വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: വാട്ട് എ മാച്ച്... ഇതാണ് കളി, ത്രില്ലറില്‍ ഇന്ത്യക്കു ടൈ കെട്ടി അഫ്ഗാന്‍

ഇന്ത്യ നേരത്തേ ഫൈനലില്‍ കടന്നിരുന്നു

By Manu

1
44056
ആരും തോല്‍ക്കാത്ത മത്സരം | Asia Cup 2018 | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ അപ്രസക്തമായ മല്‍സരമെന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ- അഫ്ഗാനിസ്താന്‍ പോരാട്ടം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ക്ലാസിക്കുകളിലൊന്നായി മാറി. കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രില്ലര്‍ ടൈയില്‍ കലാശിക്കുകായായിരുന്നു. ട്വന്റി20യിലേതു പോലു സൂപ്പര്‍ ഓവര്‍ ഇല്ലാത്തതിനാല്‍ ഇരുടീമും ജയം പങ്കിട്ടു ഗ്രൗണ്ട് വിടുകയായിരുന്നു.

1

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷഹ്‌സാദിന്റെ (124) തീപ്പൊരി സെഞ്ച്വറിയുടെ മികവില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒരു പന്ത് ശേഷിക്കെ ഇന്ത്യയുടെ മറുപടി ഇതേ സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. അവസാന രണ്ടു പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ ഒരു റണ്‍സ് മതിയായിരുന്നു. എന്നാല്‍ ജഡേജയെ മിഡ് വിക്കറ്റില്‍ നജീബുള്ളയുടെ കൈകളിലെത്തിച്ച് റാഷിദ് ഖാന്‍ അഫ്ഗാന് ത്രസിപ്പിക്കുന്ന സമനില സമ്മാനിച്ചപ്പോള്‍ ഇന്ത്യ അവിശ്വസനീയതോടെ നിന്നു. ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ (60), അമ്പാട്ടി റായുഡു (57) എന്നിവരെക്കൂടാതെ ദിനേഷ് കാര്‍ത്തിക് (44) മാത്രമേ ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയുള്ളൂ. ജഡേജ 25 റണ്‍സ് നേടി. മറ്റുള്ളവരൊന്നും 20 കടന്നില്ല. അഫ്ഗാനു വേണ്ടി റാഷിദ്, അഫ്താബ് ആലം, മുഹമ്മദ് നബി എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. 66 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സെങ്കില്‍ റായുഡു 49 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറും പായിച്ചു.

116 പന്തില്‍ 11 ബൗണ്ടറികളും ഏഴു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഷഹ്‌സാദിന്റെ ഇന്നിങ്‌സ്. കരിയറിലെ അഞ്ചാമത്തെയും ഇന്ത്യക്കെതിരേ ആദ്യത്തെയും സെഞ്ച്വറിയാണ് ഷഹ്‌സാദ് നേടിയത്. ഷഹ്‌സാദിനെക്കൂടാതെ മുഹമ്മദ് നബിയാണ് അഫ്ഗാന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 56 പന്തുകളില്‍ നിന്നും മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെടെ നബി 64 റണ്‍സ് നേടി. നജീബുള്ള സദ്രാനാണ് (20) 20 റണ്‍സ് തികച്ച മറ്റൊരു താരം. ഇന്ത്യക്കു വേണ്ടി രവീന്ദ്ര മൂന്നു വിക്കറ്റെടുത്തേേപ്പാള്‍ കുല്‍ദീപ് യാദവിനു രണ്ടു വിക്കറ്റ് ലഭിച്ചു. ഷഹ്‌സാദാണ് മാന്‍ ഓഫ് ദി മാച്ച്.

2

Sep 26, 2018, 1:10 am IST

ഇന്ത്യയുടെ മറുപടി 252 റണ്‍സില്‍ അവസാനിച്ചു. ഇതോടെ മല്‍സരം ടൈ ആയി.

Sep 26, 2018, 1:03 am IST

അവസാന ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് ഏഴ് റണ്‍സ്. റാഷിദാണ് നിര്‍ണായക ഓവര്‍ ബൗള്‍ ചെയ്യുന്നത്‌

Sep 26, 2018, 1:01 am IST

ഇന്ത്യ തോല്‍വിയിലേക്ക്. ഒമ്പത് വിക്കറ്റുകള്‍ നഷ്ടം. 49.4 ഓവറില്‍ ഒമ്പതിന് 245 റണ്‍സ്.

Sep 26, 2018, 12:40 am IST

ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്കു തിരിച്ചടിയേകി ചഹര്‍ (12) പുറത്ത്. അഫ്താബ് ആലം ചഹറിനെ ക്ലീന്‍ബൗള്‍ഡാക്കി. 45 ഓവറില്‍ ഇന്ത്യ ഏഴിന് 226. ജയിക്കാന്‍ 30 പന്തില്‍ 20 റണ്‍സ് കൂടി വേണം

Sep 26, 2018, 12:29 am IST

മല്‍സരം ത്രസിപ്പിക്കുന്ന ക്ലൈമാക്‌സിലേക്ക്. 43 ഓവറില്‍ ഇന്ത്യ ആറിന് 216. 42 പന്തില്‍ 37 റണ്‍സാണ് ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത്. ജഡേജയും (6*) ചഹറും (6*) ക്രീസില്‍

Sep 26, 2018, 12:15 am IST

ഇന്ത്യയുടെ ആറാം വിക്കറ്റും വീണു. കാര്‍ത്തികിനെ (44) നബി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 40 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ ആറിന് 207. ചഹര്‍ (2*) ജഡേജ (0) ക്രീസില്‍

Sep 26, 2018, 12:11 am IST

ജാദവ് (19) നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്ത്. കാര്‍ത്തികിന്റെ ഷോട്ട് ബൗളര്‍ മുജീബുറിന്റെ കൈകളില്‍ തട്ടി നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുള്ള വിക്കറ്റില്‍ പതിക്കുകയായിരുന്നു. അംപയര്‍ തേര്‍ഡ് അംപയര്‍ക്കു തീരുമാനം വിട്ടു. അഫ്ഗാന് പ്രതീക്ഷ നല്‍കി തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചു. ഇന്ത്യ 39 ഓവറില്‍ അഞ്ചിന് 205

Sep 26, 2018, 12:03 am IST

ഇന്ത്യ ജയത്തോട് അടുക്കുന്നു. സ്‌കോര്‍ 200 പൂര്‍ത്തിയായി. 38 ഓവര്‍ കഴിഞ്ഞപ്പോള്‍ നാലിന് 202 റണ്‍സ്. 12 ഓവറില്‍ 51 റണ്‍സ് കൂടിയാണ് ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത്. കാര്‍ത്തിക് (42*), ജാദവ് (18*)

Sep 25, 2018, 11:31 pm IST

ഇന്ത്യക്കു നാലാം വിക്കറ്റ് നഷ്ടം. മനീഷ് പാണ്ഡെ (8) പുറത്ത്. അഫ്താബ് ആലമിന്റെ ബൗളിങില്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും ബാറ്റിന് അരികില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ ഷഹ്‌സാദ് അനായാസം കൈക്കുള്ളിലാക്കി. ഇന്ത്യ 31 ഓവറില്‍ നാലിന് 172

Sep 25, 2018, 11:06 pm IST

ധോണി (8) പുറത്ത്. മികച്ച തുടക്കത്തിനു ശേഷം ഇന്ത്യയുടെ നില പരുങ്ങലില്‍. മൂന്നാമത്തെ വിക്കറ്റും നഷ്ടമായി. തട്ടിയും മുട്ടിയും ക്രീസില്‍ നിന്ന ധോണി ജാവേദ് അഹമ്മദിയുടെ ബൗളിങില്‍ എല്‍ബിഡബ്ല്യുയാവുകയായിരുന്നു. ഇന്ത്യ 26 ഓവറില്‍ മൂന്നിന് 143

Sep 25, 2018, 10:44 pm IST

രാഹുലിന്റെ വിക്കറ്റും ഇന്ത്യക്കു നഷ്ടമായി (60). റാഷിദാണ് രാഹുലിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. അംപയറുടെ തീരുമാനത്തിനെതിരേ രാഹുല്‍ റിവ്യു വിളിച്ചെങ്കിലും വിധിയില്‍ മാറ്റമുണ്ടായില്ല. ഇന്ത്യ 20.4 ഓവറില്‍ രണ്ടിന് 127

Sep 25, 2018, 10:30 pm IST

റായുഡുവിന് പിന്നാലെ രാഹുലും ഫിഫ്റ്റി തികച്ചു. ഈ ടൂര്‍ണമെന്റില്‍ ആദ്യമായി കളിച്ച മല്‍സരത്തില്‍ തന്നെ അദ്ദേഹം ഫിഫ്റ്റിയുമായി മികവ് തെളിയിച്ചു. 56 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും രാഹുലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു

Sep 25, 2018, 10:25 pm IST

റായുഡു പുറത്ത് (57). നബിക്കെതിരേ സിക്‌സറിനു ശ്രമിച്ച റായുഡുവിനെ ലോങ് ഓണില്‍ നജീബുള്ള പിടികൂടുകയായിരുന്നു. ഇന്ത്യ ഒന്നിന് 110

Sep 25, 2018, 10:20 pm IST

റായുഡുവിന് ഫിഫ്റ്റി. ഇന്ത്യന്‍ സ്‌കോര്‍ 100 കടക്കുകയും ചെയ്തു. 16 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 103. റായുഡു (51*), രാഹുല്‍ (48*)

Sep 25, 2018, 9:58 pm IST

10 ഒാവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 64 റണ്‍സ്. രാഹുല്‍ (30*), റായുഡു (30*). 40 ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 189 റണ്‍സ്‌

Sep 25, 2018, 9:49 pm IST

ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം. എട്ടോവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് പോവാതെ 40 റണ്‍സ്. രാഹുല്‍ (12*), റായുഡു (24*)

Sep 25, 2018, 9:22 pm IST

ഇന്ത്യയുടെ റണ്‍ചേസിനു തുടക്കം. ലോകേഷ് രാഹുലും അമ്പാട്ടി റായുഡുവുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് പോവാതെ 10. രാഹുല്‍ (5*), റായുഡു (1*)

Sep 25, 2018, 8:37 pm IST

അഫ്ഗാന്റെ ഇന്നിങ്‌സ് അവസാനിച്ചു. എട്ടു വിക്കറ്റിന് 252 റണ്‍സാണ് അഫ്ഗാന്‍ നേടിയത്. റാഷിദ് ഖാന്‍ (12*), അഫ്താബം ആലം (2) പുറത്താവാതെ നിന്നു

Sep 25, 2018, 8:24 pm IST

മുഹമ്മദ് നബി (64) പുറത്ത്. വെടിക്കെട്ട് ഇന്നിങ്‌സ് കാഴ്ചവച്ച നബിയെ ഖലീല്‍ അഹമ്മദിന്റെ ബൗളിങില്‍ കുല്‍ദീപ് യാദവ് കവറില്‍ പിടികൂടി. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ കാര്‍ത്തികും കുല്‍ദീപും കൂട്ടിയിടിച്ചു വീണെങ്കിലും ക്യാച്ച് പാഴായില്ല. അഫ്ഗാന്‍ എട്ടിന് 244

Sep 25, 2018, 8:11 pm IST

അഫ്ഗാന്റെ ഏഴാം വിക്കറ്റും ഇന്ത്യ പിഴുതു. നജീബുള്ള സദ്രാനെ(20) 45ാം ഓവറിലെ ആദ്യ പന്തില്‍ ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കി. അഫ്ഗാന്‍ ഏഴിന് 226.

Sep 25, 2018, 7:52 pm IST

40 ഓവറില്‍ അഫ്ഗാന്‍ ആറു വിക്കറ്റിന് 186. മുഹമ്മദ് നബി (29*), നജീബുള്ള (7*)

Sep 25, 2018, 7:43 pm IST

38 ഓവറില്‍ അഫ്ഗാന്‍ ആറിന് 180. മുഹമ്മദ് നബി (26*), നജീബുള്ള സദ്രാന്‍ (0) ക്രീസില്‍

Sep 25, 2018, 7:42 pm IST

ഷഹ്‌സാദ് പുറത്ത് (124). ഇന്ത്യന്‍ ബൗളര്‍മാരെ കണക്കറ്റ് ശിക്ഷിച്ച ഷഹ്‌സാദിനെ ജാദവിന്റെ ബൗളിങില്‍ ദിനേഷ് കാര്‍ത്തിക് പിടികൂടുകയായിരുന്നു. 116 പന്തില്‍ 11 ബൗണ്ടികളും ഏഴു സിക്‌സറുമുള്‍പ്പെട്ടതാണ് ഷഹ്‌സാദിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്‌

Sep 25, 2018, 7:16 pm IST

32 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഫ്ഗാന്‍ അഞ്ചിന് 146. ഷഹ്‌സാദ് (114*), മുഹമ്മദ് നബി (3*)

Sep 25, 2018, 7:16 pm IST

ഗുല്‍ബദിന്‍ നയ്ബ് (15) പുറത്ത്. ചഹറിന്റെ ബൗളിങില്‍ നയ്ബിനെ ബൗണ്ടറിന് ലൈനിന് അരികില്‍ വച്ച് ജാദവ് പിടികൂടി. അരങ്ങേറ്റക്കാരനായ ചഹലിന്റെ കന്നി ഏകദിന വിക്കറ്റാണിത്. അഫ്ഗാന്‍ അഞ്ചിന് 133

Sep 25, 2018, 7:02 pm IST

ഷഹ്‌സാദിന് സെഞ്ച്വറി.. ഇന്ത്യക്കെതിരേ താരത്തിന്റെ കന്നി സെഞ്ച്വറി. റാങ്കിങില്‍ ആദ്യ 10ലുള്ള ടീമിനെതിരേ അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നതും ഇതാദ്യം. 89 പന്തില്‍ 10 ബൗണ്ടറികളും ആറു സിക്‌സറുമുള്‍പ്പെട്ടതാണ് ഷഹ്‌സാദിന്റെ സെഞ്ച്വറി.

Sep 25, 2018, 6:35 pm IST

അഫ്ഗാന്‍ 21 ഓവര്‍ കഴിഞ്ഞപ്പോള്‍ നാലിന് 110. ഷഹ്‌സാദ് (94), ഗുല്‍ബദിന്‍ (3*) ക്രീസില്‍

Sep 25, 2018, 6:24 pm IST

അഫ്ഗാന്റെ സ്‌കോര്‍ 100 തികഞ്ഞു. 19 ഓവറില്‍ നാലിന് 100, ഷഹ്‌സാദ് (86*), ഗുല്‍ബദിന്‍ (1*)

Sep 25, 2018, 6:12 pm IST

അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ ഗോള്‍ഡന്‍ ഡെക്ക്. കുല്‍ദീപിന്റെ കറങ്ങിത്തിരിഞ്ഞുവന്ന പന്തില്‍ ബൗള്‍ഡായപ്പോള്‍ അസ്ഗര്‍ സ്തബ്ധനായി നിന്നു. അഫ്ഗാന്‍ നാലിന് 82

Sep 25, 2018, 6:09 pm IST

അഫ്ഗാന്റെ മൂന്നാം വിക്കറ്റും വീണു. 16ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ കുല്‍ദീപിനെതിരേ ക്രീസിന് പുറത്തേക്ക് ഇറങ്ങി കളിക്കാന്‍ ശ്രമിച്ച ഹഷ്മത്തുള്ളയെ (0) ധോണി സ്റ്റംപ് ചെയ്തു പുറത്താക്കി

Sep 25, 2018, 6:04 pm IST

15 ഓവര്‍ കഴിഞ്ഞപ്പോള്‍ അഫ്ഗാന്‍ രണ്ടിന് 81, ഷഹ്‌സാദ് (69*), ഹഷ്മത്തുള്ള (0) ക്രീസില്‍

Sep 25, 2018, 6:03 pm IST

അഫ്ഗാന്റെ രണ്ടാം വിക്കറ്റും പിഴുതു. റഹ്മത്ത് ഷായെ (3) ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു

Sep 25, 2018, 5:55 pm IST

ഇന്ത്യക്ക് ആദ്യ ബ്രേക് ത്രൂ. 13ാം ഓവറില്‍ ജഡേജയുടെ നാലാമത്തെ പന്തില്‍ ജാവേദിനെ (5) ധോണി സ്റ്റംപ് ചെയ്തു പുറത്താക്കി. അഫ്ഗാന്‍ ഒന്നിന് 65

Sep 25, 2018, 5:43 pm IST

ഷഹ്‌സാദ് ഫിഫ്റ്റി തികച്ചു. ടൂര്‍ണമെന്റില്‍ താരത്തിന്റെ രണ്ടാമത്തെ ഫിഫ്റ്റിയാണിത്. 37 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും ഇതില്‍പ്പെടുന്നു. ഒമ്പതോവറില്‍ അഫ്ഗാന്‍ 57/0. ഷഹ്‌സാദ് (50*), ജാവേദ് (3*)

Sep 25, 2018, 5:25 pm IST

അഫ്ഗാന് മികച്ച തുടക്കം. അഞ്ചോവര്‍ കഴിയുമ്പോള്‍ വിക്കറ്റ് പോവാതെ 35. ഷഹ്‌സാദ് (28*), ജാവേദ് (3*) ക്രീസില്‍

Sep 25, 2018, 5:21 pm IST

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

നേരത്തേ തന്നേ ഫൈനലുറപ്പിച്ച ഇന്ത്യ അടിമുടി മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ദീര്‍ഘകാലത്തിനു ശേഷം എംഎസ് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ കളിച്ച മല്‍സരം കൂടിയാണിത്. നായകന്‍ രോഹിത് ശര്‍മയ്ക്കും വൈസ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനും വിശ്രമം അനുവദിച്ചതോടെയാണ് ധോണി വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്. രോഹിത്തിനെക്കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരും ഈ മല്‍സരത്തില്‍ കളിച്ചില്ല. 696 ദിവസങ്ങള്‍ക്കു ശേഷമാണ് ധോണിക്കു കീഴില്‍ ഇന്ത്യ ഏകദിനം കളിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ 200ാമത്തെ മല്‍സരം കൂടിയാണിത്. പുതുമുഖ പേസര്‍ ദീപക് ചഹാര്‍ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- എംഎസ് ധോണി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ദീപക് ചഹര്‍, സിദ്ധാര്‍ഥ് കൗള്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്

അഫ്ഗാനിസ്താന്‍- അസ്ഗര്‍ അഫ്ഗാന്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഷഹ്‌സാദ്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഗുല്‍ബദിന്‍ നയ്ബ്, മുജീബുര്‍ റഹ്മാന്‍, അഫ്താബ് ആലം.

Story first published: Wednesday, September 26, 2018, 1:40 [IST]
Other articles published on Sep 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X