറുകളാണ് ചഹലിനെതിരേ പറത്തിയത്. നാലോവറില്‍ 64 റണ്‍സ് വിട്ടുകൊടുത്ത ചഹല്‍ ഇതോടെ ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബൗളറായി മാറുകയും ചെയ്തിരുന്നു.

ബുംറ മടങ്ങിയെത്തും
പേസ് ബൗളിങില്‍ ഭുവനേശ്വര്‍ കുമാറിന്റെ പങ്കാളിയായ ജസ്പ്രീത് ബുംറയുടെ അഭാവം കഴിഞ്ഞ മല്‍സരത്തില്‍ പ്രകടമായിരുന്നു. അവസാന ഓവറുകളില്‍ പന്തെറിയുന്നതില്‍ മിടുക്കനായ ബുംറയ്ക്ക് കഴിഞ്ഞ മല്‍സരം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അസുഖത്തെ തുടര്‍ന്നായിരുന്നു ഇത്. ബുംറയ്ക്കു പകരമെത്തിയ ശര്‍ദ്ദുല്‍ താക്കൂര്‍ ഒരു വിക്കറ്റ് നേടിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയില്ല.
ശനിയാഴ്ചത്തെ കളിയില്‍ ബുംറ ടീമില്‍ തിരിച്ചെത്തുമെന്നാണ് വിവരം. ഇതോടെ താക്കൂറിനായിരിക്കും പുറത്തു പോവേണ്ടിവരിക.

പ്ലസ് പോയിന്റുകള്‍
രണ്ടാം ട്വന്റി20യില്‍ കനത്ത തോല്‍വിയേറ്റുവാങ്ങിയെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചില പ്ലസ് പോയിന്റുകളുമുണ്ട്. മനീഷ് പാണ്ഡെയുടെയും വെറ്ററന്‍ താരം എംഎസ് ധോണിയുടെയും ബാറ്റിങ് പ്രകടനമായിരുന്നു ഇത്.
മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ആദ്യമായി പരാജയപ്പെട്ട പരമ്പരയില്‍ പാണ്ഡെയും ധോണിയും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ദക്ഷിണാഫ്രിക്കയ്ക്കു വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം നല്‍കാന്‍ ഇന്ത്യയെ സഹായിച്ചത്.
പുറത്താവാതെ പാണ്ഡെ 48 പന്തില്‍ 79ഉം ധോണി 28 പന്തില്‍ 52ഉം റണ്‍സെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ അര്‍ധസെഞ്ചറിയെന്ന ധവാന്റെ റെക്കോര്‍ഡിനൊപ്പവും ധോണിയെത്തിയിരുന്നു.

കാര്യമായ മാറ്റങ്ങളുണ്ടാവില്ല
രണ്ടാം ട്വന്റി20യില്‍ കളിച്ച ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തി പരീക്ഷണത്തിന് മുതിരാന്‍ ഇന്ത്യക്കു താല്‍പ്പര്യമുണ്ടാവില്ല. താക്കൂറിനു പകരം ബുംറ തിരിച്ചെത്തുന്നതൊഴിച്ചാല്‍ അതേ ടീമിനെത്തന്നെ ഇന്ത്യ പരീക്ഷിക്കാനാണ് സാധ്യത.

റെയ്‌നയുടെ ലക്ഷ്യം വലിയ ഇന്നിങ്‌സ്
ഒരു ഇടവേളയ്ക്കു ശേഷം ദേശീയ ടീമിലെത്തിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.
ആദ്യ കളിയില്‍ 11 മല്‍സരങ്ങളില്‍ നിന്നും രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 15ഉം രണ്ടാമത്തെ മല്‍സരത്തില്‍ 24 പന്തില്‍ അഞ്ചു ബൗണ്ടറികളടക്കം 31ഉം റണ്‍സ് റെയ്‌ന നേടിയിരുന്നു.
രണ്ട് ഇന്നിങ്‌സുകളും ഗംഭീരമായാണ് റെയ്‌ന തുടങ്ങിയതെങ്കിലും അവ വലിയ സ്‌കോറിലെത്തിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ മൂന്നാമത്തെ മല്‍സരത്തില്‍ വലിയ ഇന്നിങ്‌സ് കളിച്ച് നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയാവും റെയ്‌നയുടെ ലക്ഷ്യം.

വിന്റേജ് ധോണി
കരിയറിന്റെ തുടക്കകാലത്തെ ധോണിയെ ഇന്ത്യക്കു തിരിച്ചുകിട്ടിയ മല്‍സരം കൂടിയായിരുന്നു രണ്ടാം ട്വന്റി20. തന്റെ കാലം കഴിഞ്ഞെന്ന് മുറിവിളി കൂട്ടിയവരുടെ വായടപ്പിക്കുന്ന ബാറ്റിങാണ് ധോണി കാഴ്ചവച്ചത്. 28 പന്തുകള്‍ നേരിട്ട അദ്ദേഹം നാലു ബൗണ്ടറികളും മൂന്നു സിക്‌സറും പായിച്ചു.
നിര്‍ണാകമായ മൂന്നാമത്തെ കളിയിലും ഇത്തരമൊരു ഇന്നിങ്‌സാണ് ധോണിയില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ക്ലാസെനെ കരുതിയിരിക്കുക
ഈ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ കണ്ടെത്തലായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്ലാസെന്‍ മാറിക്കഴിഞ്ഞു. പരിക്കേറ്റ ക്വിന്റണ്‍ ഡി കോക്കിനു പകരം ടീമിലെത്തിയ ക്ലാസെന്‍ തന്റെ സ്ഥാനമുറപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഡികോക്കിന്റെ തിരിച്ചുവരവിനു പോലും ഭീഷണിയായി ക്ലാസെന്‍ മാറിക്കഴിഞ്ഞു.
രണ്ടാം ട്വന്റിയില്‍ കളി ഇന്ത്യയിലേക്ക് നീങ്ങവെ ക്ലാസെന്റെ കടന്നാക്രമണമാണ് ദക്ഷിണാഫ്രിക്കയെ തിരിച്ചുകൊണ്ടുവന്നത്.
30 പന്തില്‍ മൂന്നു ബൗണ്ടറികളും ഏഴു സിക്‌സറുകളുമടക്കം 69 റണ്‍സാണ് ക്ലാസെന്‍ വാരിക്കൂട്ടിയത്. ഇതില്‍ അഞ്ചു സിക്‌സറും ചഹലിനെതിരേയായിരുന്നു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ക്ലാസെനാണ്.


Click it and Unblock the Notifications